‘സൗദിക്കൊപ്പം ഓടാൻ ഒരുങ്ങുക’ മലയാളികളോട് ഡോ. അബ്ദുൽ സലാം
text_fieldsറിയാദ്: സൗദി അറേബ്യ വികസനത്തിന്റെ ഹൈ സ്പീഡ് ട്രാക്കിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നും ആ ട്രാക്കിലേക്ക് ഓടിയെത്താൻ ആവശ്യമായ മാറ്റങ്ങൾക്കായി മലയാളികൾ ഒരുങ്ങണമെന്നും കോഴിക്കോട് മർകസ് നോളജ് സിറ്റി സി.ഇ. ഒ ഡോ. അബ്ദുൽ സലാം പറഞ്ഞു.
സൗദിയിലേക്ക് തൊഴിൽ തേടിയെത്തുന്ന ഉദ്യോഗാർത്ഥികളും നിലവിൽ തൊഴിലോ ബിസിനസ്സോ ചെയ്യുന്ന പ്രവാസികളും സൗദിയുടെ വേഗതക്കൊപ്പം കുതിക്കാനുള്ള അനിവാര്യമായ മാറ്റത്തിന് മാനസികമായി തയ്യാറെടുക്കണം. വരുംവർഷങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിൽ സംരംഭക സാധ്യതയുള്ള രാജ്യമാണ് സൗദി. ആ സാധ്യത ഇതുവരെ തുടർന്ന് വന്ന രീതികളിൽ ആയിരിക്കില്ല. നിർമ്മിത ബുദ്ധി ഉൾപ്പടെയുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പഠിച്ചാലെ സൗദിയിലെ പുതിയ സാധ്യതകൾ പ്രവാസികൾക്ക് ഗുണകരമായി ഉപയോഗപ്പെടുത്താൻ കഴിയൂ എന്നും അദ്ദേഹം റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ലോകത്താകെയുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പരമ്പരാഗത വിദ്യാഭ്യാസ രീതിയിൽ നിന്ന് സമൂലമായ മാറ്റം കേരളത്തിന് ആവശ്യമാണെന്നും, ഇനിയും മാറ്റമില്ലാതെ കാത്തിരുന്നാൽ പുതു തലമുറ വിദേശത്തും തൊഴിൽ ലഭിക്കാതെ അലയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾക്കായി പ്രത്യേക നൈപുണ്യ വികസന കോഴ്‌സുകളെക്കുറിച്ച് മർകസ് നോളജ് സിറ്റി ഗൗരവമായി പഠിക്കുന്നുണ്ട്. അത് എങ്ങനെ പ്രാബല്യത്തിലാക്കാൻ കഴിയുമെന്നതിനെ കുറിച്ച് വിദഗ്ദ്ധരുമായും പ്രവാസികളുമായും ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിജി റിയാദ് ചാപ്റ്റർ ചെയർമാൻ നവാസ് അബ്ദുൾ റഷീദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.