ജി.സി.സി വിദേശകാര്യ മന്ത്രിതല യോഗം നാളെ
text_fieldsറിയാദ്: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുടെ അധ്യക്ഷതയിൽ ജി.സി.സി വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന ഗൾഫ് സഹകരണ കൗൺസിലിെൻറ 161-ാമത് മന്ത്രിതല യോഗം തിങ്കളാഴ്ച റിയാദിലെ ജി.സി.സി സെക്രട്ടേറിയറ്റ് ജനറൽ ആസ്ഥാനത്ത് നടക്കും. റഷ്യൻ, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പ്രത്യേക മന്ത്രിതല യോഗങ്ങളും ഇതോടൊപ്പം നടക്കും.
ഏഴാമത് ജി.സി.സി-റഷ്യ സ്ട്രാറ്റജിക് ഡയലോഗ് മന്ത്രിതല യോഗത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ജി.സി.സി മന്ത്രിമാർക്കൊപ്പം പങ്കെടുക്കുക. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ജി.സി.സി-ഇന്ത്യ കൂടിക്കാഴ്ചയും ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേരയുമായി ജി.സി.സി-ബ്രസീൽ കൂടിക്കാഴ്ചയും ഇതോടൊപ്പം നടക്കും. ഇതിൽ പങ്കെടുക്കാനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഞായറാഴ്ച റിയാദിലെത്തിയിട്ടുണ്ട്.
2023 ഡിസംബറിൽ ദോഹയിൽ നടന്ന 44-ാമത് ഉച്ചകോടിയിൽ ജി.സി.സി സുപ്രീം കൗൺസിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ജി.സി.സി മന്ത്രിതല സമിതി യോഗം ചർച്ച ചെയ്യുമെന്ന് സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി വാർത്താക്കുറിപ്പിൽ പറഞ്ഞു. മന്ത്രിതല, സാങ്കേതിക സമിതികളും ജനറൽ സെക്രട്ടേറിയറ്റും സമർപ്പിച്ച വിഷയവിവരങ്ങളും റിപ്പോർട്ടുകളും കൂടാതെ ജി.സി.സി രാജ്യങ്ങളും മറ്റ് വിവിധ രാജ്യങ്ങളും ആഗോള പൊതുസംഘടനകളും തമ്മിലുള്ള സംഭാഷണവും തന്ത്രപരമായ ബന്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൗൺസിൽ അവലോകനം ചെയ്യും. മേഖലയിലെ ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും കൗൺസിൽ അഭിസംബോധന ചെയ്യും.
റഷ്യൻ, ഇന്ത്യൻ, ബ്രസീലിയൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾ സഹകരണത്തിനായി പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിനുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അൽബുദൈവി പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായും സംഘടനകളുമായും തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ യോഗങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളെയും ആശങ്കപ്പെടുത്തുന്നതും നേട്ടങ്ങൾ നൽകുന്നതുമായ വ്യത്യസ്ത വിഷയങ്ങൾ ഈ യോഗങ്ങളിൽ ചർച്ച ചെയ്യുമെന്ന് അൽബുദൈവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.