ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്: ഹിന്ദുസ്ഥാനി രാഗ രസഭാവങ്ങള്‍ വിടരും വിസ്മയരാവ് ‘താൽ’
text_fieldsറിയാദ്: ഒക്ടോബർ നാലിന് ഇന്ത്യൻ പ്രവാസികൾക്കായി റിയാദിൽ ‘ഗൾഫ് മാധ്യമം’ അണിയിച്ചൊരുക്കുന്ന സംഗീത മഹോത്സവത്തിലെ ‘താൽ’ ഹിന്ദുസ്ഥാനി രാഗരസ ഭാവങ്ങള്‍ വിടർത്തുന്ന വിസ്മയ രാവ് സമ്മാനിക്കും. പ്രശസ്ത ബോളിവുഡ് ഗായകനും യുവതയുടെ ഹരവുമായ സൽമാൻ അലി നയിക്കുന്ന സംഗീതരാവ് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ അങ്കണത്തിൽ വെള്ളിയാഴ്ച വൈകീട്ട് 7.30-നാണ് അരങ്ങേറുക.
‘ഇന്ത്യൻ ഐഡോളി’ന്റെ 10-ാം സീസണിലെ വിജയിയും 2011-ലെ ‘സരിഗമപ’ യിലെ ആദ്യ റണ്ണറപ്പുമാണ് സൽമാൻ അലി. ‘സാറ്റലൈറ്റ് ശങ്കർ’ എന്ന ചിത്രത്തിലെ ജയ് ഹേ എന്ന ഗാനത്തിലൂടെയാണ് സിനിമ പിന്നണി ഗായകനായി സൽമാൻ അലി അരങ്ങേറ്റംക്കുറിച്ചത്. 2019-ൽ ദബാങ് 3 എന്ന ചിത്രത്തിനായി ‘ആവാര’ എന്ന ഗാനവും പാടി. സോണി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചന്ദ്രഗുപ്ത മൗര്യ എന്ന ഇന്ത്യൻ ടെലിവിഷൻ പരമ്പരക്കായുള്ള തീം സോങ് ആലപിച്ചതും സൽമാനായിരുന്നു.
ഇങ്ങനെ മികച്ച നിലയിൽ കരിയറിന് തുടക്കമിട്ട സൽമാൻ അലി ഇന്ന് സിനിമയുടെയും സ്റ്റേജ് ഷോകളുടെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. വേറിട്ട വഴികളിലൂടെയുള്ള സംഗീത സഞ്ചാരവും ജനപ്രിയമായ ആലാപന മികവുമാണ് സൽമാൻ അലിയെ ആസ്വാദകരുടെ പ്രിയങ്കരനാക്കി മാറ്റിയത്.
അദ്ദേഹം നയിക്കുന്ന ബാൻഡിനോടൊപ്പം പുതുതലമുറ ഗായകരായ ഭൂമിക, രചന ചോപ്ര, സൗരവ് തുടങ്ങിയവരും ഇന്ത്യൻ സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചമൊരുക്കാൻ ഒരുമിച്ചുചേരും. പ്രണയത്തിന്റെയും വിരഹത്തിന്റെയും നൂപുരധ്വനികളുയരുന്ന മനോഹരമായ ഗാനങ്ങൾക്കൊപ്പം മഹത്തായ കലാപൈതൃകമുള്ള ഒരു രാജ്യത്തിന്റെ പാരമ്പര്യവും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിൽ അനാവൃതമാകും.
മധുരമായ ശബ്ദത്തിന്റെ ഉടമയും ശബ്ദ ക്രമീകരണത്തിൽ പ്രത്യേക വൈദഗ്ധ്യവുമുള്ള സ്റ്റേജ് പെർഫോമറാണ് രചന ചോപ്ര എന്ന യുവ ഗായിക. ഹിന്ദുസ്ഥാനി, കർണാടിക്, വെസ്റ്റേൺ, ക്ലാസിക്കൽ വിഭാഗങ്ങളിൽ പരിശീലനം നേടിയ ഭൂമികയടക്കമുള്ള മറ്റു ഗായകരും ‘താൽ’ സംഗീതനിശയെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റും.
ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും പോപ്പ്, റോക്ക്, സൂഫി നാദധാരകളുടെയും സമഞ്ജസമായ സമ്മേളനം റിയാദിലെ ഇന്ത്യ, പാക്, ബംഗ്ലാദേശ് സംഗീതാസ്വാദകർക്ക് അവാച്യമായ അനുഭൂതി സമ്മാനിക്കും. സെലിബ്രിറ്റി അവതാരക ഷെറിൻ സ്റ്റേജ് ഷോയെ നിമിഷാർധ വിടവുകൾ പോലും അനുവദിക്കാതെ ചടുലതയോടെ നയിച്ച് പ്രേക്ഷകർക്ക് സമ്പൂർണമായി സംവേദനക്ഷമമാക്കും.
സംഗീത ശ്രേഷ്ഠരുടെ നൂറ്റാണ്ടുകള്‍ നീണ്ട തപസിന്റെയും അന്വേഷണ സപര്യയുടെയും ഫലമായി മാനവിക ജീവിതത്തിന്റെ അഭിവാജ്യ ഘടകമായിത്തീര്‍ന്ന സംഗീത ശാഖയാണ് ഹിന്ദുസ്ഥാനി സംഗീതം. അതിന്റെ ഉത്സവമായിരിക്കും ‘താൽ’.
പരിപാടിയിലേക്കുള്ള ടിക്കറ്റ് https://greatindiafest.com എന്ന ഓൺലൈൻ ലിങ്കിൽ ബുക്ക് ചെയ്യാം. ഉച്ചകഴിഞ്ഞ് മൂന്നുമുതൽ പരിപാടി സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.