‘ഗ്രീൻ റിയാദ് പദ്ധതി’; ജനവാസ കേന്ദ്രങ്ങളിൽ ഹരിതവത്കരണം വ്യാഴാഴ്ച മുതൽ
text_fieldsറിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലുതും സമഗ്രവുമായ നഗര ഹരിതവത്കരണ പദ്ധതിക്ക് വ്യാഴാഴ്ച റിയാദിൽ തുടക്കമാകും. തലസ്ഥാന നഗരിയിലെ ജനവാസകേന്ദ്രങ്ങളിൽ ചെടികളും വൃക്ഷത്തൈകളും വെച്ചുപിടിപ്പിച്ചു കൊണ്ടാണ് ‘ഗ്രീൻ റിയാദ്’ പദ്ധതിക്ക് തുടക്കമിടുന്നത്. 54 പൂന്തോട്ടങ്ങൾ, 61 സ്‌കൂളുകൾ, 121 പള്ളികൾ, 78 പാർക്കിങ് ഏരിയകൾ എന്നിവിടങ്ങളിലായി 6,23,000 തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് സംയോജിത ഹരിതവത്കരണ യജ്ഞം ആരംഭിക്കുന്നത്. നഗരത്തിലെ 176 കിലോമീറ്റർ റോഡിെൻറ ഇരുവശങ്ങളും ഹരിതാഭമാക്കും. അസീസിയയിൽ നിലമൊരുക്കിയ ഭാഗത്ത് വൃക്ഷത്തൈകൾ വെച്ചുപിടിക്കുന്ന ചടങ്ങ് വ്യാഴാഴ്ച നടക്കും.
120-ലധികം ജനവാസകേന്ദ്രങ്ങളെ ആദ്യഘട്ട ഹരിതവത്കരണ പരിപാടികൾക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രാദേശിക കാലാവസ്ഥയും പരിസ്ഥിതിയും കണക്കിലെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലാണ് ഇതിന്റെ രൂപരേഖ തയാറാക്കിയിയിരിക്കുന്നത്. ഹരിതവത്കരണത്തിന്റെ പ്രാധാന്യം, പദ്ധതി നടത്തിപ്പിന്റെ ഘട്ടങ്ങൾ, പൂർത്തിയാക്കുന്നതിനുള്ള കാലദൈർഘ്യം, ഭാവി കാഴ്ചപ്പാടുകൾ എന്നിവയെ സംബന്ധിച്ച് പദ്ധതിപ്രദേശത്തെ ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനുള്ള കാമ്പയിനും ഇതോടൊപ്പം ആരംഭിക്കും.
പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന പ്രദർശനം വ്യാഴാഴ്ച മുതൽ ജനുവരി ഏഴാം തീയതി വരെ അസീസിയയിൽ നടക്കും. തുടർന്ന് പദ്ധതി കരാറുകൾ ഒപ്പുവെച്ച നസീം, ജസീറ, അറൈജ, ഖുർതുബ, അൽ-ഗദീർ, അന്നഖീൽ തുടങ്ങിയ ഭാഗങ്ങളിലേക്ക് പ്രദർശനം നീങ്ങും. ഭരണാധികാരി സൽമാൻ രാജാവ് സൗദി തലസ്ഥാനത്ത് പ്രഖ്യാപിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മേൽനോട്ടം വഹിക്കുന്ന നാല് ബൃഹദ് പദ്ധതികളിലൊന്നാണ് ‘ഗ്രീൻ റിയാദ്’.
റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളിൽ ഒന്നാക്കിമാറ്റുക എന്ന ‘വിഷൻ-2030’ന്റെ ലക്ഷ്യത്തെ മുൻ നിർത്തിയാണ് ഗ്രീൻ റിയാദ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിപ്രകാരം തലസ്ഥാനത്ത് 75 ലക്ഷം വൃക്ഷത്തൈകളാണ് പ്രാഥമികഘട്ടത്തിൽ നട്ടുപിടിപ്പിക്കുക. ഇത് രാജ്യത്തിന്റെ പ്രതിശീർഷ ഹരിതയിടം 1.7 ചതുരശ്ര മീറ്ററിൽനിന്ന് 28 ചതുരശ്ര മീറ്ററായും റിയാദ് നഗരത്തിലെ മൊത്തം ഹരിതയിടം 545 ചതുരശ്ര കിലോമീറ്ററായും വർധിപ്പിക്കും. രാജ്യത്തുടനീളം 1,000 കോടി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഈ ഹരിതവത്കരണം വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും താപനില കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യും. റിയാദ് നഗരത്തിനകത്തും പുറത്തുമുള്ള പ്രകൃതിദത്ത ആവാസ വ്യവസ്ഥകളും ജൈവ വൈവിധ്യവും സംരക്ഷിക്കുന്നതിന് സഹായകമാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.