ആടുജീവിതങ്ങൾ അവസാനിക്കുന്നില്ല; മരുഭൂമിയിൽനിന്ന് ഒരാൾകൂടി രക്ഷപ്പെട്ടു
text_fieldsദമ്മാം: വേറെ ജോലിയെന്നു പറഞ്ഞ് റിക്രൂട്ട് ചെയ്ത് സൗദിയിലെ മരുഭൂമിയിൽ ആടു മേയ്ക്കാൻ എത്തിച്ച് ദുരിതത്തിലായ ഇന്ത്യക്കാരനെ മലയാളി സാമൂഹിക പ്രവർത്തകർ രക്ഷപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശി ചന്ദ്രപാൽ ആണ് മരുഭൂമിയിൽ ഒറ്റപ്പെട്ട് ഒടുവിൽ മരണമുനമ്പിൽനിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടുവർഷം മുമ്പാണ് ഏജന്റിന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലേക്ക് വിമാനം കയറിയത്. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽനിന്നും 100 കിലോമീറ്റർ അകലെ ഒരു ഉൾനാട്ടിലെ മരുഭൂമിയിലായിരുന്നു തൊഴിലുടമ ഇയാളെ ആട്ടിടയ ജോലിക്ക് എത്തിച്ചത്.
ജീവിത പ്രാരബ്ധങ്ങളുടെ നടുക്കടലിൽനിന്ന് ഗൾഫിലെത്തിയ ചന്ദ്രപാലിന് ഈ ദുരിതകാലം അനുഭവിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല. കഷ്ടപ്പാട് സഹിച്ച് ജോലിയിൽ തുടരുന്നതിനിടയിൽ അഞ്ചുമാസം മുമ്പ് സ്പോൺസറെത്തി അവിടെയുണ്ടായിരുന്ന മുഴുവൻ ആടുകളെയും മറ്റൊരാൾക്ക് വിൽപന നടത്തി. അതോടെ കൂടൊഴിഞ്ഞെങ്കിലും ചന്ദ്രപാലിനെ മാത്രം അവിടെയാക്കി, താൻ പിന്നീട് വന്ന് കൂട്ടിക്കൊണ്ടു പോകാമെന്ന് വാക്ക് നൽകി സ്പോൺസർ പോയി. എന്നാൽ, അയാൾ മടങ്ങിവന്നില്ല. അഞ്ചുമാസമായി തുടർന്ന കാത്തിരിപ്പ് വിഫലമായി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ കൊടിയ യാതനയാണ് അനുഭവിച്ചത്.
ഇനി സ്പോൺസറെ കാത്തിരുന്നിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോൾ അവിടെ നിന്നിറങ്ങി റോഡ് ലക്ഷ്യമാക്കി നടന്നു. ഒടുവിൽ ചന്ദ്രപാൽ സൽവ ഹുഫൂഫിലുള്ള ഒരു പെട്രോൾ പമ്പിൽ എത്തി. അവിടെനിന്ന് ഒരു ട്രക്ക് ഡ്രൈവറുടെ കാരുണ്യത്താൽ സൽമാനിയ എന്ന സ്ഥലത്തെത്തി. അപ്പോഴേക്കും ആകെ തളർന്ന് അവശനായിപ്പോയിരുന്നു. അവിടെയുള്ളവർ വിളിച്ചറിയിച്ചതിനെ തുടർന്ന് നവോദയ കലാസാംസ്കാരിക വേദി പ്രവർത്തകൻ ചന്ദ്രബാബു കടയ്ക്കൽ സഹപ്രവർത്തകരെയും കൂട്ടി സഹായിക്കാനെത്തി. ഏരിയ കമ്മിറ്റിയംഗങ്ങളായ ഷൈജൻ, സലിം, ഷാജഹാൻ എന്നിവർ ചേർന്ന് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ചെയ്തു. നാടുകടത്തൽ കേന്ദ്രവുമായി ബന്ധപ്പെട്ട് ചന്ദ്രബാബു കടയ്ക്കൽ യാത്രരേഖകൾ ശരിയാക്കി.
അൽഅഹ്സയിലെ ഷിഫ മെഡിക്സ് ഹെൽത്ത് കെയർ എന്ന സ്ഥാപനം വിമാന ടിക്കറ്റ് സൗജന്യമായി നൽകാൻ തയാറായി. മാർക്കറ്റിങ് ഹെഡ് അനസും സഹപ്രവർത്തകരായ മുരുകൻ, ഷമീർ എന്നിവരും ചേർന്ന് ടിക്കറ്റ് ചന്ദ്രപാലിനു കൈമാറി. നവോദയ പ്രവർത്തകർ വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും നൽകി യാത്രയയപ്പ് നൽകി. മരുഭൂമിയിൽ ഒടുങ്ങുമായിരുന്ന തന്നെ രക്ഷപ്പെടുത്തിയ എല്ലാവരോടും നന്ദിപറഞ്ഞ് അയാൾ നാട്ടിലേക്ക് വിമാനം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.