സൗദിയിൽ സപ്പോട്ട കൃഷി വിജയകരം -കൃഷി മന്ത്രാലയം
text_fieldsറിയാദ്: ജിസാൻ, അസീർ, കിഴക്കൻ പ്രവിശ്യ തുടങ്ങിയ സൗദി അറേബ്യയിലെ നിരവധി പ്രദേശങ്ങളിൽ സപ്പോട്ട മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് വിജയം കണ്ടതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. ഈ നടപടി രാജ്യത്തിന്റെ കാർഷിക, സാമ്പത്തിക വൈവിധ്യത്തിന് വിലപ്പെട്ട കൂട്ടിച്ചേർക്കലാണെന്നും അദ്ദേഹം പറഞ്ഞു. സപ്പോട്ടയുടെ ജന്മദേശം മധ്യ അമേരിക്കയാണ്. ഇടത്തരം വലിപ്പമുള്ള നിത്യഹരിത വൃക്ഷമാണിത്.
20 മീറ്റർ ഉയരത്തിൽ വളരുന്നു. ഇതിന്റെ പഴങ്ങൾ ജാം, മിൽക് ഷേക്ക്, മധുരപലഹാരങ്ങൾ, ഡെന്റൽ ഫില്ലിങ് തുടങ്ങിയവക്ക് ഉപയോഗിക്കുന്നു. ഇത് ഈ കൃഷിയുടെ വാണിജ്യ, സാമ്പത്തിക മൂല്യം വർധിപ്പിക്കുന്നതാണ്. രാജ്യത്തെ പാരിസ്ഥിതിക സാഹചര്യങ്ങളുമായി വളരെ പൊരുത്തപ്പെടുന്നതാണ് ഈ ഫലവൃക്ഷം.
വരണ്ടതും ചൂടുള്ളതുമായ പ്രദേശങ്ങളിലാണ് സാധാരണയിത് വളരുന്നത്. 52 ഡിഗ്രി സെൽഷ്യസ് വരെ താപനിലയെ ഉൾക്കൊള്ളാൻ ഇതിന് കഴിയും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സപ്പോട്ട മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ വിജയം വരിച്ചത് ഗുണകരമാണ്.
കാർഷികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിലും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിലും ഇത്തരത്തിലുള്ള കൃഷിയുടെ വലിയ സാധ്യതകളാണ് തുറക്കുന്നതെന്നും മന്ത്രാലയം സൂചിപ്പിച്ചു. സപ്പോട്ട സാമ്പത്തികമായി മാത്രമല്ല, കാർഷിക വൈവിധ്യം വർധിപ്പിക്കുകയും രാജ്യത്ത് പാരിസ്ഥിതിക സുസ്ഥിരത നിലനിർത്തുകയും ചെയ്യുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.