വേനലവധിക്ക് വിട; സർക്കാർ സ്കൂളുകൾ നാളെ തുറക്കും
text_fieldsജിദ്ദ: രാജ്യത്തെ ഗവൺമെൻറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേനലവധിക്ക് ശേഷം നാളെ തുറക്കും. മൂന്ന് മാസത്തിലധികം നീണ്ട അവധി കഴിഞ്ഞാണ് സ്കൂളുകൾ തുറക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം ഏകദേശം അറുപത് ലക്ഷത്തിലധികം പേർ നാളെ സ്കൂളുകളിലെത്തും. പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനും വിദ്യാർഥികളെ സ്വീകരിക്കുന്നതിനും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
അധ്യാപകരെത്തിയതോടെ കഴിഞ്ഞ ആഴ്ച മുതൽ സ്കൂളുകളിലെ ഒരുക്കങ്ങൾ സജീവമായിട്ടുണ്ട്. ഇത്തവണ 487 പുതിയ സ്കൂളുകളും പ്രവർത്തിക്കും. അധ്യാപക നിയമനങ്ങളും സ്കൂളുകളുടെ ശുചീകരണം, അറ്റകുറ്റപ്പണികൾ എന്നിവക്കായി കമ്പനികളുമായി ധാരണയുണ്ടാക്കൽ പൂർത്തിയായെന്നും പുസ്തകങ്ങൾ എത്തിയതായും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അതതു മേഖലാ വിദ്യാഭ്യാസ മേധാവികൾ ഒരുക്കങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായി.
പുതിയ അധ്യായനവർഷത്തെ സ്വീകരിക്കുന്നതിനായി അധ്യാപകർ ഒരാഴ്ച മുമ്പ് ജോലികൾ ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് അവധി ചെലവഴിക്കാൻ കുടുംബസമ്മേതം പോയിരുന്ന സ്വദേശികളും വിദേശികളും തിരിച്ചെത്തിക്കഴിഞ്ഞു. പുസ്തകവിപണിയും സജീവമായി. പഠനോപകരണങ്ങളുടെ വൻ ശേഖരമാണ് പ്രമുഖ ബുക് സ്റ്റാളുകളിൽ ഒരുക്കിയിരിക്കുന്നത്. സ്കൂൾ തുറക്കാറായതോടെ കടകളിൽ തിരക്കു കൂടി. വില കൂട്ടി വിൽക്കുന്നത് നിരീക്ഷിക്കാൻ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരും രംഗത്തുണ്ട്.
ജിദ്ദ മേഖലയിൽ ഏഴ് ലക്ഷത്തിലധികം വിദ്യാർഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ജിദ്ദ വിദ്യാഭ്യാസ കാര്യാലയം പൂർത്തിയാക്കി. ജിദ്ദ വിദ്യാഭ്യാസ കാര്യാലയത്തിനു കീഴിലെ ഒരുക്കങ്ങൾക്കായുള്ള സമിതിയുടെ മേൽനോട്ടത്തിലാണ് പുതിയ അധ്യായന വർഷത്തെ വരവേൽക്കുന്നതെന്ന് ജിദ്ദ വിദ്യാഭ്യാസ മേധാവി അബ്ദുല്ല ബിൻ അഹ്മദ് അൽസഖഫി പറഞ്ഞു. വിദ്യാർഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും അദ്ദേഹം അനുമോദിച്ചു. മേഖലയിലെ സ്കൂളുകളിലെ ഒരുക്കങ്ങൾ മക്ക മേഖല വിദ്യാഭ്യാസ മേധാവി മുഹമ്മദ് ബിൻ മഹ്ദി അൽഹാരിസി പരിശോധിച്ചു. വിവിധ സ്കൂളുകൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തുകയും സ്കൂൾ മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സ്കൂളുകൾ വിദ്യാർഥികൾക്കും അധ്യാപകർക്കുമാവശ്യമായ സൗകര്യങ്ങളോടെ വികസിപ്പിക്കാൻ ആരംഭിച്ചതായി മേഖല വിദ്യാഭ്യാസ മേധാവി പറഞ്ഞു. ഏകദേശം 33 പദ്ധതികൾ ആദ്യ സെമസ്റ്ററിെൻറ അവസാനത്തിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ മേഖല വികസന കമ്പനി എക്സിക്യൂട്ടീവ് മേധാവി ഡോ. അബ്ദുറഹ്മാൻ അൽബുറൈദി അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.