ഗസ്സ വെടിനിർത്തൽ; എല്ലാ ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണ -സൗദി വിദേശകാര്യ മന്ത്രി
text_fieldsറിയാദ്: ഗസ്സയിൽ അടിയന്തര വെടിനിർത്തലും ഇസ്രായേലിന്റെ പിൻവാങ്ങലും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണയുണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. അമേരിക്കൻ വിദേശകാര്യമന്ത്രി ആൻറണി ബ്ലിങ്കനുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരിതബാധിതർക്ക് മാനുഷിക സഹായം നൽകാനും കുടിയിറക്കപ്പെട്ടവരെ സുരക്ഷിതമായി വീടുകളിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് സൗദിയുടെ പിന്തുണ ബ്ലിങ്കനുമായുള്ള ഫോൺ സംഭാഷണത്തിൽ അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിലെ സ്ഥിതിഗതികളും തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ച നിർദേശവും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. സ്ഥിര വെടിനിർത്തൽ നേടുകയും ഗസ്സയിലെ ഫലസ്തീൻ ജനതയുടെ ദുരിതം അവസാനിപ്പിക്കുകയും ചെയ്യുന്ന എല്ലാ നിർദേശങ്ങളും ഗൗരവമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
അതേ സമയം ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള നിർദേശം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യ, തുർക്കിയ, ജോർഡൻ വിദേശകാര്യ മന്ത്രിമാരുമായി വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ പ്രത്യേക ഫോൺ കാളുകൾ നടത്തിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.