ഗ്രീൻ സൗദി: വനവത്കരണ പദ്ധതി ഊർജിതം
text_fieldsയാംബു: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച 'ഗ്രീൻ സൗദി ഇനിഷ്യേറ്റിവ്' പദ്ധതികൾ ഊർജിതമായി നടപ്പാക്കാൻ നടപടികളാരംഭിച്ചു. കാലാവസ്ഥാവ്യതിയാന വെല്ലുവിളികളെ അതിജീവിക്കാൻ ഫലപ്രദമായ ഹരിതവത്കരണ ശ്രമങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. സൗദി ഗ്രീൻ ഇനിഷ്യേറ്റിവ്, മിഡിലീസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് പദ്ധതികൾ നടപ്പിലാക്കുകവഴി മേഖലയിൽ 50 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനും ആഗോളസംഭാവനയുടെ 10 ശതമാനത്തിലധികം കാർബൺ പുറന്തള്ളൽ കുറക്കാൻ കഴിയുമെന്നും കണക്കുകൂട്ടുന്നു.
പ്രാദേശിക, അന്തർദേശീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധമായ പഠനത്തിനും പ്രായോഗിക നടപടികൾക്കും വേണ്ടി കഴിഞ്ഞ ദിവസം റിയാദിൽ ഒരു ശില്പശാല നടക്കുകയുണ്ടായി. ദേശീയ- അന്തർദേശീയ വ്യക്തികളും വിവിധ മേഖലയിൽ കഴിവുറ്റ പ്രമുഖരും ശില്പശാലയിൽ വിവിധ പ്രസന്റേഷനുകൾ അവതരിപ്പിച്ചു.
പദ്ധതിയുടെ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതോടെ ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ വനവത്കരണ സംരംഭമായി ഇതു മാറും. ഹരിത സൗദി പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 70,000 കോടിയിലേറെ റിയാൽ നിക്ഷേപങ്ങളോടെയുള്ള പദ്ധതികളാണ് നേരത്തേ കിരീടാവകാശി പ്രഖ്യാപിച്ചത്. വിഷൻ 2030 പദ്ധതിയനുസരിച്ച് ഹരിത സമ്പദ്വ്യവസ്ഥയുടെ വികസനത്തിനും തൊഴിലവസരങ്ങൾക്കും ഈ പദ്ധതി സഹായകമാകും.
അന്താരാഷ്ട്രതലത്തിൽ ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയ വിദഗ്ധ കമ്പനികളുമായി കൈകോർത്താണ് സൗദി പദ്ധതിയുടെ പ്രഥമഘട്ടം ഈ വർഷം നടപ്പിലാക്കാനൊരുങ്ങുന്നത്.
രാജ്യത്തെ സംരക്ഷിതപ്രദേശങ്ങളുടെ തോത് 30 ശതമാനം വർധിക്കാനും പരിസ്ഥിതിസുസ്ഥിരത ഉറപ്പാക്കുന്ന രീതിയിൽ പ്രകൃതിസമ്പത്ത് സംരക്ഷിക്കാനും സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് പദ്ധതികൾവഴി സാധ്യമാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.