ഗസ്സ: അറബ്-അമേരിക്കൻ യോഗത്തിൽ പങ്കെടുത്ത് സൗദി അറേബ്യയും
text_fieldsജിദ്ദ: ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജോർഡൻ തലസ്ഥാനമായ അമ്മാനിൽ നടന്ന അറബ്-അമേരിക്കൻ യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല പങ്കെടുത്തു. സൗദിക്ക് പുറമെ ഈജിപ്ത്, ജോർഡൻ, യു.എ.ഇ, ഖത്തർ, ഫലസ്തീൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായുള്ള ഏകോപന യോഗത്തിൽ പെങ്കടുത്തു.
ഗസ്സക്കെതിരായ ഇസ്രായേൽ യുദ്ധവും അത് സൃഷ്ടിക്കുന്ന മാനുഷിക ദുരന്തവും തടയാൻ ലക്ഷ്യമിട്ടുള്ള അറബ് ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുകൂട്ടിയത്. നിരപരാധികളുടെ ജീവനപഹരിക്കുന്ന ഗസ്സയിലെ സൈനികാക്രമണം അവസാനിപ്പിക്കാനും ഗസ്സയിൽ അടിയന്തരമായി മാനുഷിക സഹായം എത്തിക്കാനും ആഹ്വാനം ചെയ്യുന്ന അറബ് നിലപാട് യോഗം ചർച്ച ചെയ്തു.
ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും സ്ഥിരത വീണ്ടെടുക്കുന്നതിനും സമാധാനപ്രക്രിയ പുനഃസ്ഥാപിക്കുന്നതിനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു.
യോഗത്തിൽ അമീർ ഡോ. അബ്ദുല്ല ബിൻ ഖാലിദ് അൽകബീർ, പോളിസി പ്ലാനിങ് ജനറൽ അഡ്മിനിസ്ട്രേഷൻ അസി. ഡയറക്ടർ, രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സഉൗദ് അൽസാത്വി, ജോർഡനിലെ സൗദി അംബാസഡർ നാഇഫ് അൽസുദൈരി, വിദേശകാര്യ മന്ത്രി ഒാഫിസ് മേധാവി അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവരും പെങ്കടുത്തു. ഫലസ്തീൻ ഇസ്രായേൽ സംഘർഷം ആരംഭിച്ച ശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മേഖലയിലെ രണ്ടാമത്തെ സന്ദർശനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.