സൗദിയില്‍ വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് പരിഗണനയിലെന്ന് മാധ്യമ റിപ്പോർട്ട്
text_fieldsറിയാദ്: സൗദിയില്‍ ദീര്‍ഘകാലം പ്രവാസികളായി കഴിയുന്നവര്‍ക്ക് പൗരത്വത്തിന് സമാനമായ ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിനെകുറിച്ച് അധികൃതര്‍ ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷത്തില്‍ 14.200 റിയാല്‍ ഈടാക്കി സ്വയം സ്പോണ്‍സര്‍ഷിപ്പില്‍ ഇഖാമ നല്‍കുന്ന സംവിധാനമാണ് അധികൃതര്‍ ആലോചിക്കുന്നത്. വിദേശികളുടെ വരുമാനം രാജ്യത്ത് ചെലവഴിക്കുന്നതിലൂടെയുള്ള സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാനും സാധിക്കുമെന്നതിനാല്‍ സൗദി വിഷന്‍ 2030െൻറ ഭാഗമായാണ് ഗ്രീന്‍ കാര്‍ഡ് പദ്ധതി ആരംഭിക്കുക. സ്ഥിരം ഇഖാമക്ക് പുറമെ നിരവധി ആനുകൂല്യങ്ങള്‍ കൂടി വാഗ്ദാനം നല്‍കുന്നതാണ് ഗ്രീന്‍ കാര്‍ഡ് സംവിധാനം. കെട്ടിടങ്ങളും ഭൂമിയും വാങ്ങി സൗദി റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണിയില്‍ സ്വദേശികളെപ്പോലെ മുതലിറക്കാനും വാണിജ്യ, നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കാനും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും. സേവനത്തില്‍ നിന്ന് വിരമിക്കുന്ന വേളയിലെ പെന്‍ഷന്‍, സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികില്‍സ, തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാനുള്ള സൗകര്യം, കുടുംബത്തിനും ആശ്രിതര്‍ക്കും വിസ, രണ്ട് വീട്ടുവേലക്കാര്‍ക്കുള്ള വിസ എന്നിവയും ഗ്രീന്‍ കാര്‍ഡിെൻറ ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നു. സ്വയം സ്പോണ്‍സര്‍ഷിപ്പ് എന്നതിനാല്‍ വിദേശ യാത്രക്കുള്ള റീ- എന്‍ട്രീ വിസയും സ്വന്തമായി അടിക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കും. സ്വദേശികള്‍ക്ക് മാത്രം ഉടമപ്പെടുത്താവുന്ന ഇനത്തിലുള്ള വാഹനവും ഗ്രീന്‍ കാര്‍ഡുകാരുടെ ആനുകൂല്യത്തില്‍പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.