ഗ്ലോബൽ ഹെൽത്ത് ഫോറം 2024 ന് റിയാദിൽ തുടക്കം; 5,000 കോടി റിയാലിെൻറ നിക്ഷേപ കരാറുകൾ
text_fieldsറിയാദ്: സൗദി ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന ഏഴാമത് ത്രിദിന ആഗോള ആരോഗ്യമേള (ഗ്ലോബൽ ഹെൽത്ത് ഫോറം2024) റിയാദിൽ പുരോഗമിക്കുന്നു. ‘ആരോഗ്യത്തിൽ നിക്ഷേപിക്കുക’ എന്ന തലവാചകത്തിൽ വടക്കൻ റിയാദിലെ മൽഹം മേഖലയിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തിങ്കളാഴ്ച ആരംഭിച്ച മേള ബുധനാഴ്ച അവസാനിക്കും.
രാജ്യത്ത് നടന്നതിൽ വെച്ച് ഏറ്റവും വലിയ ആരോഗ്യമേളയാണിത്. ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ ആരോഗ്യമേഖലയിൽ 5,000 കോടി റിയാൽ മൂല്യമുള്ള നിക്ഷേപ കരാറുകൾ പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയുടെ നവീകരണം, ഡിജിറ്റൽ പരിഹാരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ച് ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു കേന്ദ്രമായി സൗദി അറേബ്യ പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തെ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ നിക്ഷേപം കുതിച്ചുയർന്നിട്ടുണ്ട്. 2023 അവസാനത്തോടെ 1.2 കോടിയിലധികം ആളുകൾ ഇൻഷൂർ ചെയ്യപ്പെട്ടു. 2011ൽ ഇത് 30 ലക്ഷം ആളുകൾ മാത്രമായിരുന്നു.
2030-ഓടെ മൂല്യം ഇരട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപ ഇടപാടുകൾക്ക് പുറമേ, ഗവേഷണം, നവീകരണം, ആരോഗ്യപരിപാലന പ്രഫഷനലുകളുടെ വികസനം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന സർവകലാശാലകൾ, ഹെൽത്ത് കെയർ സ്ഥാപനങ്ങൾ, സ്വകാര്യമേഖല എന്നിവ തമ്മിലുള്ള സഹകരണം ഉൾപ്പെടെ ആരോഗ്യ മേഖലയിലുടനീളമുള്ള നിരവധി തന്ത്രപരമായ പങ്കാളിത്തങ്ങളും മറ്റ് കരാറുകളും ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചു.
ലോകത്തിെൻറ വിവിധ കോണുകളിൽനിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരാണ് ഗ്ലോബൽ ഹെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 40 രാജ്യങ്ങളിൽ നിന്ന് 1200 ലധികം ഉൽപന്നങ്ങൾ മൂന്ന് ദിവസത്തെ പരിപാടിയിൽ പ്രദർശനത്തിനുണ്ട്.
വിവിധ സെഷനുകളിലായി അഞ്ഞൂറിലേറെ പ്രഭാഷകർ സംസാരിക്കുന്നുണ്ട്. രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയിലെ നിരവധി സുപ്രധാന നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനും കൂടുതൽ ഊർജസ്വലവും സമൃദ്ധവുമായ ആരോഗ്യ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും മേള അവസരമൊരുക്കും.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ കമ്പനികൾ അവരുടെ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും മെഷീനുകളും പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. ആശുപത്രികൾ പോളിക്ലിനിക്കുകൾ ഫാർമസികൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായ സോഫ്റ്റ് വെയറുകളും മറ്റ് ഐ.ടി ബിസിനസ് സൊലൂഷനുകളും പരിചയപ്പെടാനും വാങ്ങുന്നതിനുമുള്ള അവസരമാണിത്.
സംരംഭകത്വത്തിന് വലിയ സാധ്യതകൾ
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സൗദി ആരോഗ്യ രംഗത്ത് സംരംഭകത്വത്തിന് വലിയ സാധ്യതകൾ ഉണ്ടെന്ന് വിളംബരം ചെയ്യുന്നതായി റിയാദിലെ ആരോഗ്യമേള. വിദേശ നിക്ഷേപർക്ക് ഇത്തരം വേദികൾ സുവർണാവസരമാണ്. ജനസംഖ്യയുടെ ആഗോള ശരാശരി അനുസരിച്ച് 2030 ആകുമ്പോഴേക്കും 20,000 ആശുപത്രി കിടക്കകൾ കൂടി വേണ്ടിവരുമെന്നാണ് കണക്ക്.
സൗദി ആരോഗ്യരംഗത്ത് നിക്ഷേപത്തിനുള്ള സാധ്യതയറിഞ്ഞ വിദേശ കമ്പനികളും പ്രതിനിധികളും ഏറെ താൽപര്യത്തോടെയാണ് മേളയിൽ പങ്കെടുക്കുന്നത്. നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്ക് ഈ മേഖലയിലെ വിദഗ്ധരെ കണ്ടെത്താനും അവരുമായി പ്രത്യേക യോഗങ്ങൾ ചേരാനുമുള്ള അവസരം കൂടിയാണിത്.
പൊതു ആരോഗ്യം, ക്വാളിറ്റി ഹെൽത്ത് കെയർ, ദി ഫ്യൂച്ചർ ഓഫ് മെഡിക്കൽ ലബോറട്ടറി, റേഡിയോളജി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ (സി.എം.ഇ) കോൺഫറൻസുകൾക്കും മേള ആതിഥേയത്വം വഹിക്കും. മെഡിക്കൽ വിദ്യാർഥികൾ, അധ്യാപകർ, ഡോക്ടർമാർ, മറ്റ് മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫുകൾ എല്ലാം സന്ദർശകരായി മേളയിലെത്തുന്നുണ്ട്.
www.globalhealthsaudi.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ഇ-മെയിൽ വഴി ലഭിക്കുന്ന ബാഡ്ജുമായാണ് മേളയിലെത്തേണ്ടത്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് നേരിട്ടെത്തിയും നടപടികൾ പൂർത്തിയാകാവുന്നതാണ്. പ്രവേശനം പൂർണമായും സൗജന്യമാണ്. ബുധനാഴ്ച രാത്രി ഒമ്പതോടെ മേള അവസാനിക്കും. രാവിലെ 10 മുതൽ രാത്രി 8.30 വരെയാണ് സന്ദർശന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.