മക്ക ഹറമിൽ ‘ഗോൾഫ്’ വണ്ടികൾക്ക് ഇനി ഇ-ബുക്കിങ് മാത്രം
text_fieldsമക്ക: തീർഥാടകർക്ക് മക്ക ഹറമിൽ സഞ്ചരിക്കാനുള്ള ഗോൾഫ് വാഹനങ്ങൾക്കുള്ള മാനുവൽ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായി ഇരുഹറം ജനറൽ അതോറിറ്റി അറിയിച്ചു. റമദാൻ 20 മുതൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള ബുക്കിങ് മാത്രമേ സ്വീകരിക്കൂ.
65 വയസ്സിന് മുകളിൽ പ്രായമായവർക്കാണ് ഈ വാഹനങ്ങളുടെ സൗകര്യം ലഭിക്കുക. ഓൺലൈനായി സ്വന്തമായോ നിശ്ചിത സർവിസ് പോയിന്റുകളിൽ നിന്നോ ബുക്കിങ് നടത്താൻ കഴിയും. എന്നാൽ വിഭിന്നശേഷിക്കാർക്കും ഒപ്പമുള്ളവർക്കും ബുക്കിങ് ആവശ്യമില്ല. അവർക്ക് സൗജന്യമായി ഗോൾഫ് വാഹനം ഉപയോഗിക്കാനാവും.
ടിക്കറ്റും തിരിച്ചറിയൽ കാർഡും സഹിതം കൃത്യസമയത്ത് തന്നെ വാഹനങ്ങൾക്ക് അടുത്ത് എത്തണം. മസ്ജിദുൽ ഹറാമിൽ നിരവധി സ്ഥലങ്ങളിൽ ഗോൾഫ് വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.
അജിയാദ് പാലം, അൽ സഫ ഹോട്ടലിന് മുന്നിലുള്ള ഗേറ്റ് മൂന്ന്, ഒന്നും രണ്ടും നിലകൾക്കിടയിലെ സ്ഥലം (മിസാനൈൻ), കിങ് അബ്ദുൽ അസീസ് ഗേറ്റിന് അടുത്ത അജിയാദ് ഗേറ്റ് രണ്ട്, ദാറുതൗഹിദ് ഹോട്ടലിന് അടുത്ത അൽ ശുബൈക പാലത്തിലേക്കുള്ള പ്രവേശന കവാടം എന്നീ സ്ഥലങ്ങളിലെല്ലാം വണ്ടികളുണ്ട്. ഇവിടെ നിന്നെല്ലാം ആവശ്യത്തിന് ഉപയോഗപ്പെടുത്താം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.