‘ഗ്രീൻ റിയാദ്’ പദ്ധതി; റിയാദിൽ മൂന്ന് പ്രധാന പാർക്കുകളുടെ നിർമാണമാരംഭിച്ചു
text_fieldsറിയാദ്: ‘ഗ്രീൻ റിയാദ്’ പദ്ധതിയുടെ ഭാഗമായി റിയാദ് നഗരത്തിൽ മൂന്ന് പ്രധാന പാർക്കുകളുടെ നിർമാണമാരംഭിച്ചു. മുൻസിയ്യ, റിമാൽ, ഖാദിസിയ എന്നീ ഡിസ്ട്രിക്റ്റുകളിലായി ആകെ 5,50,000 ചതുരശ്ര മീറ്ററിലാണ് പാർക്കുകൾ നിർമിക്കുന്നത്. നഗരത്തിലെ ജീവിതനിലവാരം ഉയർത്തുക എന്നതിനൊപ്പം ഹരിതയിടങ്ങളുടെ പ്രതിശീർഷ നിരക്ക് ഇപ്പോഴുള്ളതിന്റെ 16 മടങ്ങ് വർധിപ്പിക്കുകയും ലോകത്തിലെ ഏറ്റവും സുസ്ഥിര നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുകയുമാണ് ലക്ഷ്യം.
നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് മൂന്നു പാർക്കുകളും. സുലൈ പർവതനിരയുടെ താഴ്വരയിലെ (വാദി അൽ സുലൈ) പ്രകൃതിയുമായി ചേരും വിധമായിരിക്കും ഈ പാർക്കുകളുടെ രൂപകൽപന. പാർക്കുകളുടെ 65 ശതമാനവും പച്ചപ്പായിരിക്കും. 5,85,000 മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കും. 18 കിലോമീറ്ററിലും എട്ട് കിലോമീറ്ററിലും രണ്ട് നടപ്പാതകൾ, 8.5 കിലോമീറ്ററിൽ സൈക്കിൾ പാതകൾ എന്നിവ പാർക്കുകളിലുണ്ടാവും.
കുട്ടികളുടെ പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിന് നൂതന രീതിയിൽ വിദ്യാഭ്യാസാനുഭവം നൽകുന്ന 22 കളിസ്ഥലങ്ങളുണ്ടാകും. പാർക്കുകളിൽ ഹരിത ടെറസുകൾ, സ്ക്വയറുകൾ, ഇവൻറുകൾക്കും ഉത്സവങ്ങൾക്കും ഓപൺ തിയറ്ററുകൾ, വിവിധ പ്രായക്കാർക്കുള്ള കായിക സ്ഥാപനങ്ങൾ, ചുറ്റുമുള്ള പരിസ്ഥിതിയിൽ നല്ല സ്വാധീനം ചെലുത്തുന്ന ജലാശയങ്ങൾ എന്നിവയും ഉൾപ്പെടുമെന്നും ഗ്രീൻ റിയാദ് പദ്ധതി അധികൃതർ പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മുൻകൈയിൽ സൽമാൻ രാജാവ് ആരംഭിച്ച റിയാദിലെ പ്രധാന പദ്ധതികളിലൊന്നാണ് ‘ഗ്രീൻ റിയാദ്’.
രാജ്യത്തിനകത്ത് 10 ശതകോടി മരങ്ങൾ നടുന്ന സൗദി ഗ്രീൻ ഇനിഷ്യേറ്റിവിന്റെ ഭാഗമാണിത്. റിയാദിൽ 75 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനും നഗരവിസ്തൃതിയുടെ ഒമ്പത് ശതമാനം വരെ സസ്യങ്ങൾ വർധിപ്പിക്കാനും ഹരിതയിടത്തിന്റെ പ്രതിശീർഷ വിഹിതം 1.7 ചതുരശ്ര മീറ്ററിൽനിന്ന് 28 ചതുരശ്ര മീറ്ററായി ഉയർത്താനുമാണ് ഗ്രീൻ റിയാദിലൂടെ ലക്ഷ്യമിടുന്നത്. മലിനീകരണവും പൊടിയും കുറക്കുന്നതിലൂടെ താപനില കുറക്കാനും വായു ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രധാന പൂന്തോട്ടങ്ങൾ സ്ഥാപിക്കൽ, മരങ്ങൾ നട്ടുപിടിപ്പിക്കൽ, മരങ്ങൾ നിറഞ്ഞ നടപ്പാതകളും കാൽനടക്കുള്ളപാതകളും ഒരുക്കൽ, പള്ളികൾ, സ്കൂളുകൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കൽ എന്നിവക്കായുള്ള പ്രവർത്തനം ഗ്രീൻ റിയാദിന് കീഴിൽ തുടരുകയാണ്. ഇതിന് നഗരത്തിലുടനീളം മൊത്തം 1350 കിലോമീറ്റർ നീളമുള്ള ജലസേചന ജല ശൃംഖലകൾ നടപ്പാക്കുന്നു. വനവത്കരണ ആവശ്യങ്ങൾക്കായി പ്രതിവർഷം 30 ലക്ഷം മരങ്ങളും കുറ്റിച്ചെടികളും ഉൽപാദിപ്പിക്കാനും റിയാദിൽ ഹരിത നഴ്സറികൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.