ആഗോള മൃദുശക്തി രാഷ്ട്ര സൂചികയിൽ അറബ് മേഖലയിൽ രണ്ടാം സ്ഥാനത്ത് സൗദി
text_fieldsജുബൈൽ: രാജ്യം ആഗോള മൃദുശക്തി രാജ്യങ്ങളുടെ സൂചികയിൽ അറബ് മേഖലയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ആഗോളതലത്തിൽ 24ാം സ്ഥാനത്താണ്. ഇൗ വർഷത്തെ റാങ്കിങ്ങിലാണ് ഇൗ മുന്നേറ്റം. കഴിഞ്ഞ വർഷം ആഗോളതലത്തിൽ 26ാം റാങ്കായിരുന്നു. അറബ് മേഖലയിൽ യു.എ.ഇക്ക് തൊട്ടുപിന്നിലുള്ള സൗദി അറേബ്യയുടെ സൂചിക സ്കോർ 100ൽ 44.2 ആണ്. സാമ്പത്തിക രാജ്യങ്ങളുടെ വിവിധ മേഖലയിലെ വളർച്ചയുടെ റാങ്കിങ് തയാറാക്കുന്ന പ്രമുഖ ഏജൻസിയായ ബ്രാൻഡ് ഫിനാൻസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് സൗദിയുടെ മുന്നേറ്റം രേഖപ്പെടുത്തിയത്. സമ്പദ് വ്യവസ്ഥയെ ആഗോള നിക്ഷേപ ശക്തിയായി വൈവിധ്യവത്കരിക്കാനുള്ള തന്ത്രം പൊതുനിക്ഷേപ സംരംഭങ്ങൾ വർധിപ്പിക്കാൻ സഹായകമാകുമെന്ന് റിപ്പോർട്ട് പറയുന്നു. ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ആദ്യത്തെ അറബ് രാഷ്ട്രമെന്ന നിലയിൽ യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുത്താണ് സൗദി അറേബ്യയുടെ മുന്നോട്ടുള്ള യാത്രയെന്ന് റിപ്പോർട്ടിൽ പറയുന്നു.
വനിത, കായിക, വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുഭരണത്തെക്കുറിച്ചുള്ള ധാരണകൾ മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ വർഷം ആദ്യത്തെ വനിത ഫുട്ബാൾ ലീഗ് ആരംഭിക്കുകയും സൗദി ലേഡീസ് ഇൻറർനാഷനൽ ഗോൾഫ് മത്സരം നടത്തുകയും ചെയ്തു. സൗദി അറേബ്യയുടെ ആഭ്യന്തര ബ്രാൻഡുകൾ വ്യവസായങ്ങളിലുടനീളം ഉപയോഗപ്പെടുത്താൻ ഭരണകൂടം നടപടിയെടുത്തു. സൗദി ടെലികോം കമ്പനിക്ക് കീഴിൽ ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നതിനുള്ള തുടക്കം കുറിച്ചു. ഐ.ടി മേഖലയിലെ ഭാവി വളർച്ചക്ക് അനുസൃതമായി ചെറുകിട, പ്രാദേശിക വ്യവസായം രൂപപ്പെടുത്തി വികസിപ്പിച്ചു. അന്താരാഷ്ട്ര ബന്ധങ്ങൾ, ബിസിനസ്, വ്യാപാരം, വിദ്യാഭ്യാസം, ശാസ്ത്രം, ജനങ്ങളും മൂല്യങ്ങളും, ഭരണം, മാധ്യമം, ആശയവിനിമയം എന്നീ രംഗങ്ങളിലെല്ലാം രാജ്യം മുന്നേറ്റം നടത്തുകയും ആഗോള ശ്രദ്ധനേടുകയും ചെയ്തത് സൂചികയിൽ മുന്നിൽ എത്താൻ സഹായിച്ചതായി ബ്രാൻഡ് ഫിനാൻസ് മിഡിൽ ഈസ്റ്റ് റീജനൽ മാനേജിങ് ഡയറക്ടർ ആൻഡ്രൂ കാമ്പ്ബെൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.