ജി-20 ബഹിരാകാശ സാമ്പത്തിക നേതൃയോഗം; പങ്കാളിത്തം വഹിച്ച് സൗദി സ്പേസ് ഏജൻസി
text_fieldsറിയാദ്: ദൃഢ സഹകരണത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും മനോഭാവം ആഗോള ബഹിരാകാശ പ്രവർത്തനങ്ങളുടെ സ്വഭാവമായി മാറിയിട്ടുണ്ടെന്നും ഇത് ശുഭകരമാണെന്നും സൗദി സ്പേസ് കമീഷൻ സി.ഇ.ഒ മുഹമ്മദ് അൽ തമീമി. ബംഗളൂരുവിൽ നടന്ന നാലാമത് ജി-20 ബഹിരാകാശ സാമ്പത്തിക നേതൃയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ മേഖലയെയും അതുമായി ബന്ധപ്പെട്ട സാധ്യതകളെയും എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് പ്രധാനമാണ്. അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യരാശിയുടെ ദീർഘകാല ഭാവി രൂപപ്പെടുത്താൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ജി-20 അംഗരാജ്യങ്ങളുടെ സംയോജിത സമീപനത്തിന്റെ ഗുണങ്ങൾ അടിസ്ഥാനമൂല്യമാക്കി പങ്കാളിത്തത്തിന്റെ പുതിയ ഒരു യുഗം പിറക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ഈ സഹകരണം വരുംകാലത്ത് വിശാലമായ ചക്രവാളങ്ങൾ കണ്ടെത്തുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹിരാകാശ സമ്പദ്വ്യവസ്ഥയിൽ ജി-20 രാഷ്ട്രങ്ങളുടെ പങ്ക് വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും നേട്ടങ്ങൾ കൈവരിക്കുന്നതിനുമായി നടന്നുവരുന്ന ശ്രമങ്ങൾ, യു.എന്നിന്റെ ബഹിരാകാശ സാമ്പത്തിക മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. ജി-20 അംഗരാജ്യങ്ങളിൽനിന്നുള്ള ബഹിരാകാശ ഏജൻസികളുടെയും അനുബന്ധ സംഘടനകളുടെയും പ്രതിനിധികൾ, ഇതര രാജ്യങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ, അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ തലവൻമാർ എന്നിവർ ബഹിരാകാശ സാമ്പത്തിക നേതൃയോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.