സവർണ സംവരണം ഭരണഘടന അട്ടിമറി –സുരേന്ദ്രൻ കരിപ്പുഴ
text_fieldsദമ്മാം: പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ 'അട്ടിമറിക്കപ്പെടുന്ന സംവരണം'എന്ന വിഷയത്തിൽ വെർച്വൽ സംഗമം സംഘടിപ്പിച്ചു. സാമ്പത്തിക സംവരണം എന്ന പേരിൽ നടത്തുന്ന സവർണ സംവരണം ഭരണഘടന അട്ടിമറിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
പരമ്പരാഗത രാഷ്ട്രീയ കക്ഷികൾ ഇതിനെ ഭരണഘടന വിഷയമായി ഉയർത്തിക്കാട്ടുന്നതിനോ പിന്നാക്ക ജനവിഭാഗത്തോടുള്ള നീതിനിഷേധമായി കാണാനോ തയാറാവുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭുവനേശ്വർ ഒഡിഷ സെൻറൻറ ഫോർ ഡെവലപ്മെൻറ് എജുക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ അസി. പ്രഫ. പി.കെ. സാദിഖ് മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. സംവരണം ദാരിദ്ര്യ നിർമാർജന പദ്ധതിയോ സാമൂഹികക്ഷേമ പദ്ധതിയോ അല്ലെന്നും ഇന്ത്യ എന്ന രാഷ്ട്രം ഉണ്ടാക്കുന്നതിന് മുമ്പുതന്നെ വിവിധ സമുദായങ്ങൾ തമ്മിൽ നടന്ന ചർച്ചകളുടെ ഫലമായി എത്തിച്ചേർന്ന അധികാര പങ്കാളിത്ത ഉടമ്പടിയാണെന്നും അദ്ദേഹം പറഞ്ഞു.
സംവരണീയ സമുദായങ്ങൾ ഇക്കാര്യത്തിൽ എന്നത്തേക്കാളും ഏറെ ബോധവാന്മാരായിരിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് എം.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹ്സിൻ ആറ്റശ്ശേരി സ്വാഗതവും അൻവർ സലിം നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ഷബീർ ചാത്തമംഗലം അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.