ആഗോള ഇന്ധന വിപണി; വെല്ലുവിളി നേരിടുന്നതിൽ ഒപെക് പ്ലസിന് പ്രധാന പങ്ക് -സൗദി ഊർജ മന്ത്രി
text_fieldsറിയാദ്: ആഗോള ഇന്ധന വിപണിയിലെ വെല്ലുവിളികൾ നേരിടുന്നതിൽ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിന് നേതൃപരവും പ്രധാനവുമായ പങ്കാണ് വഹിക്കാനുള്ളതെന്ന് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു.
എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള സൗദിയുടെയും റഷ്യയുടെയും തീരുമാനം ഒരേസമയം കൈക്കൊണ്ടതാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ശക്തിയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വിയന്നയിൽ നടന്ന ഒപെക് രാജ്യാന്തര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണിയെ പിന്തുണക്കാനും സന്തുലിതാവസ്ഥ നിലനിർത്താനും ഒപെക് പ്ലസ് ആവശ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യ ജൂലൈയിൽ നടപ്പാക്കിയ 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലിന്റെ പ്രതിദിന ഉൽപാദന വെട്ടിക്കുറവ് ആഗസ്റ്റ് അവസാനം വരെ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, റഷ്യ അടുത്ത മാസം ഇന്ധന കയറ്റുമതിയിൽ പ്രതിദിനം അഞ്ചുലക്ഷം ബാരലിന്റെ വെട്ടിക്കുറവ് പ്രഖ്യാപിച്ചു. ഈ കുറവ് മൊത്തം ആഗോള എണ്ണ ഉൽപാദനത്തിന്റെ അഞ്ച് ശതമാനമാണ്.
റഷ്യ കയറ്റുമതി വെട്ടിക്കുറച്ചത് സ്വമേധയാ എടുത്ത തീരുമാനമാണെന്നും അടിച്ചേൽപിച്ചതല്ലെന്നും അമീർ അബ്ദുൽ അസീസ് വ്യക്തമാക്കി. ഉൽപാദനം സ്വമേധയാ വെട്ടിക്കുറക്കാൻ സൗദി അറേബ്യ തീരുമാനമെടുക്കുന്നത് ചിലരെ ആശ്ചര്യപ്പെടുത്തുന്നു. എന്നാൽ, ഞങ്ങൾക്ക് അത് ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് വിപണിയിൽ നിലനിൽക്കുന്നതെന്ന ലളിതമായ മറുപടിയാണ് അതിനുള്ളത് -അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരോടും നീതി പുലർത്താനും എല്ലാവരുമായും ചേർന്ന് പ്രവർത്തിക്കാനും ആഗ്രഹിക്കുന്നവരെന്ന നിലക്ക് പ്രധാനപ്പെട്ട താൽക്കാലിക വിഷയങ്ങളിലും ദീർഘകാല വിഷയങ്ങളിലും ഞങ്ങൾക്ക് ഒരേപോലെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ശ്രദ്ധ വ്യതിചലിക്കുന്നത് വിപണിയിൽ അസന്തുലിതാവസ്ഥയിലേക്ക് നയിക്കും.
ഇന്റർനാഷനൽ എനർജി ഏജൻസിയുടെ സ്ഥിതിവിവര കണക്കുകളും അവലോകനങ്ങളും വിപണിയിലെ അസന്തുലിതാവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്. അത്തരം ഘട്ടങ്ങളിൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ എവിടെയായിരുന്നുവെന്ന് നിങ്ങൾ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.