ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്: വാണിജ്യ മേഖലക്ക് ഊർജം പകർന്ന് ‘എക്സ്പോ’
text_fieldsറിയാദ്: ഗൾഫ് മാധ്യമം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റിയാദിൽ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിലെ ‘എക്സ്പോ’ പ്രവാസികളെ കേന്ദ്രീകരിച്ചുള്ള വാണിജ്യ ഇടപാടുകൾക്ക് ഊർജവും പുത്തനുണർവും പകരുന്നതായി. ഇന്ത്യയിൽനിന്നെത്തിയതും സൗദിയിലുള്ളതുമായ വാണിജ്യ, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികളും സ്ഥാപനങ്ങളും സ്വന്തം പവലിയനുകളൊരുക്കി സജീവ പങ്കാളിത്തം വഹിച്ചു.
മൈത്ര ഹോസ്പിറ്റൽ
പ്രവാസികളെയും വിദേശികളെയും വലിയ തോതിൽ ആശ്രയിക്കുന്ന കോഴിക്കോട്ടെ മൾട്ടിസ്പെഷാലിറ്റി ആശുപത്രിയുടെ സ്റ്റാളിൽ എല്ലാ പ്രധാനപ്പെട്ട ഡിപാർട്ട്മെന്റുകളെയും പ്രവാസികൾക്ക് അവരുടെ അവധിക്കാലത്ത് അനുയോജ്യമായ വ്യത്യസ്ത ചികിത്സാപാകേജുകളെയും സൗദി പൗരർക്കുള്ള ഹെൽത്ത് ടൂറിസം പദ്ധതികളെയും പരിചയപ്പെടുത്തലായിരുന്നു മൈത്രയുടെ സ്റ്റാളിൽ നടന്നത്. മൈത്ര ഇന്റർനാഷനൽ ബിസിനസ് ഹെഡ് സലാഹുദ്ദീൻ സ്റ്റാളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഹൈലൈറ്റ് ഗ്രൂപ്
കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹൈലൈറ്റ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റേതായിരുന്നു മറ്റൊരു പ്രധാനപ്പെട്ട സ്റ്റാൾ. കേരളത്തിലെ ആദ്യത്തെ ഷോപ്പിങ് മാളായ ‘ഫോക്കസ് മാൾ’ സ്ഥാപിക്കുന്നത് ഹൈലൈറ്റ് ഗ്രൂപ്പാണ്.
കേരളത്തിലുടനീളം ഫ്ലാറ്റ്, അപ്പാർട്ട്മെന്റ്, ബിസിനസ് സെന്റർ, ഷോപ്പിങ് മാളുകൾ നിർമിക്കാനുള്ള അവരുടെ കുറേയധികം കോമേഴ്സ്യൽ, റസിഡൻഷ്യൽ പ്രോജക്ടുകളെ പരിചയപ്പെടുത്തലായിരുന്നു പ്രധാനമായും അവരുടെ സ്റ്റാളിൽ നടന്നത്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ നിക്ഷേപാവസരങ്ങൾ ഒരുക്കുന്ന ഈ പദ്ധതികളിൽ ചെറുതും വലുതുമായ തുകകൾ നിക്ഷേപിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
ഗൾഫ് മാധ്യമത്തിന്റെ ജി.സി.സിയിലെ എല്ലാ ഇവന്റുകളിലും സഹകരിക്കുന്ന ഹൈലൈറ്റ് ദുബൈയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രവാസത്തിനുശേഷം ഇൻവെസ്റ്റ്മെന്റ് ആഗ്രഹിക്കുന്നവർക്ക് നല്ല ഓപ്ഷനാണ് തങ്ങളുടെ പ്രോജക്ടുകളെന്ന് ഗ്രൂപ് അധികൃതർ പറഞ്ഞു.
രാജഗിരി കോളജ്
എച്ച്. ആറുമായി ബന്ധപ്പെട്ട കുറേയധികം കോഴ്സുകൾ, സൗദിയിലുള്ള എച്ച്.ആർ കമ്പനികൾക്ക് വേണ്ടിയുള്ള പ്രോജക്ടുകൾ എന്നിവ അവതരിപ്പിക്കുന്ന സ്റ്റാളായിരുന്നു കോഴിക്കോട്ടെ രാജഗിരി കോളജ് സജ്ജീകരിച്ചത്. ഈ കോളജിൽ ഉപരിപഠനം ആഗ്രഹിക്കുന്ന, സൗദിയിൽ ഇത്തവണ പ്ലസ്ടു കഴിഞ്ഞ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസലിങ്ങും ഈ പവലിയനിൽ ഒരുക്കിയിരുന്നു.
റോയൽ ഡ്രൈവ്
പ്രീമിയം, ലക്ഷ്വറി പ്രീ ഓൺഡ് കാറുകളുടെ ഇടപാട് നടത്തുന്ന കൊച്ചി ആസ്ഥാനമായ റോയൽ ഡ്രൈവ് ബിസിനസ് വിപുലീകരണ പദ്ധതി സൗദിയിലെ പ്രവാസികളെ പരിചയപ്പെടുത്താനാണ് എക്സ്പോയിൽ പവലിയനുമായെത്തിയത്.
നിലവിൽ കൊച്ചി കൂടാതെ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ഷോറൂമുകളുള്ള റോയൽ ഡ്രൈവ് ബ്രാൻഡ് വ്യാപനത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നുണ്ടെന്നും വിപുലീകരണ പദ്ധതികളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള പ്രവാസികളിൽനിന്ന് നല്ല പ്രതികരണങ്ങളാണ് ഉണ്ടായതെന്നും കമ്പനിയധികൃതർ പറഞ്ഞു. ലക്ഷ്വറി കാറുകളുടെ വിൽപനയും വാങ്ങലുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടന്നിരുന്നു.
ട്രാവലിങ്
ആലപ്പുഴ ആസ്ഥാനമായ ടൂർ ഓപറേറ്റർ, ടൂർ ഡിസൈനർ, ട്രാവൽ മാനേജ്മെന്റ് കമ്പനിയായ ‘ട്രാവലിങ്’ സ്റ്റാളിനും നല്ല പ്രതികരണമാണുണ്ടായത്.
കേരളത്തിനകത്തും വിദേശ രാജ്യങ്ങളിലേക്കും അവധിക്കാലത്തേക്കടക്കം വ്യത്യസ്ത സമയങ്ങളിലേക്കുള്ള ടൂർ പാകേജുകൾ ഡിസൈൻ ചെയ്തുകൊടുക്കുന്ന കമ്പനി പ്രവാസികളായ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കുമായി തികച്ചും വ്യത്യസ്തമായ ടൂർ പ്ലാനുകൾ അവതരിപ്പിച്ചത് സ്റ്റാൾ സന്ദർശിച്ചവരെ ആകർഷിച്ചു.
ഹോംസ്റ്റെഡ്
മലപ്പുറം ജില്ല കേന്ദ്രീകരിച്ച് മലപ്പുറം ടൗണിൽ ആദ്യമായിട്ട് ഉയരുന്ന17 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാതാക്കളായ ഹോംസ്റ്റെഡ് സ്റ്റാളും എക്സ്പോയിലുണ്ടായിരുന്നു. പ്രവാസികൾക്ക് ഒരു നിക്ഷേപം, അല്ലെങ്കിൽ ഒരു സെക്കൻഡ് ഹോം, അതല്ലെങ്കിൽ ഒരു വീട് എന്ന നിലയിൽ ഉപയോഗപ്പെടുത്താവുന്ന പദ്ധതിയെ പരിചയപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
മലപ്പുറം പാണക്കാടിന് അടുത്ത് പട്ടർക്കടവ് എന്ന സ്ഥലത്ത് ഇരട്ട ടവറായി പണിയുന്ന പദ്ധതിയിലേക്ക് സൗദിയിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ആകർഷിക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് നല്ല പ്രതികരണം ലഭിച്ചെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഷെഹീൻ ഗ്രൂപ്
കർണാടക കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഷെഹീൻ ഗ്രൂപ്പിന്റേതായിരുന്നു എക്സ്പോയിലുണ്ടായിരുന്ന വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട പ്രധാന സ്റ്റാൾ. ദമ്മാമിൽ ഇപ്പോൾ കാമ്പസ് ആരംഭിച്ചിട്ടുള്ള ഗ്രൂപ്പിന്റെ ഉപരിപഠന കോഴ്സുകളിലേക്ക് പ്രവാസി വിദ്യാർഥികളെ കാൻവാസ് ചെയ്യാനുള്ള അവരുടെ പവലിയനും നല്ല പ്രതികരണം ലഭിച്ചു.
ബഞ്ച്മാർക്ക്
എക്സ്പോയിലെ മറ്റൊരു പ്രധാന എജു സ്റ്റാൾ ബഞ്ച് മാർക്ക് ഇന്റർനാഷനൽ സ്കൂളിന്റേതായിരുന്നു. പ്രവാസികളുടെ മക്കളെ ചേർക്കാൻ പറ്റുന്ന റസിഡൻഷ്യൽ കോഴ്സുകളുള്ള സ്കൂളാണ് അവരുടേത്. പ്ലസ്ടുവിനോടൊപ്പം എൻട്രൻസ് കോച്ചിങ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ നൽകുന്ന സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ പ്രവാസി വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ആകർഷിക്കാൻ അവർക്ക് കഴിഞ്ഞു.
വിജയ് മസാല
സൗദിയിലേയും ഇന്ത്യയിലേയും പ്രമുഖ മസാല വിതരണ കമ്പനിയായ മൂലൻസ് ഗ്രൂപ്പിന്റെ വിജയ് മസാലയുടെ സ്റ്റാൾ വേറിട്ടതായി. സത്യസന്ധത, വിശ്വാസ്യത, പ്രതിബദ്ധത എന്നീ മൂന്ന് അടിസ്ഥാനങ്ങളിൽ വിശ്വസിച്ചുകൊണ്ട് ഒരു കർഷകൻ ആരംഭിച്ച പ്രസ്ഥാനമാണ് വിജയ് മസാലയെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
ദേവസ്യ മൂലൻ എന്ന ആ കർഷക സംരംഭകനും പിൻതലമുറകളും കെട്ടിപ്പടുത്ത മൂലൻസ് ഗ്രൂപ്പിന്റെ പ്രധാന ബ്രാൻഡുകളിലൊന്നാണ് വിജയ് മസാല. സ്റ്റാൾ സന്ദർശിച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി ഐ ഫോൺ, 55 ഇഞ്ച് എൽ.ഇ.ഡി ഫോർ കെ ടി.വി, സൗണ്ട് ബാർ എന്നിവ സമ്മാനമായി നൽകിയത് എക്സ്പോ നഗരിയിലെ വ്യത്യസ്ത അനുഭവമായി.
ബിഗ് അക്കാദമി
പ്രീമിയർ ഗ്ലോബൽ ഹയർ എജ്യുക്കേഷൻ സർവിസസ് പ്രൊവൈഡറായ ‘ബിഗ് അകാദമി’, വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ളവരെ അക്കാദമിക്, കരിയർ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന തങ്ങളുടെ പ്രോഗ്രാമുകളെ പ്രവാസി വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും പരിചയപ്പെടുത്തുന്നതിനുള്ള പവലിയനാണ് ഒരുക്കിയത്.
അക്കാദമിയുടെ പ്രവർത്തനം സൗദി അറേബ്യയിലേക്ക് വ്യാപിക്കുന്നതിന്റെ പ്രഖ്യാപനവും സ്റ്റാളിൽ നടന്നു. ബിസിനസ് പഠനം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ, ഏതൊരാൾക്കും അനുയോജ്യമായ മേഖലകളിൽ വിദ്യാഭ്യാസവും പരിശീലനവും നൽകി ജോലിക്ക് സജ്ജരാക്കാൻ സഹായിക്കുന്ന പ്രോഗ്രാമുകളുടെ അവതരണം സ്റ്റാൾ സന്ദർശിച്ചവരെ ആകർഷിച്ചു.
റിയാദിലെ ഇസ്മ പോളിക്ലിനിക് ആൻഡ് മെഡിക്കൽ സെന്റർ, നിഷാ യൂനിഫോം, അറേബ്യൻ ആക്സസ് ബിസിനസ് കൺസൾട്ടൻസി എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളും എക്സ്പോ നഗരിയിൽ ഒരുക്കിയിരുന്നു. ആയിരക്കണക്കിനാളുകളാണ് മൂന്നിദിവസവും സ്റ്റാളുകൾ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.