'അന്ധവിശ്വാസവും നവകേരളവും' ഗ്രന്ഥപ്പുര ചർച്ച സംഘടിപ്പിച്ചു
text_fieldsജിദ്ദ: 'അന്ധവിശ്വാസവും നവകേരളവും' എന്ന വിഷയത്തിൽ ഗ്രന്ഥപ്പുര ജിദ്ദ ചർച്ച സംഘടിപ്പിച്ചു. നവോത്ഥാന മുന്നേറ്റങ്ങളാലും വിദ്യാഭ്യാസ, ശാസ്ത്ര ബോധത്തിൽ സാംസ്കാരിക പുരോഗതി നേടിയ കേരളം ചിന്താപരമായി പിന്നോട്ട് നടക്കുകയാണോ എന്ന് ആശങ്ക ഉണ്ടാക്കുന്ന സംഭവങ്ങളാണ് സമീപകാലങ്ങളിൽ കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതികളിലെ കാലോചിത മാറ്റങ്ങളും വിദ്യാർഥി, യുവജനങ്ങളിലെ നവജാഗരണവും കുറ്റമറ്റ നിയമനിർമാണവുംവഴി ഒരു പരിധിവരെ അന്ധവിശ്വാസങ്ങളെയും അതുവഴി ഉണ്ടാകുന്ന കുറ്റകൃത്യങ്ങളെയും തടയിടാനാവുമെന്നും ചർച്ച വിലയിരുത്തി.
മതം, ആചാരം, അനുഷ്ഠാനം എന്നതിനപ്പുറത്ത് അന്യന്റെ ജീവക്രമത്തെ നിരാകരിക്കുന്ന എന്തു വിശ്വാസവും അന്ധവിശാസത്തിന്റെ പരിധിയിൽവരുമെന്ന് ബഷീർ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ അടിസ്‌ഥാന ശിലയായ കുടുംബങ്ങളിൽനിന്ന് വിചാരങ്ങളെ ക്രമപ്പെടുത്തി സമൂഹത്തിൽ ചിന്താപരമായ മാറ്റത്തിനു തുടക്കം കുറിക്കണമെന്ന് ഷിബു തിരുവനന്തപുരം (നവോദയ) പറഞ്ഞു.
വിശ്വാസത്തിലെ നിലപാടുകളും നിലപാടുകളിലെ സുതാര്യതയും അവ പാലിക്കാനുള്ള ധാർമികബോധവും പരിശീലിക്കുക എന്നതാണ് അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗമെന്ന് ബഷീർ ചുള്ളിയൻ (പ്രവാസി വെൽഫെയർ) നിരീക്ഷിച്ചു. സംഘടന സംവിധാനങ്ങളിലൂടെ സമൂഹത്തെ തിന്മയിൽനിന്ന് അകറ്റിനിർത്താൻ ഒാരോരുത്തരും ശ്രദ്ധിക്കണമെന്ന് നാസർ വെളിയങ്കോട് പറഞ്ഞു.
അബ്ദുല്ല മുക്കണ്ണി, റാഫി ബീമാപ്പള്ളി, കിസ്മത്ത് മമ്പാട്, സഹീർ കൊടുങ്ങല്ലൂർ, സിമി അബ്ദുൽ ഖാദർ, റെമി ഹരീഷ്, ഹസൈൻ ഇല്ലിക്കൽ, ഹാരിസ് ഹസ്സൻ, സന്തോഷ് വടവട്ടത്ത്, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, ജരീർ വേങ്ങര, അബദുൽ ഖാദർ, റഫീഖ് പത്തനാപുരം, അലി അരീകത്ത്, നജീബ് വെഞ്ഞാറംമൂട്, ഖലീൽ റഹ്മാൻ കൊളപ്പുറം, മുഹമ്മദ് ഷിഹാബ്, ബാദുഷ, യൂസഫ് കോട്ട എന്നിവർ സംസാരിച്ചു. ഫിറോസ് പുഴക്കാട്ടിരി, അനീസ്, ജാഫർ ഹംസ, മുഹമ്മദ് ഷിഹാബ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ഷാജു അത്താണിക്കൽ മോഡറേറ്ററായിരുന്നു. ഫൈസൽ മമ്പാട് സ്വാഗതവും അദ്നാൻ ഷബീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.