ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്: പ്രവാസി ഹൃദയങ്ങളെ ത്രസിപ്പിച്ച ‘വൈബ്സ് ഓഫ് കേരള’
text_fieldsറിയാദ്: വാരാന്ത്യ അവധിയുടെ സായാഹ്നത്തിൽ നഗരത്തിലെ പലവഴികളിലുടെ ഒഴുകിയെത്തിയ മലയാളികൾ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ തീർത്ത കേരളത്തിന്റെ പുത്തൻ വൈബ്! പ്രവാസികളുടെ സ്വന്തം പത്രമായ ‘ഗൾഫ് മാധ്യമം’ രജതജൂബിലിയാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റി’നെ അവിസ്മരണീയമാക്കിയത് അതായിരുന്നു.
ഉത്സവനഗരിയിൽ തിങ്ങിനിറഞ്ഞ് സമുദ്രം പോലെ ആർത്തിരമ്പിയ പ്രവാസി സഹൃദയർ ‘വൈബ്സ് ഓഫ് കേരള’യെ ഹൃദയത്തിലേറ്റു വാങ്ങിയപ്പോൾ പിറന്നത് പുതുചരിത്രം. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ നയിച്ച മെഗാഷോയിലെ ആട്ടവും പാട്ടും തമാശയുമെല്ലാം പ്രേക്ഷകർക്ക് പുത്തനനുഭവമായി.
മനസ്സിൽ ഓർത്തുവെക്കാൻ ഒരുപിടി നല്ലനിമിഷങ്ങളുമായാണ് ഓരോരുത്തരും രാത്രി 12ഓടെ പരിപാടി സ്ഥലത്തുനിന്ന് മടങ്ങിയത്. പോൾ സ്റ്റാർ ഡാൻസ് അക്കാദമിയിലെ കലാകാരന്മാർ ചുവടുവെച്ച തീം സോങ്ങോടെ തിരിതെളിഞ്ഞ ‘വൈബ്സ് ഓഫ് കേരള’യിൽ പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് സ്റ്റീഫൻ ദേവസി കാണിക്കൾക്കിടയിലൂടെ ജനപ്രിയ ഈണങ്ങളുമായി വേദിയിലെത്തി.
ചടുലമായി ചലിക്കുന്ന വിരലുകൾ ഉതിർക്കുന്ന നാദവീചികളാൽ മനസ്സുകളെ ത്രസിപ്പിച്ചും ഒരു മഴയെ പോലെ സ്റ്റീഫൻ ദേവസി വേദിയിൽനിറഞ്ഞു.
കുഞ്ചാക്കോ ബോബൻ ഉത്സവനഗരിയിലെത്തിയതോടെ സദസ്സ് ഇളകി മറിഞ്ഞു. പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചെടുക്കുന്ന പല സിനിമാറ്റിക് നമ്പറുകളുമായി മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ കാണികൾക്കിടയിൽ ആവേശത്തിരയിളക്കി. ഈ മാസം പുറത്തിറങ്ങുന്ന അദ്ദേഹത്തിെൻറ പുതിയ സിനിമയായ ‘ബോഗെയ്ൻ വില്ല’യിലെ പാട്ടിനൊപ്പം ചുവടുവെച്ച കുഞ്ചാക്കോ ഡാൻസറും അഭിനേതാവുമായ റംസാനുമായി പൊരിഞ്ഞ മത്സരം കാഴ്ചവെച്ചത് കാണികളെ വിസ്മയഭരിതരാക്കി.
സദസ്സിനെ അഭിസംബോധന ചെയ്ത കുഞ്ചാക്കോ ബോബൻ 2005ൽ ചെറിയൊരു പരിപാടിക്കായി റിയാദിലെത്തിയിട്ടുണ്ടെന്നും ഇപ്പോൾ സൗദി അറേബ്യ ആകെ മാറിയെന്നും വേറെ ലെവലായെന്നും ഈ പുത്തൻ വൈബിൽ ഭരണസാരഥികൾക്ക് നന്ദി പറയുകയാണെന്നും പറഞ്ഞു.
ഗൾഫ് മാധ്യമം പ്രഖ്യാപിച്ച ‘അറേബ്യൻ ലെഗസി ബിസിനസ് ഐകൺ അവാർഡ്’ വ്യവസായ പ്രമുഖൻ സാജു ജോർജിന് കുഞ്ചാക്കോ ബോബൻ സമ്മാനിച്ചു.
ഹിറ്റ് ഗാനങ്ങൾ മാത്രം സമ്മാനിച്ച് ഹൃദയങ്ങൾ കവർന്ന സിനിമ പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കർ വേദിയെ ഇളക്കിമറിച്ചു. ചലച്ചിത്ര പിന്നണി ഗായികയായ നിത്യ മാമ്മന്റെയും യുവഗായകൻ അക്ബർഖാെൻറയും ഊഴമായിരുന്നു പിന്നീട്. ഇരുവരും കാണികൾക്ക് അവാച്യമായ അനുഭൂതി പകർന്നു.
റിയാലിറ്റി ഷോകളിലൂടെ മലയാളികള്ക്ക് പരിചിതയായ ക്രിസ്റ്റകലയും എത്തിയതോടെ ആബാലവൃദ്ധം ജനങ്ങൾ ആടിയും പാടിയും ആഘോഷിച്ചു. ജനസഞ്ചയത്തെ ചടുലമായ ചുവടുകളിലൂടെയും അക്രോബാറ്റിക് പ്രകടനങ്ങളിലൂടെയും വിസ്മയിപ്പിച്ചിട്ടുള്ള ഡാൻസർ റംസാെൻറ ഡാൻസ് നമ്പറുകളെല്ലാം കിടുക്കി.
തുടർന്ന് പരിപാടിയുടെ പ്രായോജകർക്ക് ഫലകങ്ങൾ സമ്മാനിച്ച കുഞ്ചാക്കോ ബോബൻ സൗദിയിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ സ്പോർട്സ് താരങ്ങളായ ഖദീജ നിസ, മുഹമ്മദ് റസിൻ എന്നീ കുട്ടികളെ ഫലകം നൽകി ആദരിക്കുകയും ചെയ്തു. സെലിബ്രിറ്റി താരമായ മിഥുൻ രമേശായിരുന്നു അവതാരകൻ.
എൻ.വി. അജിത്തായിരുന്നു മെഗാഷോയുടെ സംവിധായകൻ. ഗൾഫ് മാധ്യമം ആൻഡ് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, കൺട്രി ഹെഡുമാരായ കെ. ജുനൈസ്, സൗദി മാർക്കറ്റിങ് ഹെഡ് ഹിലാൽ ഹുസൈൻ, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, റസിഡൻറ് മാനേജർ സലീം മാഹി, കോഓഡിനേറ്റർ അഷ്റഫ് കൊടിഞ്ഞി എന്നിവർ വിവിധ സെഷനുകളിൽ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.