കെ.എസ്.എഫ്.ഇ ചിട്ടിക്ക് സർക്കാറിന്റെ ഗാരണ്ടി
text_fieldsദമ്മാം: ചിട്ടിയെന്ന് കേൾക്കുമ്പോഴേ ചതിയുടെ കഥകൾ ഓർമവരുന്നവർക്ക് ആശങ്കയില്ലാതെ ചേരാൻ പറ്റുന്ന ഒന്നാണ് കെ.എസ്.എഫ്.ഇ ചിട്ടികളെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. ഇതിന് സർക്കാർ ഗാരണ്ടിയുണ്ട് എന്നതാണ് ഏറ്റവും വലിയ സുരക്ഷിതത്വം. പ്രവാസികൾക്ക് ഓൺലൈനായി ചിട്ടിയിൽ ചേരാനും തവണകൾ അടക്കാനും ചിട്ടി വിളിക്കാനുമുള്ള സൗകര്യങ്ങളാണുള്ളത്.
121 രാജ്യങ്ങളിൽനിന്നും ഓൺലൈനായി പ്രവാസി ചിട്ടി പദ്ധതിയിൽ നിക്ഷേപം നടത്തുന്നുണ്ട്. സൗദിയിൽനിന്നാണ് ഏറ്റവും കുറവ് ആളുകൾ ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത്. അതിനു മാറ്റം വരുത്താനാണ് നിയമസഭ സമ്മേളനം നടക്കുന്ന കാലമായിട്ടും താൻ നേരിട്ട് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ തുകകൾ നിക്ഷേപിച്ച് മികച്ചൊരു സുരക്ഷിത സമ്പാദ്യത്തിലേക്കെത്തിക്കാൻ ചെറിയ വരുമാനമുള്ളവർക്കും സാധ്യമാകും വിധമാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. സൗദിയിൽ നിരവധി മലയാളികൾ ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അവർക്ക് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്തുണക്കാൻ സാധിക്കും.
സംസ്ഥാന സർക്കാർ വിഭാഗങ്ങൾ ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ചുവരുകയാണ്. കിഫ്ബി വികസിപ്പിച്ച എറ്റവും മികച്ച സോഫ്റ്റ് വെയറാണ് കേരളസർക്കാർ സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് കെ.എസ്.എഫ്.ഇയുടെ ജീവനക്കാർ സാലറി ചലഞ്ചിലൂടെ ഏകദേശം 50 കോടി രൂപയാണ് സമാഹരിച്ച് കേരളത്തിനായി നൽകിയത്.
വയനാട് പോലുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പൊതുവായി ആളുകൾക്ക് താമസിക്കാനുള്ള ഷെൽട്ടർ ഹൗസ് നിർമിക്കാനാണ് ഇത്തവണ ജീവനക്കാർ പദ്ധതിയിട്ടിരിക്കുന്നത്. 43,000 ലാപ്ടോപ്പുകളാണ് കെ.എസ്.എഫ്.ഇ വിദ്യാർഥികൾക്കുള്ള പദ്ധതിയിലൂടെ വിതരണം ചെയ്തത്.
പുതിയ ലോജിസ്റ്റിക് പോളിസി സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് സദസ്സിൽനിന്നുയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. സ്വകാര്യമേഖലയിൽ ഇൻഡസ്ട്രിയൽ പാർക്കുകളും ഐ.ടി പാർക്കുകളും നടത്തുന്നതിന് അതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംരംഭങ്ങൾ ആരംഭിക്കുന്നതിനും വാഹനവായ്പ, ഗൃഹോപകരണ വായ്പ, ഭവനനിർമാണ വായ്പ എന്നീ പദ്ധതികളും കെ.എസ്.എഫ്.ഇ നടത്തുന്നുണ്ടെന്ന് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു.
കെ.എസ്.എഫ്.ഇ എം.ഡി ഡോ. എസ്.കെ. സനിൽ, ബോർഡ് മെംബർ എം.സി. രാഘവൻ, ഡി.ജി.എം എം.ടി. സുജാത, എ.ജി.എം ഷാജു ഫ്രാൻസിസ്, ചീഫ് മാനേജർ പി.കെ. രേവതി എന്നിവരും മന്ത്രിക്കൊപ്പം സൗദി പര്യടന സംഘത്തിലുണ്ടായിരുന്നു.
ലോകകേരള സഭാംഗം ആൽബിൻ ജോസഫ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗം സുനിൽ മുഹമ്മദ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.