ഗുഡ്വില് ഗ്ലോബല്‍ ഇനീഷ്യേറ്റിവ് 'റമദാന് ടോക്സ് സീസൺ രണ്ട്' സംഘടിപ്പിച്ചു
text_fieldsജിദ്ദ: ഗുഡ്വില് ഗ്ലോബല്‍ ഇനീഷ്യേറ്റിവിെൻറ (ജി.ജി.ഐ) നേതൃത്വത്തിൽ നടക്കുന്ന 'റമദാന് ടോക്സ്' സീസണ് രണ്ടിെൻറ പ്രഥമ സെഷന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യക്കുമായി സ്വയം സമര്‍പ്പിച്ച് അരനൂറ്റാണ്ടായി പ്രവാചകനഗരിയില്‍ വിജ്ഞാന വിസ്മയംതീര്‍ക്കുന്ന ഡോ. മുഹമ്മദ് അഷ്റഫ് അലി മലൈബാരിയുടെ ജീവിതം അടയാളപ്പെടുത്തുന്ന പരിപാടിയായിരുന്നു ഒന്നാം സെഷൻ. ഖുര്‍ആന്‍-ഹദീസ് വിജ്ഞാനീയങ്ങളുടെ പാരാവാരമാണ് ഡോ. മുഹമ്മദ് അഷ്റഫ് അലി മലൈബാരിയെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.
ഖുര്‍ആെൻറ ആശയപ്രചാരണത്തിനും നബിചര്യയുടെ പഠനത്തിനും പ്രചാരണത്തിനുമായി ആധുനിക സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് അഷ്റഫ് മലൈബാരി അര്‍പ്പിച്ചുപോരുന്ന കനപ്പെട്ട സംഭാവനകളെ സമദാനി പ്രകീര്‍ത്തിച്ചു. പണ്ഡിതനെ ആദരിക്കുന്നത് വിജ്ഞാനത്തെ ബഹുമാനിക്കലും അറിവിെൻറ പദവി ഉയര്‍ത്തലുമാണ്. ഒരാളുടെ ഉയര്‍ച്ചയുടെ മാനദണ്ഡം അറിവാണ്. ഈ ലോകത്ത് ഭക്ഷണവും അധികാരവും മറ്റ് ഭൗതികസൗകര്യങ്ങളുമെല്ലാം മടുക്കും. എന്നാല്‍, ഒരിക്കലും മടുക്കാത്തതും എന്നെന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതും അറിവാണ്. അഭിമാനവും അന്തസ്സും പ്രതാപവും ഔന്നത്യവുമെല്ലാം അറിവിനെ ആശ്രയിച്ചാണ്. നന്മ എടുത്തുപറയുന്നതിനെ മുഖസ്തുതിയായി കാണുന്നത് സാമൂഹിക വ്യാധിയായി മാറിയിരിക്കുന്ന വര്‍ത്തമാനകാലത്ത്, മലൈബാരിയെ പോലുള്ള പണ്ഡിതന്മാരെ ആദരിക്കല്‍ മഹത്തായ സംസ്കാരത്തിെൻറ ഭാഗമാണെന്നും മലൈബാരിയുടെ മഹിതജീവിതം അടയാളപ്പെടുത്താന്‍ ജി.ജി.ഐ മുന്‍കൈയെടുത്തതിനെ പ്രകീര്‍ത്തിക്കുന്നതായും സമദാനി പറഞ്ഞു.
'ജ്ഞാന നഭസ്സിലെ മദീന താരകം', 'വഴിയും വെളിച്ചവും' എന്നീ ശീര്‍ഷകങ്ങളില്‍ നടന്ന ദ്വിദിന സൂം സെഷനില്‍ ജി.ജി.ഐ പ്രസിഡൻറ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. 1972ല്‍ കാസര്‍കോട്ടുനിന്നെത്തി മദീനയില്‍ സ്ഥിരതാമസമാക്കി ഖുര്‍ആന്‍, ഹദീസ് വിജ്ഞാനീയങ്ങളുടെ ഗവേഷണ, പ്രചാരണരംഗങ്ങളില്‍ അര്‍പ്പിച്ച സേവനപ്രവര്‍ത്തനങ്ങള്‍ മലൈബാരി വിശദീകരിച്ചു. അബ്ദുസ്സത്താര്‍ എന്‍ജിനീയര്‍, ജനറല്‍ സെക്രട്ടറി ഹസന് ചെറൂപ്പ, ട്രഷറര്‍ പി.വി. ഹസന് സിദ്ദീഖ് ബാബു, സെക്രട്ടറി കബീര്‍ കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു. ഇബ്രാഹീം ശംനാട്, സഹല്‍ കാളമ്പ്രാട്ടിൽ എന്നിവർ ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.