ഗസ്സയിൽ വെടിനിർത്തൽ: നീക്കങ്ങൾ സജീവമാക്കി സൗദി അറേബ്യ
text_fieldsയാംബു: ഗസ്സയിൽ ഒരു വർഷമായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ ശ്രമങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തി സൗദി അറേബ്യ. ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട് ജോർഡനിൽ നടക്കുന്ന അറബ്-ഇസ്ലാമിക് രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ ഉന്നതതല സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഈ വിഷയത്തിലുള്ള നീക്കം സജീവമാക്കി.
അമ്മാനിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) ആഭിമുഖ്യത്തിലാണ് യോഗം ചേരുന്നത്. ഗസ്സയിൽ അപകടകരമായ സാഹചര്യം ഏറ്റവും രൂക്ഷമായിരിക്കുകയാണ്. പുതിയ സംഭവവികാസങ്ങൾ പശ്ചിമേഷ്യൻ അന്തരീക്ഷത്തെ കലുഷിതമാക്കുകയാണ്.
ഇതിനെ നേരിടാൻ എല്ലാ അറബ്-ഇസ്ലാമിക രാജ്യങ്ങളും തങ്ങളുടെ ശ്രമങ്ങൾ കൂടുതൽ സജീവമാക്കേണ്ട ഘട്ടമാണിപ്പോഴെന്ന് മന്ത്രി അമീർ ഫൈസൽ യോഗത്തിൽ പറഞ്ഞു. ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനുള്ള ഏറ്റവും ശക്തമായ ശ്രമങ്ങൾ നടക്കേണ്ടതുണ്ട്.
വിവിധ മേഖലകളിൽ അപകടകരമായ രീതിയിൽ ആക്രമണങ്ങൾ തുടർന്ന് ഇസ്രായേൽ പശ്ചിമേഷ്യയെ മുഴുവൻ സംഘർഷത്തിലേക്ക് തള്ളിവിടുകയാണെന്ന് ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി സൗദി മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരമില്ലാതെ ഫലസ്തീനിൽ സമാധാനം നിലനിൽക്കില്ലെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
ഫലസ്തീൻ വിഷയത്തിൽ ആഗോള പ്രതികരണം ഏകോപിപ്പിക്കുന്നതിനായി സ്ഥാപിതമായ ഇസ്ലാമിക-അറബ് സമിതി, ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന യു.എൻ ജനറൽ അസംബ്ലിയുടെ 79-ാമത് സെഷന്റെ ഉന്നതതല യോഗങ്ങളിൽ വിഷയം ഉന്നയിക്കുമെന്നും ഇതിനായി ഈ രാജ്യങ്ങൾ ധാരണയിലെത്തിയെന്നും ജോർഡൻ ന്യൂസ് ഏജൻസി (പെട്ര) റിപ്പോർട്ട് ചെയ്തു.
ഫലസ്തീൻ, ജോർഡൻ, ഈജിപ്ത്, ഖത്തർ, തുർക്കി, ഇന്തോനേഷ്യ, നൈജീരിയ, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും അറബ് ലീഗിന്റെയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെയും സെക്രട്ടറി ജനറലുകളും യോഗത്തിൽ പങ്കെടുത്തു. ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.