'ഭാവി നിക്ഷേപ സംരംഭം': നാലാം ആഗോള നിക്ഷേപസംഗമം
text_fieldsറിയാദ്: സൗദിയിലെ നിക്ഷേപാവസരങ്ങളും സാധ്യതകളും ലോകത്തെ പരിചയപ്പെടുത്തുന്ന ആഗോള നിക്ഷേപ സംഗമം (ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഇനീഷ്യേറ്റിവ്) കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിൽ ഇൗ മാസം റിയാദിൽ നടക്കും. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടാണ് (പൊതുനിക്ഷേപ നിധി) സംഘാടകർ.
ലോകത്തെ മുഴുവൻ സൗദിയിലെ നിക്ഷേപരംഗത്തേക്ക് ക്ഷണിക്കുന്ന ഇൗ സംഗമത്തിെൻറ നാലാം എഡിഷനാണ് റിയാദിൽ 27, 28 തീയതികളിലായി നടക്കുന്നത്. കോവിഡ് മാറ്റിമറിച്ച ലോകക്രമത്തെ അടയാളപ്പെടുത്തുകയും പുതുയുഗമാണിനി എന്ന് സൂചന നൽകുകയും ചെയ്യുന്ന 'നവീന നവോത്ഥാനം'എന്ന തലക്കെട്ടിലാണ് ഇത്തവണ പ്രധാന ചർച്ചകൾ. 2020 ഒക്ടോബർ 28, 29 തീയതികളിൽ റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം കോവിഡ് കാരണമാണ് ജനുവരിയിലേക്ക് മാറ്റി നിശ്ചയിച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി രാജ്യങ്ങളുടെ പ്രതിനിധികളും വ്യവസായസംരംഭകരുമായി 140 ക്ഷണിതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
കോവിഡ് സാഹചര്യത്തിലെ നിക്ഷേപ വികസനസാധ്യതകളാണ് സമ്മേളനം ചർച്ചചെയ്യുക. 27ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ ഒ. അല്‍ റുമയ്യാെൻറ ആമുഖപ്രഭാഷണത്തോടെ സമ്മേളനത്തിന് തുടക്കം കുറിക്കും.
കോവിഡ് സാഹചര്യത്തിലെ സാമ്പത്തിക സ്ഥിതിയും വികസന നിക്ഷേപസാധ്യതകളും സംബന്ധിച്ച് വിശദമായ ആലോചനകളും ചർച്ചകളും രണ്ടു ദിവസവും നടക്കും. 60 പ്രഭാഷകരും സംരംഭകരും ഉച്ചകോടിയിൽ നേരിട്ടെത്തും. ബാക്കിയുള്ള 80 പേർ വെർച്വലായാണ് സമ്മേളനത്തിൽ സംബന്ധിക്കുക. ഇവർക്കായി ന്യൂയോർക്, പാരിസ്, ബെയ്ജിങ്, മുംബൈ എന്നിവിടങ്ങളിൽ പ്രത്യേക ഓൺലൈൻ ഹബ്ബൊരുക്കിയിട്ടുണ്ട്. സൗദിയുടേതിന് പുറമെ ബ്രിട്ടൻ, യൂറോപ്പ്, ജി.സി.സി എന്നിവിടങ്ങളിലെ മന്ത്രിമാർ സമ്മേളനത്തിലുണ്ടാകും.
ലോകത്തെ വൻകിട സംരംഭകരും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയിൽനിന്നു വ്യവസായ പ്രമുഖൻ മുകേഷ് അംബാനി സംസാരിക്കും. സൗദിയിലെ നിക്ഷേപസാധ്യത പരിചയപ്പെടുത്താൻ ഉദ്ദേശിച്ച് കിരീടാവകാശിയുടെ നേതൃത്വത്തിൽ 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഇനീഷ്യേറ്റിവ്'എന്ന പേരിൽ ആഗോള നിക്ഷേപസംഗമത്തിന് 2017ലായിരുന്നു തുടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.