ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്: ചടുല നൃത്തച്ചുവടുകളിൽ വിസ്മയമായി മുഹമ്മദ് റംസാൻ
text_fieldsറിയാദ്: റിയാദിൽ അരങ്ങേറിയ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിൽ നൃത്തകലയുടെ അനന്ത സാധ്യതകൾ പ്രയോഗിച്ച് കാണികളിൽ വിസ്മയവും അമ്പരപ്പും സൃഷ്ടിക്കുകയായിരുന്നു ചലച്ചിത്ര നടനും ഡാൻസറുമായ മുഹമ്മദ് റംസാൻ. ക്ലാസിക്കൽ ഡാൻസുകളിലെ രസപ്രദാനമായ ഭാവങ്ങൾക്ക് പകരം വേഗതയുടെയും മെയ് വഴക്കത്തിെൻറയും ചലനങ്ങളും അക്രോബാറ്റിക് ചുവടുകളും കൊണ്ട് കണ്ടംബറി ഡാൻസിന് പുതിയ ശൈലികൾ കൂട്ടിച്ചേർക്കാനും കാട്ടുന്ന മിടുക്ക് കാണികളെ അത്ഭുതപ്പെടുത്തും.
ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിലെ പ്രകടനം കുട്ടികൾക്കും യുവാക്കൾക്കും മാത്രമല്ല, മുഴുവൻ പ്രേക്ഷകർക്കും ആനന്ദവും വിസ്മയവും സമ്മാനിക്കാൻ പര്യാപ്തമായിരുന്നു. ക്ലാസിക്കിലും കണ്ടംബറിയിലും പ്രഫഷനൽ ട്രെയിനിങ് ലഭിച്ച റംസാൻ അവതരിപ്പിച്ച നൃത്തച്ചുവടുകൾ പ്രേക്ഷകർ ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.
ചെറുപ്പത്തിൽ തന്നെ ഡാൻസിൽ തല്പരനായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘പട്ടണത്തിൽ ഭൂതം’ എന്ന സിനിമയിലേക്കും ഡാൻസിലേക്കുമെത്തി തുടക്കം കുറിക്കുന്നത്.
സിനിമയോട് ആദ്യകാലങ്ങളിൽ വലിയ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല. ഡാൻസിനോടായിരുന്നു താല്പര്യം. ഇപ്പോൾ രണ്ടിനോടും ഇഷ്ടം പെരുത്തു. മുവാറ്റുപുഴക്കാരനായ രവി എന്ന ഗുരുവിൽനിന്നാണ് ക്ലാസിക്ക് ഡാൻസ് പഠിച്ചത്.
റിയാലിറ്റി ഷോക്ക് വേണ്ടി പല ഗുരുക്കന്മാരുടെയും അടുത്ത് നിന്ന് കണ്ടംബറിയുടെ വ്യത്യസ്ത ശൈലികൾ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. കണ്ടംബറി അടിസ്ഥാനപരമായി ഒരു ഇൻറർനാഷനൽ ഡാൻസ് ഫോമാണെങ്കിലും അത് ഇന്ത്യൻ ഓഡിയൻസിന് ഇഷ്ടപ്പെടുന്ന രീതിയിൽ കൺവേർട്ട് ചെയ്യുകയാണ് പതിവ്.
പുതിയ തലമുറ ഹിപ്പോക്ക്, ഫ്രീസ്റ്റൈൽ ഡാൻസ് രൂപങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്നും പ്രാക്ടീസ് ചെയ്യപ്പെടുന്നുണ്ടെന്നും റംസാൻ പറഞ്ഞു. നോർമൽ ഓഡിയൻസിന് പോലും ഇപ്പോൾ ഇതേക്കുറിച്ച് ധാരണയുണ്ട്. ഇതിെൻറ ആസ്വാദകവൃന്ദം വ്യാപിക്കുമെന്നും സാംസ്കാരിക മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
രാഷ്ട്രീയമില്ലാത്തതിനാൽ ക്ലാസിക്കൽ മേഖലയും കണ്ടംബറിയുമായി സംഘർഷങ്ങളൊന്നുമില്ലെന്നും പരസ്പരം ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറിയൊരു ഇടവേളക്ക് ശേഷമാണ് ‘ഭീഷ്മപർവ്വ’ത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയത്. ശേഷം രണ്ട് സിനിമകളിൽ കൂടി അഭിനയിച്ചു. ഒന്ന് ആഷിക് അബു പടമാണ്, രണ്ടും അടുത്ത് പുറത്തിറങ്ങുമെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഇന്ത്യൻ ഡാൻസറും കോറിയൊഗ്രാഫറുമായ പ്രഭുദേവയാണ് മനസിലെ ഡാൻസ് ഐക്കണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാസർ, റസീന എന്നിവരാണ് മാതാപിതാക്കൾ. രണ്ട് സഹോദരങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.