മുത്തശ്ശിക്കഥകൾ മൂല്യങ്ങളുടെ പാഠങ്ങൾ -നസീറുദ്ദീൻ ആലുങ്കൽ
text_fieldsദമ്മാം: മുതിർന്നവർ കുഞ്ഞുങ്ങൾക്കായി പകർന്നുകൊടുത്തിരുന്ന കൗതുക കഥകൾ അവരുടെ വ്യക്തിത്വ വികാസത്തിലും സ്വഭാവ രൂപവത്കരണത്തിലും വലിയ പങ്കുവഹിച്ചിരുന്നതായി പ്രമുഖ ഫാമിലി കൗൺസലറും പീപ്ൾ ഫൗണ്ടേഷനു കീഴിലുള്ള 'ആശ്വാസ് കൗൺസ'ലിന്റെ ഡയറക്ടറുമായ നസീറുദ്ദീൻ ആലുങ്കൽ പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു.
മുത്തശ്ശനും മുത്തശ്ശിയും ചെയ്ത കാര്യങ്ങൾ ഇന്നത്തെ പോസ്റ്റ് മോഡേൺ 'ഗ്രാൻമ'കൾക്ക് കഴിയാത്തതും അണുകുടുംബ സംവിധാനങ്ങളും കുടുംബ ബന്ധങ്ങൾ ഊഷ്മളമാകുന്നതിൽ തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവും ഒന്നിച്ചു താമസിക്കുക എന്നതല്ല കൂട്ടുകുടുംബത്തിന്റെ അർഥം. മറിച്ച് ബന്ധങ്ങൾ കൂടിച്ചേർന്നു നിൽക്കുക എന്നതാണ്. ഇന്ന് നാം അടുത്തിരിക്കുമ്പോഴും ഒരുപാട് അകന്നുനിൽക്കുന്നവരായി മാറിക്കൊണ്ടിരിക്കുകയാണ്.
പണ്ട് 'കണ്ണകന്നാൽ ഖൽബകന്നു' എന്നൊരു ചൊല്ലുണ്ടായിരുന്നു. എന്നാൽ, ഇന്ന് കണ്ണിനു മുന്നിലുള്ളപ്പോഴും ഖൽബകന്ന് പോകുന്നവരാവുകയാണ് മലയാളി. പരസ്പരമുള്ള ആശയവിനിമയങ്ങൾക്ക് ദാമ്പത്യത്തിൽ വലിയ പ്രാധാന്യമുണ്ട്.
ചേർന്നിരിക്കുമ്പോൾ നമ്മളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഓക്സിടോക്സി ഹോർമോണുകൾക്ക് 'ലവ് ഹോർമോൺ' എന്ന പേരുവന്നതുപോലും അതുകൊണ്ടാണ്. സൗഹൃദങ്ങൾ കാണുമ്പോൾ പരസ്പരമുള്ള ആലിംഗനങ്ങൾ മനുഷ്യർക്കിടയിൽ അടുപ്പം വർധിപ്പിക്കുന്നു. മക്കൾക്ക് പാലുകൊടുക്കുമ്പോൾ അമ്മയിലുണ്ടാകുന്ന ഹോർമോണുകളാണ് ലോകത്തെ ഏറ്റവും സ്നേഹമുള്ളവരാക്കി അമ്മമാരെ മാറ്റുന്നത്. മനുഷ്യൻ സ്വന്തത്തിലേക്ക് ഒതുങ്ങിയതോടെ ഇടകലരലുകൾ ഇല്ലാതാവുകയും അടുപ്പിക്കുന്ന നന്മകൾ ഇല്ലാതാവുകയും ചെയ്തു. ദമ്പതികൾ പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്താൽ മാത്രമേ ജീവിതത്തെ ഊഷ്മളമാക്കാൻ സാധിക്കൂ. വീട്ടിലെ പാഠങ്ങളാണ് കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തിൽ പ്രതിഫലിക്കുക. ഇത് ചിലപ്പോൾ മറ്റൊരാളുടെ ഇടപെടലിലൂടെ മാത്രമേ ചിലർക്ക് മനസ്സിലാക്കാൻ സാധിക്കൂ. ആ ദൗത്യമാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്വാസ് കൗൺസിൽ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അകന്നുപോയെന്ന് മനസ്സു പറഞ്ഞ നിരവധി പേരെ അടുപ്പിച്ചുവിട്ട് ജീവിതം സുന്ദരമാക്കാൻ സഹായിച്ചു എന്നതാണ് ആശ്വാസ് കൗൺസലിന്റെ ഏറ്റവും വലിയ നേട്ടമായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.