ജി20 ഉച്ചകോടി; കിരീടാവകാശിക്ക് ലഭിച്ചത് ഹൃദ്യമായ ഇന്ത്യൻ വരവേൽപ്
text_fieldsജിദ്ദ: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് ഇന്ത്യയിൽ ലഭിച്ചത് ഹൃദ്യമായ വരവേൽപ്. ന്യൂഡൽഹിയിൽ 30 രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്ത ജി20 ഉച്ചകോടിയുടെ സമാപനത്തിന് തൊട്ടുപിന്നാലെ ആരംഭിച്ച ഔദ്യോഗിക സന്ദർശനത്തിലും കൂടിക്കാഴ്ചകളിലുമാണ് ഹൃദ്യമായ സ്വീകരണമൊരുക്കിയത്. ആദ്യ കൂടിക്കാഴ്ച ഇന്ത്യൻ പ്രസിഡൻറ് ദ്രൗപതി മുർമുവുമായി രാഷ്ട്രപതി ഭവനിലായിരുന്നു.
പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഹൃദ്യമായി വരവേറ്റു. ഗാർഡ് ഓഫ് ഓണർ നൽകി. അതിനുശേഷം ഇരുവരും ഔദ്യോഗിക കൂടിക്കാഴ്ചയും ചർച്ചയും നടത്തി.
ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, വാണിജ്യ മന്ത്രി മാജിദ് അൽഖസബി എന്നിവരും ഇന്ത്യ, സൗദി ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തുടർന്നാണ് ഇരു രാഷ്ട്രനേതാക്കളും സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്. ഉച്ചകോടിക്കായി ശനിയാഴ്ച രാവിലെയാണ് കിരീടാവകാശി ഇന്ത്യയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.