ഭാവിനിക്ഷേപ ഉച്ചകോടി: ആദ്യദിവസം ഒപ്പുവെച്ചത് ആറ് ധാരണപത്രങ്ങൾ
text_fieldsജിദ്ദ: റിയാദിൽ നടക്കുന്ന ആറാമത് ഭാവിനിക്ഷേപ ഉച്ചകോടിയുടെ ആദ്യദിനത്തിൽ ഒപ്പുവെച്ചത് ആറ് ധാരണപത്രങ്ങൾ. ഊർജം, ജീവിതനിലവാരം, പ്രതിരോധ വ്യവസായം, ഗതാഗതം, ബയോടെക്‌നോളജി, ധനകാര്യം എന്നീ മേഖലകളിൽ സൗദി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹിന്റെ സാന്നിധ്യത്തിലാണ് ധാരണപത്രങ്ങൾ ഒപ്പുവെച്ചത്. കഴിവുകളും നൈപുണ്യവും മെച്ചപ്പെടുത്താനും വികസിപ്പിക്കാനും മേഖലകളിലെ പ്രധാന വെല്ലുവിളികൾ അഭിമുഖീകരിക്കാനും ആഗോള അനുഭവങ്ങളിൽനിന്നും മികച്ച രീതികളിൽനിന്നും പ്രയോജനം നേടാനും ലക്ഷ്യമിട്ടുള്ളതാണ് വിവിധ കമ്പനികളുമായുള്ള ധാരണപത്രങ്ങൾ.
'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി ഈ കമ്പനികൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സൗദിയിൽ പ്രാദേശിക ആസ്ഥാനങ്ങൾ തുറക്കുന്നതിനും ധാരണപത്രങ്ങൾ സഹായിക്കും.വൈദേശിക നിക്ഷേപങ്ങളടക്കം ആകർഷിക്കുന്നതിനും ആ മേഖലകളുടെ വളർച്ച സാധ്യമാക്കുന്നതിനും നിക്ഷേപ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെയും ലക്ഷ്യങ്ങളുടെയും തുടർച്ചയാണ് ഇത്രയും ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
നിക്ഷേപ അവസരങ്ങളിലേക്കുള്ള പ്രവേശനവും അറിവും വൈദഗ്ധ്യവും സ്വദേശിവത്കരിക്കുകയെന്നത് ഇത് എളുപ്പമാക്കുകയും ചെയ്യും.സംവിധാനങ്ങളും നയങ്ങളും വികസിപ്പിക്കുകയും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സേവനങ്ങളിലേക്കുള്ള പ്രവേശനം വർധിപ്പിക്കുകയും ചെയ്യും.രാജ്യത്തെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിൽ സ്വകാര്യ മേഖലയുമായി പങ്കാളിത്ത ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും ധാരണകൾ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.