ജി20 ദ്വിദിന ഉച്ചകോടിക്ക് സമാപനം: ഭൂമിയെ സംരക്ഷിക്കാൻ പദ്ധതി നിർദേശിച്ച് സൽമാൻ രാജാവ്
text_fieldsറിയാദ്: പരിസ്ഥിതി മലിനീകരണവും കാലാവസ്ഥ വെല്ലുവിളികളും നേരിടാൻ പദ്ധതി നിർദേശിച്ച് ജി20 ദ്വിദിന ഉച്ചകോടിയിൽ സൽമാൻ രാജാവ്.മലിനീകരണം നിയന്ത്രിക്കാനും കാലാവസ്ഥ വെല്ലുവിളികളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ഉൗർജ സ്രോതസ്സുകൾ വൃത്തിയും സുസ്ഥിരവുമാക്കി സൂക്ഷിക്കാനും ഉൗർജ വിപണിയുടെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാനും 'പരിവർത്തിത കാർബൺ അധിഷ്ഠിത സമ്പദ് വ്യവസ്ഥ' രൂപപ്പെടുത്തണമെന്ന് യോഗത്തിൽ അധ്യക്ഷനായ സൗദി ഭരണാധികാരി വ്യക്തമാക്കി. ഉച്ചകോടിയുടെ രണ്ടാംദിന സമ്മേളനത്തിൽ പ്രതിനിധികളെ സ്വാഗതം ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു രാജാവ്.
പുറന്തള്ളുന്ന കാർബണിെൻറ ദൂഷ്യം കുറച്ച് മറ്റൊരു അസംസ്കൃത വസ്തുവാക്കി പരിവർത്തിപ്പിക്കുന്ന സമ്പദ് വ്യവസ്ഥയെ കുറിച്ചാണ് വിശദീകരിച്ചത്. പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളിൽനിന്ന് കരകയറുേമ്പാൾ മനുഷ്യ ശാക്തീകരണത്തിലൂടെ സമഗ്രവും സന്തുലിതവും സുസ്ഥിരവും ശക്തവുമായ സമ്പദ് വ്യവസ്ഥ ഉറപ്പാക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. 21ാം നൂറ്റാണ്ടിെൻറ അവസരങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടുത്താൻ ആവശ്യമായ പുതിയ ചക്രവാളങ്ങൾ രൂപപ്പെടുത്തണം. ഭൂമിയെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
സാമ്പത്തിക വളർച്ചയിൽ പുറന്തള്ളുന്ന മലിനീകരണത്തിെൻറ ദൂഷ്യം മനസ്സിലാക്കി അതിനെ നേരിടാനാവണം. കാലാവസ്ഥ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണം. ഇതിന് സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മാർഗം അവലംബിക്കണം. ഇൗ കാഴ്ചപ്പാടിലൂന്നിയാണ് സൗദി അറേബ്യ പരിവർത്തിത കാർബൺ അധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ചട്ടക്കൂടിനെ അവതരിപ്പിക്കുന്നതെന്നും സൽമാൻ രാജാവ് പറഞ്ഞു. പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തങ്ങളോടൊപ്പം കൈകോർക്കാൻ മറ്റു രാജ്യങ്ങളെ ക്ഷണിക്കുകയാണെന്നും രാജാവ് പറഞ്ഞു. കാർബൺ വികിരണം കുറച്ചുള്ള ഉൗർജ പര്യാപ്തതക്ക് വേണ്ടി 2012ൽ ദേശീയ പദ്ധതി സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. കാർബൺ പിടിച്ചെടുക്കാനും അത് വിലയുള്ള അസംസ്കൃത വസ്തുവാക്കി മാറ്റാനും സൗദിക്ക് നിരവധി സംരംഭങ്ങളുണ്ട്.
കാർബൺഡൈ ഒാക്സൈഡ് ശുദ്ധീകരിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംരംഭം സൗദിയിലുണ്ട്. പ്രതിവർഷം അഞ്ച് ലക്ഷം ടൺ എന്ന തോതിൽ ഉൽപാദന ശേഷിയുള്ള സ്ഥാപനം 'സാബിക്' ആണ് ആരംഭിച്ചത്.
പ്രതിവർഷം വ്യവസായ പദ്ധതികൾ പുറന്തള്ളുന്ന എട്ട് ലക്ഷം ടൺ കാർബൺഡൈ ഒാക്സൈഡ് എണ്ണ ഉൽപന്നമാക്കി മാറ്റുന്ന പദ്ധതി സൗദി ആരാംകോക്ക് കീഴിലുണ്ട്. നിയോമിൽ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പദ്ധതി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും സൽമാൻ രാജാവ് പറഞ്ഞു. പ്രകൃതിയിലെ കാർബൺ ക്രമീകരിക്കുന്നതിന് രാജ്യത്തിന് പ്രധാന പങ്കുണ്ടെന്ന് മനസ്സിലാക്കുന്നു. പ്രകൃതി സംരക്ഷണത്തിെൻറ ഭാഗമായി 2040 ആകുേമ്പാഴേക്കും പരിസ്ഥിതി നാശം നേരിടുന്ന ഒരു ശതകോടി ഹെക്ടർ ഭൂമിയെ വീണ്ടെടുക്കാൻ ഇൗ പദ്ധതിയിലൂടെ കഴിയും.
2030ഒാടെ രാജ്യത്ത് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഉൗർജസ്രോതസ്സുകളിൽ 50 ശതമാനവും കാറ്റും സൗരോർജവുമായി മാറും. ഇൗ വിഷയത്തിൽ ഒാരോ അതിഥികളുടെയും സംരംഭങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് കേൾക്കാൻ അതിയായ താൽപര്യമുണ്ടെന്ന് പറഞ്ഞാണ് സൽമാൻ രാജാവ് പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.