ഗാന്ധിജയന്തി ഓൺലൈൻ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsഅൽ അഹ്സ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 153ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അൽ അഹ്സ ഒ.ഐ.സി.സി കുട്ടികൾക്കായി സംഘടിപ്പിച്ച മലയാളം ഓൺലൈൻ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും ഏകോപിപ്പിച്ച ഒ.ഐ.സി.സി വനിതാവേദി ഭാരവാഹികളായ സബീന അഷ്‌റഫ്, രിഹാന നിസാം എന്നിവരെയും ഏരിയ കമ്മിറ്റി നേതാക്കൾ അഭിനന്ദിച്ചു.
ഗാന്ധിജി ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര നായകരെയും അവർ നടത്തിയിട്ടുള്ള ഇതിഹാസ സമര പോരാട്ടങ്ങളെയും സ്കൂൾ പാഠ്യപദ്ധതികളിൽനിന്ന് പോലും മാറ്റപ്പെടുന്ന ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ, വളർന്നുവരുന്ന പുതുതലമുറക്ക് ഗാന്ധിജിയെയും ഗാന്ധിസത്തെക്കുറിച്ചും അവബോധമുണ്ടാക്കാൻ ഇത്തരം മത്സരങ്ങൾ വളരെ പ്രയോജനപ്പെടുമെന്ന് മത്സരാർഥികളുടെ വിധി നിർണയിച്ച പാലക്കാട് ഗവൺമെന്റ് വനിത ടി.ടി.ഐ കോളജ് പ്രിൻസിപ്പൽ പി.സി. കൃഷ്ണൻ അഭിപ്രായപ്പെട്ടു.
ജൂനിയർ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം സമർ ഫാത്വിമ, ആദിക് അനിൽ, ജസൽ ഹംസ എന്നിവർ കരസ്ഥമാക്കി. സീനിയർ ഭാഗത്തിൽ ജാസ്മിൻ ഷമീർ, അഫ്സൽ അഷ്‌റഫ്, തൻസീൽ പനങ്ങാടൻ എന്നിവരാണ് വിജയികൾ. വിജയികൾക്കുള്ള പാരിതോഷികങ്ങൾ നവംബർ 18ന് നടത്തുന്ന ശിശുദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.