ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യറ്റിവ് സമ്മേളനം സമാപിച്ചു
text_fieldsറിയാദ്: നിക്ഷേപത്തിന്റെ അനന്ത സാധ്യതകൾ മാത്രമല്ല പ്രതിസന്ധികളും ചർച്ച ചെയ്ത എട്ടാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യറ്റിവ് അന്താരാഷ്ട്ര സമ്മേളനത്തിന് റിയാദിൽ തിരശ്ശീല വീണു.
ചൊവ്വ മുതൽ വ്യാഴം വരെ റിയാദ് ദറഇയയിലെ റിയാദിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള വിദഗ്ധരും ബിസിനസ് മേഖലയിലെ പ്രമുഖരും ബഹുരാഷ്ട്ര കമ്പനികളും വ്യവസായ സംരംഭകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യൻ വാണി വ്യവസായ മന്ത്രി പീയൂഷ് ഗോയലും പങ്കെടുത്ത് പ്രഭാഷണം നടത്തി.
‘ഒരു അനന്തമായ ചക്രവാളം, നാളെയെ രൂപപ്പെടുത്താൻ ഇന്ന് നിക്ഷേപിക്കുന്നു’ എന്ന ടാഗ്ലൈനിൽ നടന്ന സമ്മേളനത്തിൽ 5,000 അതിഥികളും 500 പ്രഭാഷകരുമാണ് പങ്കെടുത്തത്.
200 സെഷനുകളിലായി ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങൾ, ആഗോള സമ്പദ് വ്യവസ്ഥയിൽ ആഫ്രിക്കയുടെ പങ്ക്, നേതൃത്വസ്ഥാനങ്ങളിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കൽ, സാമ്പത്തിക സ്ഥിരത, തുല്യ വികസനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ, സൈബർ സുരക്ഷ, നിർമിത ബുദ്ധി, നവീകരണം, ആരോഗ്യം, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു. സമ്മേളനം സമാപിച്ചത് ബിസിനസ് സംരംഭകത്വ മേലയെ ഉത്തേജിപ്പിക്കുന്ന നിരവധി കരാറുകൾ ബാക്കിയാക്കിയാണ്. നിരവധി ദേശീയ, അന്തർദേശീയ ബിസിനസ് ഉടമ്പടികളാണുണ്ടായത്.
ലോകത്തെ പ്രമുഖ കമ്പനികളും വൻകിട നിക്ഷേപകരും എല്ലാം സംഗമിച്ച സമ്മേളനത്തിൽ രാജ്യത്തെ സുപ്രധാന പൊതു, സ്വകാര്യ മേഖലാ കമ്പനികൾ അന്താരാഷ്ട്ര പങ്കാളികളുമായി നിരവധി ബിസിനസ് ഉടമ്പടികളിൽ ഏർപ്പെട്ടു. അരാംകോയും റിയാദ് എയറും കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻററുമെല്ലാം ഇതുപോലെ സുപ്രധാന കരാറുകൾ ഒപ്പിട്ടു. പലതും അവരവരുടെ മുന്നോട്ടുള്ള യാത്രകളിൽ വലിയ നാഴികക്കല്ലാവുന്ന കരാറുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.