ഗസലാൽ ഹൃദയം കവർന്ന് റഊഫ് ചാവക്കാട്
text_fieldsദമ്മാം: പ്രവാസി സാംസ്കാരിക വേദികളിൽ വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് സ്വന്തമായി ഇടം കണ്ടെത്തിയ ഗായകനാണ് റഊഫ് ചാവക്കാട്. മാപ്പിളപ്പാട്ട് പാടാനും കവിത ചൊല്ലാനും വേദികളെത്തിയ റഊഫ് പതുക്കെ ഗസൽ ആലാപനത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു.
ഒപ്പം കൂടാൻ ഒരു സംഘം കലാകാരന്മാരും എത്തിയതോടെ റഊഫിന്റെ ഗസലിന് ആസ്വാദകർ ഏറിവന്നു. ഇപ്പോൾ ദമ്മാമിലെ മിക്ക സംസ്കാരിക പരിപാടികളിലും തുടക്കക്കാരനായി എത്തുന്നത് റഊഫാണ്. ആത്മസുഹൃത്ത് കൂടിയായ റാസ ബീഗത്തിന്റെ പാട്ടുകളുമായാണ് റഊഫ് വേദികളിലെത്തിയത്.
ഗസൽ ആലാപനത്തിനിണങ്ങുന്ന സ്വരമാധുരി അദ്ദേഹത്തിന്റെ പാട്ടുകൾക്ക് കൂടുതൽ മധുരം നൽകി. ‘എന്ന് സ്വന്തം ശ്രീധരൻ’ എന്ന ചലച്ചിത്രത്തിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതി റാസ സംഗീതം ചെയ്ത് പാടിയ ‘മഴപെയ്യുമ്പോൾ കൂടെ നിൽക്കാമോ...’ എന്ന ഗാനം ദമ്മാമിലെ ആസ്വാദകർക്ക് പ്രിയപ്പെട്ടതാക്കിയത് റഊഫാണ്. ഒന്നര പതിറ്റാണ്ടായി പ്രവാസം തുടരുന്ന റഊഫ് ചെറുപ്പത്തിൽ തന്നെ കലാവേദികളിൽ സജീവമായിരുന്നു. ചിത്രം വരയിൽ തുടങ്ങിയ കലാജീവിതം സ്കൂൾ തലത്തിൽത്തന്നെ പാട്ടിലേക്ക് ചുവടുമാറ്റി.
ചെറുപ്പത്തിലേ ഉപ്പ മരിച്ചതോടെ പെരുമ്പടപ്പ്-പുത്തൻപള്ളി കെ.എം.എം ഓർഫനേജിലെ അന്തേവാസിയായി. പക്ഷേ, ബാല്യത്തിൽ അനാഥശാലയിലെ ഒറ്റപ്പെടലിനെ മറികടന്നത് അവിടത്തെ കലാപ്രവർത്തനങ്ങളിൽ സജീവമായാണ്. റഊഫിന്റെ കഴിവുകൾ തിരിച്ചറിഞ്ഞതോടെ അതിരുകളില്ലാത്ത പിന്തുണയാണ് ഓർഫനേജ് അധികൃതർ നൽകിയത്.
ഇക്കാലയളവിൽ കേരളത്തിലെ ഓർഫനേജ് ഫെസ്റ്റിവലുകളിൽ റഊഫ് സജീവമായി പങ്കുകൊള്ളുകയും എട്ടുവർഷവും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു. 1996 മുതൽ മൂന്നുവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലപ്പുറം പൊന്നാനി ഉപജില്ലയിലെ വന്നേരി ഹൈസ്കൂളിനെ പ്രതിനിധാനംചെയ്തു.
ലളിത സംഗീതത്തിലും മാപ്പിള കലകളിലും നിരവധി സമ്മാനങ്ങൾ റഊഫ് വാരിക്കൂട്ടി. മൂന്നാം അങ്കത്തിൽ 1998 ൽ മാപ്പിളപ്പാട്ടിൽ സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം നേടി. തുടർന്ന് ആകാശവാണി, ദൂരദർശൻ തുടങ്ങിയ നിരവധി വേദികളിൽ സാന്നിധ്യമായി. രണ്ടര വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട റഊഫിന് ഉമ്മയായിരുന്നു എല്ലാം.
റഊഫിന്റെ കലാജീവിതത്തിന് എല്ലാ പിന്തുണയുമായി ഉമ്മ ഒപ്പം നിന്നു. ഓർഫനേജിൽ മാസാവസാനം കാണാനെത്തുന്ന ഉമ്മക്കുവേണ്ടി കാത്തിരിക്കുന്ന സ്മരണ റഊഫിന് ഇന്നും സന്തോഷം പകരുന്ന ഓർമയാണ്. ഉമ്മ നന്നായി പാടുമായിരുന്നു. ആ കഴിവായിരിക്കാം തന്നിലേക്ക് പകർന്നതെന്ന് റഊഫ് വിശ്വസിക്കുന്നു.
വാപ്പ ചെറുപ്പത്തിൽ നഷ്ടപ്പെട്ടെങ്കിലും പൊന്നാനി എരമംഗലത്തുള്ള ഉപ്പയുടെ കുടുംബങ്ങൾ റഊഫിന് ഒപ്പം നിന്നു. പാട്ടിനോടും അവർ എല്ലാതരത്തിലും പിന്തുണ നൽകി. പ്രവാസം തുടങ്ങുന്നത് അബൂദബി അൽ ഐനിലാണ്. അവിടെ നിന്ന് കിട്ടിയ പിന്തുണയാണ് പ്രവാസത്തിൽ കലാജീവിതത്തെ സജീവമാക്കിയത്.
എല്ലാ വ്യാഴാഴ്ച രാവുകളിലും അൽഐനിലെ വില്ലയിലെ പാട്ടു സംഘത്തിൽ ഇന്നത്തെ പ്രമുഖ ഗായകൻ റാസയുമുണ്ടായിരുന്നു. ദമ്മാമിലെത്തിയതോടെ തനിമ കലാ സംസ്കാരിക വേദിയുടെയും സാഹിത്യ കൂട്ടായ്മയായ സൗദി മലയാളി സമാജത്തിന്റെയും സഹയാത്രികനായി. തന്റെ ഏറ്റവും വലിയ നേട്ടം പാട്ടിലൂടെ കിട്ടിയ ദമ്മാമിലെ സൗഹൃദങ്ങളാണെന്ന് റഊഫ് വിശ്വസിക്കുന്നു.
അരവിന്ദ് വടകരയും റഊഫ് അണ്ടത്തോടും നവാസും ഷബീർ കേച്ചേരിയുമൊക്കെ റഊഫിന്റെ പാട്ടുവഴിയിൽ ഒപ്പം ചേർന്നവരാണ്. കൊടുങ്ങല്ലൂർ സ്വദേശിയും അധ്യാപികയുമായ റഹ്മത്താണ് ഭാര്യ. അമീൻ അഹ്സൻ, അഫ്ര എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.