കേരളത്തിലേത് എല്ലാവരുടെയും സമാധാനം നഷ്ടപ്പെടുത്തുന്ന സർക്കാർ -പി.എം.എ. സലാം
text_fieldsജിദ്ദ: കേരളത്തിലേത് എല്ലാവരുടെയും സമാധാനവും ഉറക്കവും നഷ്ടപ്പെടുത്തുന്ന സർക്കാറാണെന്നും അതിന്റെ ഉദാഹരണമാണ് സിൽവർലൈൻ പദ്ധതിയെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഉംറ ആവശ്യാർഥം മക്കയിലെത്തിയ അദ്ദേഹത്തിന് ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെൽഫെയർ ലീഗും തിരൂരങ്ങാടി മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റികളും സംയുക്തമായി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പൊന്നുമില്ലാത്തവിധം അക്രമവും പീഡനവുമാണ് ദലിത്-മുസ്ലിം വിഭാഗങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാനും ഇടപെടലുകൾ നടത്താനും നിയമനടപടികൾ കൈക്കൊള്ളാനും മുസ്ലിംലീഗ് മാത്രമേയുള്ളൂ. കേരളത്തിൽപോലും മതേതരത്വസ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദലിത്-മുസ്ലിം പിന്നാക്കാവസ്ഥയെ കൂടുതൽ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന സ്ഥിതിവിശേഷമാണ്. വഖഫ് ബോർഡ് വിഷയത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകും. പിണറായി സർക്കാർ ഹൈന്ദവ-മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വിള്ളൽ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. അതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് തൃക്കാക്കരയിൽ സി.പി.എം നിശ്ചയിച്ച ആദ്യ സ്ഥാനാർഥിയെ മാറ്റി പകരം ക്രിസ്തീയ വിഭാഗത്തിൽപ്പെട്ട ആളെ നിശ്ചയിച്ചതെന്നും സലാം ആരോപിച്ചു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര യോഗം ഉദ്ഘാടനം ചെയ്തു. സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. റബീഅ തിരൂരങ്ങാടി, ജാഫർ വെന്നിയൂർ, എം.സി. സുഹൈൽ, മുഹമ്മദ് റാഫി, റസാഖ്, സമീർ എന്നിവർ പി.എം.എ സലാമിനെ പൊന്നാട അണിയിച്ചു. വി.പി. മുസ്തഫ, ഇസ്ഹാഖ്, പി.കെ. സുഹൈൽ, ഉനൈസ് കരിമ്പിൽ, എം.സി. കുഞ്ഞുട്ടി, വി.പി. അഫ്സൽ, അഷ്റഫ് താഴെക്കോട്, കെ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. എം.പി. അബ്ദുൽ റഊഫ് സ്വാഗതവും പൊറ്റയിൽ അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. താപ്പി മുഹിയുദ്ദീൻ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.