റിയാദ് ഉച്ചകോടി വിജയം: കോവിഡാനന്തര ഫലങ്ങൾ നേരിടാൻ കൂടുതൽ ശ്രദ്ധിക്കണം –രാജാവ്
text_fieldsജിദ്ദ: ഗ്രൂപ് 20 രാജ്യങ്ങളിലെ ഭരണത്തലവന്മാർ പെങ്കടുത്ത ദ്വിദിന റിയാദ് വെർച്വൽ ഉച്ചകോടി വിജയകരം. ശനിയാഴ്ച വൈകീട്ട് നാലിന് സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ആരംഭിച്ച ഉച്ചകോടി ഞായറാഴ്ച രാത്രിയോടെ അടുത്തവർഷത്തെ ഉച്ചകോടിയുടെ അധ്യക്ഷ പദവി ഇറ്റലിക്ക് കൈമാറിയാണ് സമാപിച്ചത്.
കോവിഡാനന്തര ഫലങ്ങളെ നേരിടാനും ലോകജനതക്ക് സമ്പന്നമായ ഒരു ഭാവി കെട്ടിപ്പടുക്കാനും മുമ്പത്തേക്കാൾ കൂടുതൽ ശ്രദ്ധചെലുത്തേണ്ട അവസ്ഥയിലാണ് നാമെന്ന് സൽമാൻ രാജാവ് പറഞ്ഞു. നേതാക്കളുടെ സജീവ പങ്കാളിത്തത്തിന് സൽമാൻ രാജാവ് സമാപന പ്രസംഗത്തിൽ നന്ദി പറഞ്ഞു.
ഇൗ വർഷം നാം വളരെയധികം നേടി. ജനങ്ങളുടെ ജീവനും ഉപജീവനമാർഗങ്ങൾക്കും വേണ്ടി കോവിഡിൽനിന്ന് ഉയർന്നുവന്ന വെല്ലുവിളികളെ ഒരുമിച്ചു നേരിടാനും അതിനെതിരെ പ്രവർത്തിക്കാനുമുള്ള പ്രതിബദ്ധത നാം നിറവേറ്റി. ശക്തവും സുസ്ഥിരവും സമഗ്രവും സന്തുലിതവുമായ സമ്പദ്വ്യവസ്ഥ കൈവരിക്കുന്നതിനും ആഗോളവ്യാപാര സംവിധാനം എല്ലാവർക്കും അനുയോജ്യമാക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും വേണ്ട നയങ്ങൾ സ്വീകരിച്ചു.
ഏറ്റവും പ്രധാനമായി ഇൗ ഉച്ചകോടിയിൽ നേതാക്കളുടെ അന്തിമ പ്രസ്താവനയിലൂടെ പൗരന്മാർക്കും ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും ആശ്വാസവും പ്രത്യാശയും നൽകുന്ന സന്ദേശം നൽകുന്നതിൽ നാം വിജയിച്ചു. അവ പ്രഖ്യാപിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും രാജാവ് പറഞ്ഞു. ജനങ്ങളെ ശാക്തീകരിക്കുന്നതിലൂടെയും ഭൂമിയെ സംരക്ഷിക്കുന്നതിലൂടെയും പുതിയ ചക്രവാളങ്ങൾ രൂപപ്പെടുത്തുന്നതിലൂടെയും 21ാം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലാവർക്കുമായി പ്രയോജനപ്പെടുത്തുകയെന്നതാണ് നമ്മുടെ പൊതുലക്ഷ്യം. അവ കൈവരിക്കുന്നതിന് അടിത്തറയിടുന്നതാണ് ഉച്ചകോടിയിലെ തീരുമാനങ്ങളെന്നും സൽമാൻ രാജാവ് പറഞ്ഞു.
സൗദി അറേബ്യയുടെ പ്രാദേശികവും അന്തർദേശീയവുമായ സ്ഥാനവും മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യമെന്ന നിലയിലും വിപണികൾ തമ്മിൽ ബന്ധം സൃഷ്ടിക്കുന്നുവെന്നതും, ആഗോള സഹകരണം നേടുന്നതിനും ഗ്രൂപ്പിലെ പങ്കാളികളുമായും മറ്റു രാജ്യങ്ങളുമായും സഹകരിച്ച് 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ജി20യിൽ സൗദി പ്രധാന പങ്കുവഹിക്കുമെന്ന് രാജാവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.