ജി 20 ഉച്ചകോടി; തീവ്രവാദ ആശയങ്ങളെ ചെറുക്കും
text_fieldsറിയാദ്: ന്യൂഡൽഹിയിൽ നടന്ന ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ രണ്ടാം സെഷനിൽ സൗദി അറേബ്യയുടെ മുൻഗണനാ സംരംഭങ്ങൾ ഓരോന്നായി എടുത്തുദ്ധരിച്ച് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല. തീവ്രവാദ വിരുദ്ധത, ആഗോള നൈപുണ്യ സംഘാടനം, മാനുഷിക സഹായം, ദുരന്തനിവാരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച സെഷനിൽ സൗദി അറേബ്യ ഇക്കാര്യങ്ങളിൽ നടപ്പാക്കിയ കാര്യങ്ങൾ മന്ത്രി എടുത്തുപറഞ്ഞു.
തീവ്രവാദ ആശയങ്ങളെ ചെറുക്കുന്നതിനുള്ള ആഗോള കേന്ദ്രം സ്ഥാപിക്കുന്നതിനും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവര കൈമാറ്റം മെച്ചപ്പെടുത്തുന്നതിനും ഇതര രാജ്യങ്ങളുമായുണ്ടാക്കിയ ധാരണകൾ അദ്ദേഹം പരാമർശിച്ചു. കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നൽകുക എന്നിവക്കെതിരെ പോരാടുന്നതിനും അവയുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുമുള്ള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൽ (എഫ്.എ.ടി.എഫ്) രാജ്യം അംഗമാണ്. അന്താരാഷ്ട്ര സഹകരണത്തിലൂടെയും ഫലപ്രദമായ നിയമനിർമാണത്തിലൂടെയും സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കും. സൗദി ദേശീയ സൈബർ സുരക്ഷ അതോറിറ്റിയുടെ (എൻ.സി.എ) ചട്ടക്കൂടിനുള്ളിൽ സൈബർ ആക്രമണങ്ങളിൽനിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുക, സൈബർ സുരക്ഷ മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമാക്കി നിരവധി സംരംഭങ്ങൾക്ക് രാജ്യം തുടക്കം കുറിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വിഷൻ 2030’ന്റെ ഭാഗമായി ആരംഭിച്ച മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടിയെ കുറിച്ച് മന്ത്രി വിശദീകരിച്ചു. ഇത് ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പൗരന്മാരെ സജ്ജരാക്കും. സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പ ദുരന്തത്തിലുള്ള രാജ്യത്തിന്റെ ദ്രുത പ്രതികരണം, ആകാശ മാർഗേണയുള്ള ആളുകളുടെ അടിയന്തര കുടിയൊഴിപ്പിക്കൽ, ഭൂകമ്പ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള സംഭാവന കാമ്പയിൻ എന്നിവ ഉദ്ധരിച്ച് ലോകമെമ്പാടും മാനുഷികവും വികസനപരവുമായ സഹായം നൽകുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. ഉച്ചകോടിയുടെ രണ്ടാം സെഷന് മുമ്പായി ചൈനീസ്, സ്പാനിഷ്, അർജന്റീനിയൻ മന്ത്രിമാരുമായി ഫൈസൽ ബിൻ ഫർഹാൻ കൂടിക്കാഴ്ച നടത്തി.
ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്ങുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിൽ അവയെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുപക്ഷവും അവലോകനം ചെയ്തു. കൂടാതെ, പരസ്പര താൽപര്യമുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചയായി. ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് ബിൻ ഈദ് അൽ ഹുസൈനിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസുമായുള്ള ചർച്ചയിൽ റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയും ഇതിൽ തങ്ങളുടെ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളും ചർച്ചചെയ്തു. അർജന്റീനിയൻ വിദേശകാര്യമന്ത്രി സാന്റിയാഗോ കഫീറോയുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും പുതിയ അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി. അംബാസഡർ അൽ ഹുസൈനിയെ കൂടാതെ വിദേശകാര്യ മന്ത്രിയുടെ ഓഫിസ് ഡയറക്ടർ ജനറലും അബ്ദുറഹ്മാൻ അൽ ദാവൂദും രണ്ടു കൂടിക്കാഴ്ചകളിലും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.