റോയൽ കമീഷനും ബി-പ്രോയും ചേർന്ന് ‘ഗ്രീൻ ഓഫിസ് ഇനിഷ്യേറ്റീവ്’
text_fieldsജുബൈൽ: അറബ് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് റോയൽ കമീഷൻ ഫോർ ജുബൈൽ യാംബുവിന്റെ സാമൂഹിക സേവന വിഭാഗവും ബെക്ടെൽ കമ്പനി പ്രഫഷനൽസിന്റെ കൂട്ടായ്മയായ ബി-പ്രോയും സഹകരിച്ച് ‘ഗ്രീൻ ഓഫിസ്’ ഇനിഷ്യേറ്റീവിന് ആരംഭംകുറിച്ചു.
എല്ലാ ജീവനക്കാർക്കും ഓഫീസിന്റെയും വീടിന്റെയും അകത്തളങ്ങളിൽ വളരുന്ന ‘പെപറോമിയ’ ചെടികൾ വിതരണം ചെയ്തു. തൊഴിലിടങ്ങൾ ആകർഷകമാക്കുന്നതിനൊപ്പം അന്തരീക്ഷ വായുവിന്റെ നിലവാരം, ജോലിക്കാരുടെ മാനസികാരോഗ്യം എന്നിവ വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഹരിതാഭമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ തൊഴിൽ മേഖല കൂടുതൽ ആസ്വാദ്യകരമാക്കാൻ കഴിയുമെന്ന് റോയൽ കമീഷനും ബി-പ്രോയും കണക്കുകൂട്ടുന്നു.
ഈ ഹരിതയാത്രക്ക് തുടക്കം കുറിച്ച് ആദ്യത്തെ ചെടി ബി-പ്രോ പ്രസിഡന്റ് ഖാലിദ് മൊഹന്നയിൽനിന്ന് മലയാളിയായ ബിനു ടി. കോശി ഏറ്റുവാങ്ങി. ഖാസിം അൽ ശൈഖ്, അബ്ദുല്ല അൽ അഹ്മരി (ബി-പ്രോ വൈസ് പ്രസിഡന്റ്), മുസാബ് അൽ ശമ്മരി, ഹദീൽ അൽ ഹസ്സൻ, സലാഹ് അൽ ഹർബി തുടങ്ങിയ എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു. റോയൽ കമീഷൻ ജുബൈലിന്റെ പ്രധാന കെട്ടിട സമുച്ചയത്തിലാണ് പരിപാടി നടന്നത്.
അറബ് പരിസ്ഥിതി ദിനം 1986 മുതൽ ആഘോഷിച്ച് വരുന്നുണ്ട്. പരിസ്ഥിതി അവബോധം ജനങ്ങൾക്ക് നൽകാനും പരിസ്ഥിതിക്ക് ഭീഷണിയായ പ്രശ്നങ്ങൾ പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുടെ പ്രാധാന്യവും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ആധാരമായ പ്രകൃതിയുടെ സന്തുലിതമായ നിലനിൽപ്പ് സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ഈ ദിവസം എടുത്തുകാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.