ഇൻറർനാഷനൽ മ്യൂസിയങ്ങളുടെ വികസനത്തിന് ആഗോള പദ്ധതി
text_fieldsജുബൈൽ: ഇൻറർനാഷനൽ മ്യൂസിയങ്ങൾ സ്ഥാപിക്കാനും വികസിപ്പിക്കാനും സൗദി അറേബ്യക്ക് ആഗോളപദ്ധതി. കഴിഞ്ഞവർഷം റിയാദിൽ നടന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ ആശയ പശ്ചാത്തലത്തിൽ ആവിഷ്കരിച്ച പദ്ധതിയുടെ നടപ്പാക്കലിന് ആഗോളപങ്കാളികളെ സൗദി തേടുകയാണ്. സൗദി നിക്ഷേപ അജണ്ടയിൽ മുൻനിരയിൽ ഇടംപിടിച്ച 'സംസ്കാരം' എന്ന ഇനത്തിലാണ് ഇൻറർനാഷനൽ മ്യൂസിയങ്ങൾ സ്ഥാപിക്കൽ. സൗദി സാംസ്കാരിക മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ ഇതിനകംതന്നെ തദ്ദേശീയ - വിദേശ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം ക്ഷണിച്ചിട്ടുണ്ട്.
സാംസ്കാരിക മേഖലയിൽ 20 ശതകോടി ഡോളർ വരുമാനവും ഒരുലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനും മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) മൂന്നു ശതമാനം സംഭാവന ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. മ്യൂസിയം മേഖലയിൽ ലോകമെമ്പാടുമുള്ള പങ്കാളികളുമായി മന്ത്രാലയം നിരവധി ചർച്ചകൾ നടത്തിക്കഴിഞ്ഞു. താമസിയാതെ സൗദി അറേബ്യയുടെ തനത് മ്യൂസിയം അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനമാരംഭിക്കുകയും ലോകത്തെ മറ്റ് മ്യൂസിയങ്ങളുമായി പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്യും.
പദ്ധതി കൂടുതൽ വികസിപ്പിക്കുന്നതിന് വരുംമാസങ്ങളിൽ മ്യൂസിയം കമീഷൻ ആശയവിനിമയ പ്രവർത്തനങ്ങൾ ആരംഭിക്കും. 'സംസ്കാരം ഒരു ജീവിതരീതി', 'സംസ്കാരം ഒരു സാമ്പത്തിക വളർച്ച സ്രോതസ്സ്', 'സംസ്കാരം ഒരു വിനിമയ സംവിധാനം' എന്നിങ്ങനെ മൂന്ന് തലങ്ങളിലാവും പ്രവർത്തനങ്ങൾ ക്രമീകരിക്കുക. ആദ്യപടിയായി സമ്പന്നമായ പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം പ്രദേശത്തെ എല്ലാ പൗരന്മാർക്കും വിദേശികൾക്കും വൈവിധ്യമാർന്ന സാംസ്കാരിക വിനിമയം സാധ്യമാകുന്നുവെന്ന് ഉറപ്പുവരുത്തും. പ്രാദേശിക സമൂഹങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ സൗദി അറേബ്യയിലെ ഒരു ജീവിതരീതിയായി സംസ്കാരം മാറ്റിയെടുക്കാൻ കഴിയുമെന്നും കരുതുന്നു.
സാംസ്കാരിക മന്ത്രാലയത്തിെൻറ 11 കമീഷനുകൾ 16 മേഖലകളിലെ സാമ്പത്തിക പ്രവർത്തനത്തിനുള്ള അടിത്തറ തയാറാക്കുന്നതിന് യോജിച്ചു പ്രവർത്തിച്ചുവരുകയാണ്. പൊതു-സ്വകാര്യ മേഖലകളെ സാംസ്കാരിക വികസനത്തിന് ഉപയോഗപ്പെടുത്തുന്നത് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ അഭിവൃദ്ധിക്ക് സഹായിക്കുമെന്നു കരുതുന്നു. കഴിഞ്ഞവർഷം സാംസ്കാരിക മന്ത്രാലയം ആരംഭിച്ച വികസനഫണ്ട് പൊതു - സ്വകാര്യ മേഖലകളിലെ സാമ്പത്തിക വിടവ് നികത്താനുള്ള സുപ്രധാന ഉപാധിയാണ്.
സാംസ്കാരിക വികസന ഫണ്ട് ഉപയോഗിക്കുന്നതിലൂടെ 'ഷരീക്ക്' പദ്ധതിവഴി വികസിപ്പിച്ച എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കാൻ സാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ രാജ്യത്ത് വിഷ്വൽ ആർട്സ് മേഖലയിൽ സജീവമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.