പ്രവാസി ദ്രോഹ നടപടികളിൽനിന്ന് സർക്കാറുകൾ പിന്മാറണം: സമസ്ത ഇസ്ലാമിക് സെന്റർ
text_fieldsറിയാദ്: വിദേശത്തുനിന്ന് വരുന്നവർക്ക് നിർബന്ധിത ഗൃഹസമ്പർക്കവിലക്ക് വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളിൽനിന്ന് സർക്കാറുകൾ പിന്മാറണമെന്ന് സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പട്ടു. കോവിഡ് വ്യാപനത്തിന്റെ പേരിലാണ് ഇത്തരമൊരു നിർദേശം സർക്കാറുകൾ മുന്നോട്ടു വെച്ചത്. എന്നാൽ, വ്യാപകമായി സർക്കാർ ആഘോഷങ്ങളും പരിപാടികളും ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നടക്കുന്നത്. പാർട്ടി സമ്മേളനങ്ങളും ഫുട്ബാൾ മേളകളും ഉദ്ഘാടന മാമാങ്കങ്ങളും ഒരു നിയന്ത്രണവു മില്ലാതെ നടത്താൻ അനുവദിക്കുമ്പോൾ ശക്തമായ മുൻകരുതലുകളും, ടെസ്റ്റുകൾക്കും വിധേയമായി എത്തുന്ന പ്രവാസികളെയാണ് വീടുകളിൽ തളച്ചിടാൻ നിർബന്ധിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ വിവിധ കോവിഡ് പരിശോധനകളും ബൂസ്റ്റർ ഡോസുമടക്കം വാക്സിനുകളും എടുത്ത് എത്തുന്ന പ്രവാസികൾക്ക് മാത്രമായി ഏഴു ദിവസ നിർബന്ധിത ക്വാറന്റീൻ എന്നത് ബുദ്ധി ശൂന്യമാണെന്നും പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ മാത്രമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
കേന്ദ്ര മാർഗ നിർദേശപ്രകാരം വിദേശരാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഗൃഹസമ്പർക്കവിലക്ക് ഏർപ്പെടുത്തുമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുറഞ്ഞ ദിവസത്തേക്ക് മാത്രം നാട്ടിൽ വരുന്ന പ്രവാസികളെ ഇത് തീർത്തും നിരാശരാക്കുന്നതാണ്. സ്വന്തം നാട്ടിലേക്ക് വരുന്നതിൽ നിന്നു പോലും ഇവരെ ഇത് പിന്തിരിപ്പിക്കാൻ കാരണമാകും.
പ്രവാസികളെ എന്നും രണ്ടാംകിട പൗരന്മാരായി കണ്ടു അശാസ്ത്രീയ നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുന്നത് തുടരുന്ന സർക്കാറിന്റെ ഈ പീഡന നയത്തിനെതിരെ മുഴുവന് പ്രവാസി സമൂഹവും ശക്തമായി രംഗത്തു വരണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. വർക്കിങ് സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി ഉദ്ഘാടനം ചെയ്തു.
സൈതലവി ഫൈസി പ്രാർഥന നിർവഹിച്ചു. ട്രഷറർ യു.കെ. ഇബ്രാഹിം, ബഷീർ ബാഖവി, സൈദലവി ഫൈസി, ഉസ്മാൻ ഇടത്തിൽ, അബ്ദുറഹ്മാൻ പൂനൂർ, അബ്ദുസ്സലാം കൂടരഞ്ഞി, ബാസ്വിത് വാഫി, അബ്ദുറഹ്മാൻ ദാരിമി, മുനീർ ഹുദവി, സയ്യിദ് ജമലുല്ലൈലി തങ്ങൾ, ഫരീദ് ഐക്കരപ്പടി, ശറഫുദ്ദീൻ മുസ്ലിയാർ, മുസ്തഫ ദാരിമി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ സ്വാഗതവും അബൂബക്കർ താമരശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.