ഗസ്സയിലെ വെടിനിർത്തലിന് മധ്യസ്ഥശ്രമം; ചർച്ച നടത്തി സൗദി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രിമാർ
text_fieldsറിയാദ്: ഗസ്സയിൽ പത്തുമാസമായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ ഈജിപ്തും ഖത്തറും അമേരിക്കയും മധ്യസ്ഥശ്രമം തുടരുന്നതിനിടെ ഈ വിഷയത്തിൽ കൂടിക്കാഴ്ചയും ചർച്ചയും നടത്തി സൗദി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രിമാർ. ഗസ്സയിലെ മാനുഷിക, രാഷ്ട്രീയ പ്രതിസന്ധിയും പ്രശ്നപരിഹാരത്തിന് ഇരു രാജ്യങ്ങളും ഇതുവരെ നടത്തിയ ശ്രമങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽ ആതിയയുമാണ് റിയാദിൽ കൂടിക്കാഴ്ച നടത്തിയത്. അനുദിനം ശക്തിപ്പെടുന്ന ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കുന്ന സംയുക്ത മാർഗങ്ങളും മന്ത്രിമാർ അവലോകനം ചെയ്തു.
പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളിൽ ഇരു രാജ്യങ്ങളും സ്വീകരിച്ച നടപടികളും പ്രശ്നപരിഹാരത്തിനായി സൗദിയും ഈജിപ്തും നടത്തിയ ശ്രമങ്ങളും ഇരു മന്ത്രിമാരും അവലോകനം ചെയ്തു.
ഗസ്സയിലെ ഇസ്രായേൽ നരനായാട്ട് ഉടൻ അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയോടെ ഖത്തറിൽ കഴിഞ്ഞയാഴ്ച മധ്യസ്ഥ ചർച്ച നടന്നിരുന്നു. ഗൗരവപരവും ക്രിയാത്മകവുമായിരുന്നു രണ്ടു ദിവസത്തെ ചർച്ചയെന്ന് ഖത്തർ, അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ചർച്ചയുടെ രണ്ടാം ഘട്ടം അടുത്തയാഴ്ച ഈജിപ്ത് തലസ്ഥാന നഗരമായ കൈറോയിൽ നടക്കാനിരിക്കെ സൗദി, ഈജിപ്ഷ്യൻ മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചക്ക് പ്രാധാന്യം ഏറെയാണ്.
അതിനിടെ, സംഘർഷം ആരംഭിച്ചതിനു ശേഷം പശ്ചിമേഷ്യയിലേക്കുള്ള തന്റെ ഒമ്പതാമത്തെ അടിയന്തര പര്യടന ദൗത്യത്തിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ. ഇസ്രായേലിൽ സന്ദർശനം പൂർത്തിയാക്കി ഉടൻ ഈജിപ്തിൽ എത്തും. ഈജിപ്തും ഖത്തറും യു.എന്നും തങ്ങളുടെ മാധ്യസ്ഥശ്രമത്തിൽ ഉരുത്തിരിയുന്ന വെടിനിർത്തൽ കരാർ ഉടനുണ്ടാവുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ദിവസങ്ങൾക്കുള്ളിലാണ് ബ്ലിങ്കന്റെ സന്ദർശനം.
എന്നിരുന്നാലും, ഏറ്റവും പുതിയ നിർദേശത്തിൽ ഹമാസ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഫലസ്തീനുമായി വിട്ടുവീഴ്ചക്ക് തയാറല്ലാത്ത ചില മേഖലകളുണ്ടെന്ന് ഇസ്രായേലും വ്യക്തമാക്കിയതോടെ വെടിനിർത്തൽ പൂർണമായും സാധ്യമാക്കാൻ കഴിയുമോ എന്ന ആശങ്കയും നില നിൽക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.