ജി.സി.സി മന്ത്രിതല സമിതിയോഗം; പശ്ചിമേഷ്യൻ തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണം -ജി.സി.സി സെക്രട്ടറി ജനറൽ
text_fieldsറിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ തർക്കങ്ങൾ തുറന്ന ചർച്ചകളിലൂടെയും നയതന്ത്രപരമായും പരിഹരിക്കണമെന്ന് ജി.സി.സി കൗൺസിൽ സെക്രട്ടറി ജനറൽ ജാസി അൽബുദൈവി പറഞ്ഞു. ജി.സി.സി രാജ്യങ്ങളുടെയും റഷ്യ, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെയും 161ാമത് സംയുക്ത മന്ത്രിതല യോഗത്തെ റിയാദിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, ആഗോള സുരക്ഷ വിഷയങ്ങളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനും വീക്ഷണങ്ങൾ കൈമാറുന്നതിനുമുള്ള ശ്രമങ്ങൾ കൗൺസിൽ തുടരുകയാണ്. റഷ്യയുമായുള്ള സഹകരണത്തിന് ജി.സി.സി രാജ്യങ്ങൾ അതീവ പ്രാധാന്യം നൽകുന്നു.
2023 ജൂലൈയിൽ മോസ്കോയിൽ നടന്ന മുൻ മന്ത്രിതല യോഗത്തിൽ അംഗീകരിച്ച സംയുക്ത പ്രവർത്തന പദ്ധതി (2023-2027) നടപ്പാക്കുന്നത് ത്വരിതപ്പെടുത്തുന്ന പ്രവർത്തനത്തിലാണ് ഞങ്ങളെന്നും അൽ ബുദൈവി പറഞ്ഞു.
സംഘർഷങ്ങൾ മേഖലയുടെ സുരക്ഷയെ ബാധിക്കുന്നതിൽ അൽ ബുദൈവി ഖേദം പ്രകടിപ്പിച്ചു. ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോടാവശ്യപ്പെട്ടു. സമാധാനപരവും നയതന്ത്രപരവുമായ മാർഗങ്ങളിലൂന്നിയ സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും ജി.സി.സി കൗൺസിലിലെ രാജ്യങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്.
വേണം വെടിനിർത്തൽ
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ, മൂല്യങ്ങൾ, കരാറുകൾ, ഉടമ്പടികൾ എന്നിവക്ക് അനുസൃതമായി നിയമവാഴ്ചയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ടു തന്നെ പറയുന്നു, ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന അക്രമങ്ങൾ യുദ്ധക്കുറ്റവും മാനുഷിക വിരുദ്ധവുമാണ്.
അന്താരാഷ്ട്ര നിയമം, മാനുഷിക നിയമം, യു.എൻ പ്രമേയങ്ങൾ എന്നിവയുൾപ്പെടെ എല്ലാറ്റിനും വിരുദ്ധമാണ്. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തെ അപലപിക്കുകയാണെന്നും അൽ ബുദൈവി പറഞ്ഞു.
കൗൺസിൽ ഫലസ്തീൻ ജനതക്കൊപ്പമാണ് നിലകൊള്ളുന്നത്. ഫലസ്തീനിൽ എത്രയും വേഗം വെടിനിർത്തലുണ്ടാവണം. ഇസ്രായേൽ സൈനിക നടപടികൾ നിർത്തണം. ഗസ്സവാസികൾക്ക് മാനുഷിക പിന്തുണയും ദുരിതാശ്വാസ സഹായങ്ങളും അടിസ്ഥാന ആവശ്യങ്ങളും ലഭ്യമാക്കാനും ദുരിതങ്ങൾ ഇല്ലാതാക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിലെ സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ നിർണായക നടപടികൾ സ്വീകരിക്കണം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽനിന്ന് അംഗീകാരം നേടുന്നതിനുള്ള ഫലസ്തീൻ ഭരണകൂടത്തിന്റെ ശ്രമങ്ങളെ പിന്തുണക്കണം. ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നേടുന്നതിന് ഫലസ്തീനെ സഹായിക്കണം. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ സമാധാനം കൈവരിക്കാൻ ഒരു അന്താരാഷ്ട്ര സമ്മേളനം വിളിക്കണമെന്നും അൽ ബുദൈവി ആവശ്യപ്പെട്ടു.
യമനിലും പരിഹാരം വേണം
യമനിൽ സമഗ്രവും സുസ്ഥിരവുമായ രാഷ്ട്രീയ പരിഹാരമുണ്ടാക്കുന്നതിനും രാഷ്ട്രീയ പ്രക്രിയ പുനരുജ്ജീവിപ്പിക്കുന്നതിനും സൗദി അറേബ്യയും ഒമാനും നടത്തുന്ന ശ്രമങ്ങളെ കൗൺസിൽ അഭിനന്ദിക്കുന്നു. യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളുമായി ഹൂതികൾ ക്രിയാത്മകമായി സഹകരിക്കണം.
ചെങ്കടലിലെയും യമൻ ഉൾക്കടലിലേയും സംഭവവികാസങ്ങൾ കപ്പൽ ഗതാഗതത്തെയും ആഗോള വ്യാപാര പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
റഷ്യ-യുക്രെയ്ൻ വെടിനിർത്തണം
റഷ്യയും യുക്രെയ്നും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വെടിനിർത്തലിനും പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകുന്നതിനും ജി.സി.സി കൗൺസിൽ പിന്തുണക്കുമെന്നും അൽ ബുദൈവി വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുടമിയിൽ സുസ്ഥിര രാഷ്ട്രീയ പരിഹാരമുണ്ടാവണം. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കപ്പെടണം. നിലവിലെ സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണം. അതിനാവശ്യമായ എല്ലാ പിന്തുണയും ജി.സി.സി കൗൺസിൽ നൽകും.
ധാന്യങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ദുരിതബാധിത രാജ്യങ്ങൾക്ക് ഭക്ഷ്യസുരക്ഷ നൽകുന്നതിന് സംഭാവന നൽകുന്നതിനുള്ള എല്ലാ ഭക്ഷ്യ-മാനുഷിക വിതരണങ്ങൾക്കും കൗൺസിലിന്റെ പിന്തുണയുണ്ടാകുമെന്നും അൽബുദൈവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.