ഗസൽ രാഗവിസ്മയം തീർത്ത് ‘മമകിനാക്കൾ കോർത്ത് കോർത്ത്’
text_fieldsദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ്, ഒരുക്കിയ ‘മമകിനാക്കൾ കോർത്ത് കോർത്ത്’ എന്ന ഗസൽവിരുന്ന് കിഴക്കൻ പ്രവശ്യയിലെ സംഗീത പ്രേമികൾക്ക് പുത്തനനുഭവം സമ്മാനിച്ചു. ഹോളിഡേ ഇൻ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറിയത്. മലയാളത്തിന്റെ ‘ഗസലിണകൾ’ റാസയും ബീഗവും പാടിയും പാടിപ്പിച്ചും പറഞ്ഞും മണിക്കൂറോളം ഗസലിന്റെ മാന്ത്രികതയിൽ ആസ്വാദക മനസ്സിനെ അക്ഷരാർഥത്തിൽ കുളിരണിയിച്ചു. ‘ഓമലാളെ നിന്നെയോർത്ത്’ എന്നൊരു പാട്ട് കൊണ്ട് പ്രശസ്തിയുടെ കൊടുമുടി താണ്ടിയ റാസ ബീഗം, അനശ്വര ഗാനങ്ങൾ പാടി പരിപാടിയെ അവിസ്മരണീയമാക്കി.ഗസൽ സന്ധ്യയിൽ പ്രണയവും വിരഹവും കോർത്തിണക്കി ആസ്വാദക മനസ്സിൽ ഗസലിന്റെ പെരുമഴ പെയ്യിക്കാൻ റാസ ബീഗത്തിന് സാധിച്ചു.
ഇലയില്ലെങ്കിൽ, കണ്ണോണ്ടൊരു കൊളുത്ത്, മഴ ചാറുമിടവഴിയിൽ, നീയെറിഞ്ഞ കല്ല് പാഞ്ഞ്, ഒരുപുഷ്പം മാത്രമെൻ, യേ രാത്തെ യേ മോസം ഇങ്ങനെ നിരവധിയായ മധുരമനോഹര ഗാനങ്ങൾ കോർത്തിണക്കി മുന്ന് മണിക്കൂറോളമാണ് ഗായകർ സദസ്സിനെ സംഗീതലോകത്ത് പിടിച്ചിരുത്തിയത്.
റാസ ബീഗം ബാൻഡിലെ പ്രശസ്തരായ ഗിത്താറിസ്റ്റും ഉമ്പായിയുടെ മകനുമായ സമീർ ഉമ്പായിയുടെയും ചെറുപ്രായത്തിൽ തന്നെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ വയലിനിസ്റ്റ് വിവേക് രാജയുടെയും യുവ തബല വിദ്വാൻ സമീൽ സിക്കാനിയുടെയും വാദ്യോപകരണങ്ങളുടെ മേളക്കൊഴുപ്പ് പരിപാടിക്ക് ഇരട്ടി മധുരം നൽകി. നാട്ടിൽനിന്ന് ബാൻഡിനൊപ്പം വന്ന സൗണ്ട് എൻജിനീയർ സൽജാസ് കൊണ്ടോട്ടിയുടെ കൃത്യമായ ശബ്ദനിയന്ത്രണം മികവുറ്റ ആസ്വാദനവും സമ്മാനിച്ചു.
വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ ഘടകം പ്രസിഡൻറ് ഷമീം കാട്ടാക്കട, ജനറൽ സെക്രട്ടറി ദിനേശ് പേരാമ്പ്ര, ചെയർമാൻ അഷറഫ് ആലുവ, മുഖ്യ രക്ഷാധികാരി മൂസ കോയ, മിഡിലീസ്റ്റ് റീജ്യൻ വൈസ് പ്രസിഡൻറ് നജീബ് അരഞ്ഞിക്കൽ, ട്രഷറർ അജിം ജലാലുദ്ദീൻ, മറ്റ് ഭാരവാഹികളായ സാമുവൽ ജോൺ, അഭിഷേക് സത്യൻ, ദിലീപ് കുമാർ, നവാസ് സലാഹുദ്ദീൻ, ഗുലാം ഫൈസൽ, കൺവീനർ നിഷാദ് കുറ്റ്യാടി, വനിത വിഭാഗം ഭാരവാഹികളായ ഷംല നജീബ്, അനു ദിലീപ്, രതി നാഗ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.