ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്: ഇന്ത്യൻ മഹോത്സവം കാണാനൊരുങ്ങി പ്രവാസികൾ
text_fieldsറിയാദ്: ഇദംപ്രഥമമായി റിയാദിന്റെ സാംസ്കാരിക ചക്രവാളത്തിൽ ഇന്ത്യൻ കലാ സാംസ്കാരിക പ്രകടനങ്ങൾ വിസ്മയം തീർക്കുന്ന ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിന് വൻ പ്രതികരണം. വ്യത്യസ്ത ഭാഷകളുടെയും കലാ പാരമ്പര്യത്തിന്റെയും മഴവിൽ നിറമുള്ള ആഘോഷം ബൃഹത്തായ വേദിയിൽ സൗദി തലസ്ഥാന നഗരത്തിൽ അവതരിപ്പിക്കപ്പെടാനൊരുങ്ങുന്നത് ഇതാദ്യമാണ്.
വടക്കും തെക്കും നിന്നുള്ള കലാകാരന്മാരും താരങ്ങളും അണിനിരക്കുന്ന സംഗീതസാന്ദ്രമായ ഇന്ത്യൻ മഹോത്സവത്തിന്റെ കാത്തിരിപ്പിലാണ് പ്രവാസികളായ ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും.
പരിപാടിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റിന്റെ വിൽപന ഓൺലൈനിലും ഓഫ് ലൈനിലും പുരോഗമിക്കുകയാണ്. സാധാരണക്കാരായ കലാസ്വാദകർക്ക് പ്രാപ്യമായ 40 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ. ഒരാൾക്ക് ഒരു ദിവസത്തേക്ക് സിൽവർ (40 റിയാൽ), ഗോൾഡ് (75 റിയാൽ), പ്ലാറ്റിനം (150 റിയാൽ), റെഡ് കാർപ്പെറ്റ് (500 റിയാൽ), നാല് പേർക്ക് ഒരു ദിവസത്തേക്ക് ഗോൾഡ് ഫാമിലി (250 റിയാൽ), പ്ലാറ്റിനം ഫാമിലി (500 റിയാൽ), റെഡ് കാർപ്പെറ്റ് ഫാമിലി (1500 റിയാൽ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ഗൾഫ് മാധ്യമം ഓഫിസിൽ നിന്നും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും ടിക്കറ്റുകൾ നേരിട്ട് ലഭിക്കുന്നതാണ്. കൂടാതെ ഓൺലൈനിലും ലഭിക്കും. മലയാള ഭാഷ ഭൂമികയിൽ നിന്ന് ഗൾഫിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ ‘ഗൾഫ് മാധ്യമം’ ദിനപത്രമാണ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ മഹോത്സവം ഒരുക്കുന്നത്.
ഇന്ത്യ എന്ന മഹത്തായ സങ്കൽപവും ആശയവും പ്രതിഫലിപ്പിക്കുന്നതായിരിക്കും ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ’. ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിന്റെ വിശാലമായ അങ്കണത്തിലാണ് (റിയാദ് ഖുറൈസ് റോഡിലെ എക്സിറ്റ് 26) പരിപാടി.
സാംസ്കാരിക സന്ധ്യയോടൊപ്പം ഫാഷൻ, രുചിപ്പെരുമകൾ, വിവിധ വാണിജ്യകേന്ദ്രങ്ങളുടെ പ്രോപ്പർട്ടി ഷോകൾ, പ്രദർശനങ്ങൾ എല്ലാം അടങ്ങിയ വൈവിധ്യമാർന്ന ഇന്ത്യൻ ഉത്സവമാണ് നടക്കുക.
കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും അതുല്യ സമ്മാനങ്ങളോടെ വിവിധ മത്സരങ്ങളും ഒരുക്കുന്നുണ്ട്. പെയിന്റിങ്, സിങ് ആൻഡ് വിൻ എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ നാലിന് (വെള്ളിയാഴ്ച) പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന സംഗീത വിരുന്ന് ‘താൽ’ എന്ന പേരിൽ വേദിയിൽ അരങ്ങേറും.
പ്രശസ്ത ബോളിവുഡ് ഗായകനും യുവാക്കളുടെ ഹരവുമായ സൽമാൻ അലിയുടെ ബാൻഡിനോടൊപ്പം പുതുതലമുറക്കാരായ ഭൂമിക, രചന ചോപ്ര, സൗരവ്, ഷെറിൻ തുടങ്ങിയ യുവതാരങ്ങളും ഇന്ത്യൻ സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചമൊരുക്കും. പോപ്പ്, റോക്ക്, സൂഫി നാദധാരകളുടെ ആലാപനഗരിമയിൽ ഇന്ത്യ, പാക്, ബംഗ്ലാദേശ് സംഗീതാസ്വാദകർ അനുഭൂതിയുടെ പുതിയ തീരങ്ങളിലേക്ക് ആനയിക്കപ്പെടും.
ശനിയാഴ്ച ‘വൈബ്സ് ഓഫ് കേരള’ എന്ന പേരിൽ അരങ്ങേറുന്ന കലാവിരുന്നിൽ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ മുഖ്യ ആകർഷണമാവും. മിഥുൻ രമേശ് അവതാരകനാവുന്ന പരിപാടിയിൽ യുവ സെലിബ്രിറ്റി കലാകാരന്മാരായ സ്റ്റഫീൻ ദേവസി, നിത്യ മാമ്മൻ, ഹരിശങ്കർ, ക്രിസ്റ്റകല, അക്ബർ ഖാൻ, റംസാൻ മുഹമ്മദ് എന്നിവർ അണിനിരക്കുന്ന കലാവിരുന്ന് സൗദിയിലെ സഹൃദയർക്കായി ഒരുങ്ങും.
പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റ് വിവരങ്ങൾക്കും www.greatindiafest.com എന്ന വെബ് സൈറ്റ് സന്ദർശിക്കാം. 0504507422, 0559280320 എന്നീ നമ്പറുകളിലും
mmksa@gulfmadhyamam.net എന്ന ഇമെയിലിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.