തീർഥാടകർക്ക് ബോധവത്കരണം; ‘ഗ്രാൻഡ് ഹജ്ജ് സിമ്പോസിയം’ നാളെ മക്കയിൽ
text_fieldsമക്ക: ഹജ്ജ് കർമങ്ങൾ സുഗമമാക്കുന്നതിന്റെ വശങ്ങളെ കുറിച്ച് തീർഥാടകരെ ബോധവത്കരിക്കാനുള്ള ‘ഗ്രാൻഡ് ഹജ്ജ് സിമ്പോസിയം’ 48ാമത് പതിപ്പിന് തിങ്കളാഴ്ച മക്കയിൽ തുടക്കം. ‘ശരീഅത്ത് അനുമതികൾ നിരീക്ഷിക്കലും ഹജ്ജിന് അംഗീകരിച്ച നിയമങ്ങൾ പാലിക്കലും’ എന്ന തലക്കെട്ടിലാണ് ഇത്തവണ സിമ്പോസിയം നടക്കുന്നത്. ബോധവത്കരണ മാർഗങ്ങൾ ഏകീകരിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഒരോ വർഷവും ഹജ്ജിന്റെ മുന്നോടിയായി സിമ്പോസിയം സംഘടിപ്പിക്കുന്നത്.
ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയുടെ നേതൃത്വത്തിൽ നടക്കുന്ന സിമ്പോസിയത്തിൽ ലോകത്തെ ഇസ്ലാമിക പണ്ഡിതന്മാരും ചിന്തകരും ഉൾപ്പെടെ 500 പേർ പങ്കെടുക്കും. ഉദ്ഘാടന പരിപാടിയിൽ ഹജ്ജ്, ഉംറ മന്ത്രി സ്വാഗതപ്രസംഗം നടത്തും. ഗ്രാൻറ് മുഫ്തിയെ പ്രതിനിധീകരിച്ച് മുതിർന്ന പണ്ഡിതസഭ സെക്രട്ടറി ജനറൽ ഡോ. ഫഹദ് അൽ മാജിദ് മുഖ്യപ്രഭാഷണം നിർവഹിക്കും. മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഈസ പ്രസംഗിക്കും. തുടർന്ന് ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും.
‘ഹജ്ജിലെ ശരീഅത്തും കർമശാസ്ത്ര അനുമതികളും’ എന്ന തലക്കെട്ടിലുള്ള ആദ്യത്തേതും പ്രധാനപ്പെട്ടതുമായ സെഷൻ നയിക്കുന്നത് കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സിന്റെ ഇസ്ലാമിക് റിസർച് ജേണലിന്റെ എഡിറ്റോറിയൽ ബോർഡ് ചെയർമാൻ ഡോ. അയ്യാദ് അൽ സുലമിയാണ്. നൈജീരിയയിലെ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് വൈസ് പ്രസിഡൻറ് ജനറൽ അൽഹാജ് റസാക്കി ഔലാദ് യെജോ, ഈജിപ്ത് മുഫ്തി ശൗഖി അല്ലാം, കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സ് അംഗവും റോയൽ കോർട്ട് ഉപദേശകനുമായ ഡോ. സഅദ് അൽശത്രി, മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ അംഗം ഡോ. സ്വാലിഹ് ബിൻ ഹുമൈദ് എന്നിവർ പെങ്കടുക്കും.
‘ഇളവുകളുടെ കർമശാസ്ത്രവും ഹജ്ജ് ആചാരങ്ങൾ സുഗമമാക്കുന്നതിലെ സ്വാധീനവും’ എന്ന വിഷയത്തിലുള്ള രണ്ടാമത്തെ പ്രധാന സെഷൻ മുതിർന്ന പണ്ഡിത കൗൺസിൽ അംഗം ഡോ. ജിബ്രിൽ ബിൻ മുഹമ്മദ് അൽബുസൈലി നയിക്കും. പങ്കെടുക്കുന്നവരിൽ ഇന്തോനേഷ്യൻ ഉലമ കൗൺസിൽ ജനറൽ പ്രസിഡൻറ് ശൈഖ് മുഹമ്മദ് അൻവർ ഇസ്കന്ദർ, ഇന്ത്യയിലെ അഖിലേന്ത്യ സെൻട്രൽ അഹ്ൽ അൽ ഹദീസ് അസോസിയേഷൻ അമീർ ശൈഖ് അസ്ഗർ അലി, മുതിർന്ന പണ്ഡിത കൗൺസിൽ അംഗങ്ങളായ ഡോ. സാമി അൽസുഖൈർ, ഡോ. യൂസുഫ് ബിൻ സഈദ് എന്നിവർ ഉൾപ്പെടും.
‘പ്രമോട്ടിങ് ഇൻക്ലൂസിവ് സിറ്റിസൺഷിപ് ആൻഡ് ബിൽഡിങ് ബ്രിഡ്ജസ്’ എന്ന വിഷയം സ്കാൻഡിനേവിയൻ കൗൺസിൽ ഫോർ റിലേഷൻസ് പ്രസിഡൻറും മുസ്ലിം വേൾഡ് ലീഗിന്റെ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുസൈൻ അൽദൗദി അവതരിപ്പിക്കും. ‘സുരക്ഷിത ഹജ്ജിലേക്ക്... നിർദേശങ്ങളും ചട്ടങ്ങളും പാലിക്കൽ’ എന്ന തലക്കെട്ടിൽ ഒരു ഡയലോഗ് സെഷനും നടക്കും. ‘നവീകരിച്ച ഹജ്ജ് പരിതസ്ഥിതിയിൽ ഒരു ഫ്ലെക്സിബിൾ ബിസിനസ് മോഡൽ’ എന്ന വിഷയം ഹജ്ജ് ഉംറ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ആഇദ് അൽഗുവൈനം സിമ്പോസിയത്തിൽ അവതരിപ്പിക്കും.
ഇരുഹറമുകളെക്കുറിച്ചും ഭാവിയിലെ സാങ്കേതിക വിദ്യകളെക്കുറിച്ചും ഹജ്ജ് ഉംറ മന്ത്രാലയത്തിലെ ഡിജിറ്റൽ എക്സ്പീരിയൻസ് അഡ്വൈസർ ഡോ. മുഹമ്മദ് അൽസഖർ അവതരിപ്പിക്കും. ഹജ്ജ്, ഉംറ സിമ്പോസിയത്തിലെ പങ്കാളികളെ ആദരിക്കുന്ന ചടങ്ങോടെ പരിപാടികൾ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.