റമദാൻ 15ാം രാവിലെ ആഘോഷം; ബൈത്ത് ചൊല്ലിയും കുഞ്ഞുങ്ങൾക്ക് മധുരം സമ്മാനിച്ചും ‘ഗാർഗിയാൻ’
text_fieldsദമ്മാം: റമദാനിലെ 15ാം രാവിൽ അറേബ്യൻ പാരമ്പര്യ പാട്ടുകൾ പാടിയും വർണവസ്ത്രങ്ങൾ അണിഞ്ഞും ഘോഷയാത്രയായി നിരത്തിലിറങ്ങിയ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികളും മധുരമിഠായികളും നൽകി ‘ഗാർഗിയാൻ’ ആഘോഷം. മതപരമായ ആഘോഷത്തേക്കാൾ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ ഈ ആചാരം ഷിയാ മുസ്ലിംകൾക്കിടയിലാണ് കൂടുതലായി ആഘോഷിക്കുന്നതെങ്കിലും ഭേദമില്ലാതെ എല്ലാ വിഭാഗവും ഇതിൽ പങ്കുചേരാറുണ്ട്. ഒരു ഗ്രാമം മുഴുവൻ ആഘോഷത്തിന്റെ അലകളിൽ അലിയുന്ന ഈ ആചാരത്തിന് നൂറുകണക്കിന് വർഷത്തെ പാരമ്പര്യമുണ്ട്.
കിഴക്കൻ സൗദിയിലാണ് ഇത് പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. കിഴക്കൻ പ്രവിശ്യയിൽ ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളായ ഖത്വീഫ് താറൂത്ത്, മുഹമദിയ്യ തുടങ്ങിയ പ്രദേശങ്ങളിൽ ഗാർഗിയാന്റെ ഭാഗമാകാൻ പുറത്തുനിന്ന് പോലും ആളുകളെത്തും. തെരുവുകളും വീടുകളും മുഴുവൻ വൈദ്യുതി ദീപങ്ങളാൽ അലംകൃതമാകും. ഗാർഗിയാനുമായി ബന്ധപ്പെട്ട മനോഹരമായ പാട്ടുകളും ബൈത്തുകളും ആളുകൾ സംഘമായി പാടിക്കൊണ്ടിരിക്കും. സ്ത്രീകളും കുട്ടികളും പാരമ്പര്യ വർണവസ്ത്രങ്ങൾ അണിഞ്ഞ് ബൈത്ത് ചൊല്ലി ഓരോ വീടുകളിലും കയറിയിറങ്ങും. അവിടെ സമ്മാനപ്പൊതികളും മിഠായികളും മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളുമായി ആളുകൾ ഇവരെ കാത്തിരിക്കും.
പ്രവാചകപുത്രി ഫാത്തിമക്കും അലിക്കും ആദ്യകുട്ടി ജനിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ഗാർഗിയാൻ ആഘോഷമെന്നാണ് വിശ്വസിക്കപ്പെടുന്നത്. തനിക്ക് ആദ്യമായി പേരക്കുട്ടി ഉണ്ടായപ്പോൾ പ്രവാചകൻ മധുരം വിതരണം ചെയ്ത് സന്തോഷം പങ്കിട്ടതിന്റെ ഓർമ പുതുക്കലാണത്രെ ഇത്. നോമ്പുതുറന്നത് മുതൽ തുടങ്ങുന്ന ആഘോഷം രാത്രി വൈകുവോളം നീണ്ടുപോകും. ഖത്വീഫിലെ പല തെരുവുകളും ജനനിബിഡമാകും. പൊരികളും മിഠായികളും കളിപ്പാട്ടങ്ങളും വലിയ സഞ്ചികളിൽ ശേഖരിച്ച് അടുത്ത ബന്ധുക്കൾക്ക് സമ്മാനിക്കും.
ഖത്വീഫിൽ നടന്ന ഗാർഗിയാൻ ആഘോഷം കാഴ്ചക്കാർക്ക് അതിമനോഹരമായ അനുഭവമാണ് സമ്മാനിച്ചത്. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ കുട്ടിയും സന്തോഷത്തോടെ മടങ്ങണമെന്നാണ് ഓരോ വീട്ടുകാരുടെയും ആഗ്രഹം. സ്ത്രീകളും കുട്ടികളും അടുത്ത വീടുകളിലേക്ക് സമ്മാനം വാങ്ങാൻ പോകുമ്പോൾ പുരുഷന്മാരാണ് അധികവും വീട്ടിലെത്തുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നത്. സമ്മാനപ്പൊതികൾ തീർന്നുപോയാൽ പലരും നാണയത്തുട്ടുകൾ സമ്മാനിക്കും.
ഇത്തവണ 300ഓളം സമ്മാനപ്പൊതികളാണ് ഗാർഗിയാനുവേണ്ടി തയാറാക്കിയതെന്ന് ഖത്വീഫ് സ്വദേശിനിയും ദമ്മാമിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായ ഗദീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അതിനേക്കാൾ കൂടുതൽ സമ്മാനപ്പൊതികൾ തങ്ങൾക്ക് ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു. പരസ്പരം കൊടുത്തും പങ്കിട്ടും സ്നേഹം പകരുന്ന ആഘോഷമാണിതെന്നും രാവ് മുഴുവൻ ആഘോഷമാക്കാൻ ഞങ്ങൾ കാത്തിരിക്കാറുണ്ടെന്നും ഖത്വീഫിൽ തന്നെയുള്ള ദിഖ്രിയാത് പറഞ്ഞു.
ഒരു വർഷം മുഴുവൻ കുട്ടികൾ തിന്നാലും തീരാത്ത പൊതികളും നിരവധി കളിപ്പാട്ടങ്ങളുമാണ് മക്കൾക്ക് സമ്മാനമായി ലഭിച്ചതെന്ന് ഗാർഗിയാൻ ആഘോഷത്തിൽ ആദ്യമായി പങ്കെടുത്ത ഡോ. ജിജി രാഹുൽ പറഞ്ഞു. കൂടാതെ പാരമ്പര്യ ഭക്ഷണങ്ങളും ജ്യൂസുകളും ഐസ്ക്രീമുമൊക്കെ ഓരോരുത്തരുടെയും കഴിവനുസരിച്ച് അവിടെ വിതരണം ചെയ്തിരുന്നതായി ജിജി പറഞ്ഞു. അവിടെ ഒരു ഭേദവുമില്ലാതെയാണ് മലയാളികൾ ഉൾപ്പെടെയുള്ള തങ്ങളെ സ്വീകരിച്ചതെന്ന് മറ്റൊരു മലയാളി വിദ്യാർഥിനി ഹാജറ മെഹ്റിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.