ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ് ഇന്നും നാളെയും; അറേബ്യൻ രാവുകളെ ഭാവസാന്ദ്രമാക്കാൻ ‘താൽ’ ഇന്ത്യൻ സംഗീതോത്സവം ഇന്ന്
text_fieldsറിയാദ്: ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ വെള്ളി, ശനി ദിവസങ്ങളിൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കോമ്പൗണ്ടിൽ അരങ്ങേറും.
മലയാളിതാരം കുഞ്ചാക്കോ ബോബനും ബോളിവുഡ് ഗായകൻ സൽമാൻ അലിയും നിരവധി യുവകലാകാരന്മാരും പങ്കെടുക്കുന്ന ‘വൈബ്സ് ഓഫ് കേരള’, ‘താൽ’ എന്നീ മെഗാഷോകൾക്ക് പുറമെ ടേസ്റ്റീ ഇന്ത്യ ഫുഡ് ഏരിയ, ട്രേഡ് എക്സ്പോ എന്നിവക്ക് പുറമെ സിങ് ആൻഡ് വിൻ, ലിറ്റിൽ ആർട്ടിസ്റ്റ് മത്സരങ്ങളും ഇന്ത്യൻ മഹോത്സവത്തിലെ സുപ്രധാന പരിപാടികളാണ്.
യുവാക്കളുടെ ഹരമായ സൽമാൻ അലി നയിക്കുന്ന ‘താൽ’ ആണ് വെള്ളിയാഴ്ച. ആയിരത്തിയൊന്ന് രാവുകളിലെ കഥകൾ കേട്ടുറങ്ങിയ അറേബ്യൻ മണലാരണ്യത്തിലേക്ക് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാഗവിസ്മയങ്ങൾ പെയ്തിറങ്ങുന്ന ഇന്നത്തെ രാവിൽ കണ്ണും കാതും കൂർപ്പിച്ചിരിക്കും റിയാദ് നഗരം. സംഘർഷഭരിതമായ ലോകത്ത് മനുഷ്യന്റെ വികാരങ്ങളെയും ദുഃഖങ്ങളെയും ബാഷ്പീകരിക്കാൻ കഴിയുന്ന സംഗീതത്തെ മനസ്സ് തുറന്ന് ആവാഹിക്കും പ്രവാസികൾ.
ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന മഹത്തായ സംഗീത പാരമ്പര്യത്തിന്റെ തുടർച്ചയായ പുതുതലമുറ നമ്മെ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും പുതിയ കൈവഴികളിലേക്ക് നയിക്കും. ഇന്റർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ അങ്കണത്തിൽ ഒരുക്കിയ കൂറ്റൻ വേദിയിൽ ഇന്ന് വൈകീട്ട് ഏഴിന് സൽമാൻ അലി നയിക്കുന്ന സംഗീത പരിപാടി ആരംഭിക്കും.
ശബ്ദ സൗകുമാര്യത്തിന്റെയും വേറിട്ട ആലാപനശൈലിയുടെയും പ്രതീകമായ സൽമാൻ, നാട്ടിലും മറുനാട്ടിലും പ്രശസ്തനായ ഇന്ത്യൻ ഗായകനാണ്. അദ്ദേഹത്തിന്റെ രാഗസുധ കേട്ടാസ്വദിക്കാൻ ദേശഭാഷകൾക്കതീതമായി ജനാവലി എത്തിച്ചേരും.
മധുരശബ്ദത്തിന്റെ ഉടമയും വോയ്സ് മോഡുലേഷനിൽ പ്രത്യേക വൈദഗ്ധ്യവുമുള്ള സ്റ്റേജ് പെർഫോമറായ രചന ചോപ്ര, ഹിന്ദുസ്ഥാനി, കർണാട്ടിക്, വെസ്റ്റേൺ ക്ലാസിക്കൽ വിഭാഗങ്ങളിൽ പരിശീലനം നേടിയ ഗായിക ഭൂമിക, യുവഗായകൻ സൗരവ് തുടങ്ങിയവർ ‘താൽ’ സംഗീതനിശയെ സമ്പന്നമാക്കുന്നതോടൊപ്പം അനുവാചകരെ ഹൃദയത്തോട് ചേർക്കും. സെലിബ്രിറ്റി ആങ്കറായ ഷെറിൻ സംഗീത പരിപാടിയുടെ അവതാരകയാകും.
ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരുൾപ്പെടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ് നഗരിയിൽ കുരുന്നുകൾ മാറ്റുരക്കുന്ന കളറിങ് മത്സരം, റിയാദിലെ പാട്ടുകാരുടെ സിങ് ആൻഡ് വിൻ സംഗീതമത്സരം എന്നിവയുണ്ടായിരിക്കും. ഇന്ത്യൻ, അറബിക് ഭക്ഷ്യവൈവിധ്യങ്ങൾ രുചിച്ചറിയാൻ ‘ടേസ്റ്റി ഇന്ത്യ’ എന്ന പേരിൽ ഒരുക്കുന്ന പ്രത്യേക ഫുഡ് ഏരിയയിൽ 20ഓളം റസ്റ്റാറന്റുകളുടെ സ്റ്റാളുകൾ ഉണ്ടാവും.
ഇന്ത്യയിലെയും സൗദിയിലെയും ചെറുതും വലുതുമായ വ്യാപാര വ്യവസായ സ്ഥാപനങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കുന്ന വാണിജ്യ പ്രദർശനമേളയും ഒരുക്കിയിട്ടുണ്ട്. രണ്ട് ദിവസവും വൈകീട്ട് മൂന്ന് മുതൽ ട്രേഡ് എക്സ്പോയിലേക്കും ടേസ്റ്റി ഇന്ത്യ ഫുഡ് ഏരിയയിലേക്കും പ്രവേശനം ആരംഭിക്കും.
വൈകീട്ട് 7.30 മുതലാണ് സ്റ്റേജ് പരിപാടി ആരംഭിക്കുക. സിങ് ആൻഡ് വിൻ സംഗീതമത്സരം, ലിറ്റിൽ ആർട്ടിസ്റ്റ് മത്സരം എന്നിവയിലേക്കുള്ള മത്സരാർഥികൾ വൈകീട്ട് നാലിന് മുമ്പ് അതത് വേദികളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ടിക്കറ്റുകൾ ആഘോഷനഗരിയിലും
ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിൽ ആഘോഷത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് ലഭിക്കാത്തവർക്ക് നഗരിയിൽനിന്നും നേരിട്ട് വാങ്ങാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് മൂന്ന് മുതൽ ഏഴ് വരെ ഉത്സവനഗരിയിലെ കൗണ്ടറിൽ ടിക്കറ്റ് ലഭിക്കും. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും ഈ സൗകര്യം ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.