ഭാവി നിക്ഷേപ ഉച്ചകോടി; ചരക്കുനീക്ക വെല്ലുവിളി നേരിടാൻ കൂട്ടായശ്രമം വേണം
text_fieldsറിയാദ്: ആഗോള തലത്തിൽ ചരക്കുനീക്കത്തിലുള്ള വെല്ലുവിളികൾ നേരിടാൻ കൂട്ടായ പരിശ്രമം വേണമെന്ന് ഭാവിനിക്ഷേപ ഉച്ചകോടിയിലെ പ്ലീനറി സെഷനുകളിൽ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സൗദി കിരീടാവകാശി പ്രഖ്യാപിച്ച പുതിയ ലോജിസ്റ്റിക്സ് നയതന്ത്രം ഈ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് വ്യവസായ പ്രമുഖർ അഭിപ്രായപ്പെട്ടു. ലോജിസ്റ്റിക്സ് മേഖലയിൽ സൗദിയിലുള്ള പുതിയ നിക്ഷേപ സാധ്യതകളും സംഗമത്തിൽ ചർച്ചയായി.
സാമ്പത്തിക പ്രതിസന്ധികൾക്കൊപ്പം ചരക്കുനീക്കത്തിൽ വന്ന തിരിച്ചടികൾ പോയ വർഷങ്ങളിലും നിലവിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് മറികടക്കാനുള്ള വഴികളും വ്യവസായികൾ ഇതിനെ നേരിട്ടതുമായിരുന്നു ഉച്ചകോടിയിലെ പ്രധാന ചർച്ചവിഷയം.
ചൈനയിൽനിന്ന് അമേരിക്കയിലേക്ക് 2,000 ഡോളറുണ്ടായിരുന്ന ഷിപ്പിങ് നിരക്ക് നിലവിൽ 20,000 ഡോളറായെന്നാണ് കണക്ക്. പുതിയ യുദ്ധക്കെടുതികളും പ്രതിസന്ധി രൂക്ഷമാക്കി. കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയായി. ചരക്കുനീക്കത്തിലെ പ്രതിസന്ധികൾ വരുംവർഷങ്ങളിൽ ഗുരുതരമാകുമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. ഇതിനെ പ്രതിരോധിക്കാൻ കൂട്ടായ ശ്രമം വേണം. സൗദി കിരീടാവകാശി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചരക്കുനീക്ക നയതന്ത്രം ഈ രംഗത്ത് നേട്ടമാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.
കോവിഡ് കാലത്ത് വിമാനങ്ങൾപോലും വിട്ടുതന്ന് ചരക്കെത്തിക്കാൻ സൗദി ഭരണകൂടം തയാറായി. ഇതുപോലുള്ള വഴികൾ ഭരണകൂടങ്ങൾ തുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരക്കുനീക്ക പ്രതിസന്ധികൾ നേരിടാൻ ഭരണകൂടങ്ങളുടെ പിന്തുണ അനിവാര്യമാണെന്നാണ് ചർച്ചയിൽ വന്ന പ്രധാന ആവശ്യം.
ഭക്ഷ്യ പ്രതിസന്ധികൾ നേരിടാൻ പ്രാദേശിക ഉൽപാദനവും വിതരണവും വർധിപ്പിക്കുകയാണ് പ്രായോഗികമായി എളുപ്പമുള്ള മാർഗമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ഏഷ്യൻ സപ്ലൈ ചെയിൻ മേഖലയിലെ അവാൻ ഉമർ, ആമസോൺ പ്രതിനിധി റോണാൾഡോ മൗച്ച് വാർ, കിടോപി ശൃംഖലയുടെ സി.ഇ.ഒ മുഹമ്മദ് ബാലൗട്ട്, ആഫ്രിക്ക
ഫിനാൻസ് കോർപറേഷൻ സി.ഇ.ഒ സമൈല സുബൈറു, സൗദി നിക്ഷേപ മന്ത്രാലയം മുതിർന്ന അഡ്വൈസർ അസ്അദ് അൽ-ജമോഇ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.