ഗ്രാജ്വേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: ജിദ്ദ ഇന്‍റര്‍ നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് പന്ത്രണ്ടാം ക്ളാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ഗ്രാജ്വേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു. കോണ്‍സല്‍ ജനല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മുഖ്യാതിഥിയായിരുന്നു. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ലക്ഷ്യം നേടാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹ നന്മ ലക്ഷ്യമിട്ടുള്ള ജീവിത വിജയമായിരിക്കണം കൈവരിക്കേണ്ടതെന്ന് വിദ്യാര്‍ഥികളോട് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. ഏതു തൊഴില്‍ മേഖല തെരഞ്ഞെടുത്താലും അതില്‍ വിജയം വരിക്കാന്‍ പരിശ്രമിക്കണം.സമൂഹവുമായി ഒട്ടേറെ ഇടപഴകാന്‍ സാധിക്കുന്ന സിവില്‍ സര്‍വീസ് മേഖല പ്രൊഫഷനായി തെരഞ്ഞെടുക്കാനുള്ള പരിശ്രമം ഉണ്ടാകണമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ചടങ്ങിന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കേന്ദ്ര മാനവശേഷി വിഭവ മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു. സ്കൂള്‍ ഒബ്സര്‍വറും ഡപ്യൂട്ടി കോണ്‍സല്‍ ജനറലുമായ മുഹമ്മദ് ശാഹിദ് ആലം, മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, ഹയര്‍ ബോര്‍ഡ് അംഗം ഹസന്‍ ഗയാസ് എന്നിവര്‍ ആശംസനേര്‍ന്നു. സ്കൂള്‍ ഹെഡ് ബോയ് റെസിന്‍ അഹമദും ഹെഡ്ഗേള്‍ അജീസ അഹമദും സ്കൂള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ സൗദിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ജിദ്ദ സ്കൂളില്‍ നിന്ന് വിജയിച്ച കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. 225 ആണ്‍കുട്ടികളും 290 പെണ്‍കുട്ടികളും ഉള്‍പ്പെടെ 515 വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ സെയ്ദ് മസൂദ് അഹമദ് സ്വാഗതവും വൈസ് പ്രില്‍സിപ്പല്‍ ഡോ.നജീബ് ഗയ്സ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.