ഗാന്ധിയൻ ജീവിതമൂല്യങ്ങൾ കാലാതീതം -പി. ഹരീന്ദ്രനാഥ്
text_fieldsജുബൈൽ: ഗാന്ധിയൻ തത്ത്വങ്ങൾ വിലമതിക്കാനാവാത്ത ജീവിത മൂല്യങ്ങൾ ഉൾക്കൊള്ളുന്നവയാണെന്ന് അധ്യാപകനും പ്രമുഖ ചരിത്രകാരനുമായ പി. ഹരീന്ദ്രനാഥ്. അവയോരോന്നും കാലങ്ങളെ അതിജയിക്കാൻ കെൽപുള്ളവയാണ്. ജുബൈൽ മലയാളം ടോസ്റ്റ് മാസ്റ്റർ ക്ലബിന്റെ ആഭ്യമുഖ്യത്തിൽ കുട്ടികൾക്കായി 'ഗാന്ധിയൻ ജീവിത മൂല്യങ്ങൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വംശീയതയുടെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അശാന്തിയുടെയും ഈ സത്യാനന്തര കാലത്ത് ഗാന്ധിജി പകർന്നു നൽകിയ ജീവിതപാഠങ്ങൾ മാത്രമാണ് പരിഹാരമെന്ന തിരിച്ചറിവിലേക്ക് ലോകം മാറുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതം എന്നാൽ ഈ മണ്ണിൽ പിറന്നു വീണ പേരും രൂപവും പുഞ്ചിരിയും നൊമ്പരവുമെല്ലാമുള്ള മനുഷ്യരുടെ സമഗ്രമായ കൂട്ടായ്മയാണെന്നു പറഞ്ഞ മഹാത്മജിയുടെ സഹനത്തിന്റെ കനൽവഴികൾ പുതിയ തലമുറ ഉൾക്കൊള്ളണമെന്നും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.
അഞ്ചര വർഷങ്ങൾ നീണ്ട കഠിനപരിശ്രമത്തിലൂടെ പി. ഹരീന്ദ്രനാഥ് രചിച്ച 'മഹാത്മാഗാന്ധി കാലവും കർമപർവവും' എന്ന കൃതിയെ കുട്ടികൾക്ക് ചടങ്ങിൽ പരിചയപ്പെടുത്തി. 'ഇന്ത്യ ഇരുളും വെളിച്ചവും' എന്ന ഏറെ ശ്രദ്ധേയമായ കൃതിക്ക് ശേഷം സത്യവും സമത്വവും സ്വാതന്ത്ര്യവും നീതിബോധവും പാരിസ്ഥികാവബോധവും ഉള്ള ഒരു ലോകത്തെ സ്വപ്നം കണ്ട് പി. ഹരീന്ദ്രനാഥ് രചിച്ച കൃതിയാണ് 'മഹാത്മാഗാന്ധി കാലവും കർമപർവവും'. ജുബൈൽ മലയാളം ടോസ്റ്റ് മാസ്റ്റർ ക്ലബ് പ്രസിഡന്റ് തോമസ് അധ്യക്ഷത വഹിച്ചു. ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ എൻ. സനിൽ കുമാർ, പി. ഹരീന്ദ്രനാഥിനെ സദസ്സിന് പരിചയപ്പെടുത്തി. ക്ലബ് സ്ഥാപക നേതാവ് നൂഹ് പാപ്പിനിശ്ശേരി പി. ഹരീന്ദ്രനാഥിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജയൻ തച്ചമ്പാറ സ്വാഗതവും കുഞ്ഞിക്കോയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.