ഗവൺമെൻറ് രൂപവത്കരണം: യമനിൽ രാഷ്ട്രീയ സ്ഥിരതയുണ്ടാക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: യമനിൽ പുതിയ ഗവൺമെൻറ് രൂപവത്കരിച്ചത് രാഷ്ട്രീയസ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രത്യാശ പ്രകടിപ്പിച്ചു. റിയാദ് കരാറിെൻറ അടിസ്ഥാനത്തിൽ പുതിയ മന്ത്രിസഭ രൂപവത്കരിച്ചതിന് യമൻ ജനതയെ അഭിനന്ദിക്കുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും രാഷ്ട്രീയ പരിഹാരമായി മാറി യമൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്നും ഞങ്ങൾ അത് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. യമൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ശ്രമങ്ങളിലൂടെ റിയാദ് കരാർ എല്ലാ പ്രതിസന്ധികളെയും തരണംചെയ്തതായി സൗദി പ്രതിരോധ സഹമന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും വ്യക്തമാക്കി. യമനിൽ സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കാൻ സൗദി അറേബ്യ അതീവ താൽപര്യവും ശ്രദ്ധയുമാണ് ചെലുത്തുന്നത്. ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനായി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശപ്രകാരം നിലപാടിൽ ഉറച്ച പ്രവർത്തനം തുടരുമെന്നും പ്രതിരോധ സഹമന്ത്രി പറഞ്ഞു.
റിയാദ് കരാറിന് അനുസൃതമായി യമനിൽ പുതിയ ഗവൺമെൻറ് രൂപവത്കരിച്ചത് യമൻ ജനതയുടെ അഭിലാഷം സഫലീകരിക്കുന്ന പ്രധാന ഘട്ടമാണെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. രാഷ്ട്രീയ പരിഹാരം നേടുന്നതിനും പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും സ്ഥാപിക്കുന്നതിനുമുള്ള ഘട്ടംകൂടിയാണിതെന്നും ആദിൽ ജുബൈർ പറഞ്ഞു. വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ യമൻ ഗവൺമെൻറ് രൂപവത്കരണത്തെ അന്താരാഷ്ട്ര സമൂഹവും അറബ്ലോകവും വ്യാപകമായി സ്വാഗതം ചെയ്തു. ഹൂതികളെ നേരിടുന്നതിൽ യമനികളുടെ ഏകീകരണത്തിനും രാഷ്ട്രീയ പരിഹാരത്തിനും പുതിയ ഗവൺമെൻറ് രൂപവത്കരണം കാരണമാകും.
ആഭ്യന്തര സംഘർഷങ്ങളിൽ കലാപകലുഷിതമായ യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കഴിഞ്ഞ വർഷമാണ് സൗദി തലസ്ഥാനത്തുവെച്ച് 'റിയാദ് കരാർ' ഒപ്പുവെച്ചത്. നിരവധി സൈനികക്രമീകരണങ്ങളോടൊപ്പം ഏദന് പുതിയ ഗവർണറെയും സുരക്ഷാമേധാവിയെയും നിയമിക്കുക, സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ഉൾപ്പെടുത്തി പുതിയൊരു െഎക്യ ഗവൺമെൻറ് രൂപവത്കരിക്കുക തുടങ്ങിയ വ്യവസ്ഥകളായിരുന്നു കരാറിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.